വിമാനങ്ങൾ സമാധാനത്തിന്റെ വാഹകരാകണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ കാലം മുതൽ, പരിശുദ്ധ പിതാക്കന്മാരുടെ യാത്രകൾക്ക്, അന്ന് നിലവിലുണ്ടായിരുന്ന അലിത്താലിയ (Alitalia), തുടർന്ന് ഇത്താ (Ita) എന്നീ ഇറ്റാലിയൻ വിമാനക്കമ്പനികളുടെ സേവനമാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇക്കാര്യം എടുത്തുപറഞ്ഞുകൊണ്ടും, വരാനിരിക്കുന്ന തന്റെ ആഫ്രിക്കൻ യാത്രയ്ക്ക് ദൈവം അനുവദിച്ചാൽ വീണ്ടും ഈ വിമാനക്കമ്പനിയുടെ സേവനം പ്രയോജനപ്പെടുത്താമെന്ന ശുഭാപ്തിവിശ്വാസം അടിവരയിട്ടുകൊണ്ടുമാണ്, മാർച്ചു മാസം ഇരുപത്തിമൂന്നാം തീയതി, ഇറ്റാലിയൻ വിമാന കമ്പനിയായ ഇറ്റാ എയർവേയ്സിന്റെ പ്രതിനിധികളെയും, ലുഫ്താൻസ ഗ്രൂപ്പിൽ നിന്നുള്ള പ്രതിനിധി സംഘത്തെയും ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യകൂടിക്കാഴ്ചയിൽ സ്വീകരിച്ചു സംസാരിച്ചത്.
യോഗ്യതയുള്ളവരും പരിചയസമ്പന്നരുമായ പ്രൊഫഷണലുകൾക്ക് പുറമേ, ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിവുള്ള ആളുകളുടെ സാന്നിധ്യമാണ് ഈ വിമാനത്തിലുള്ള യാത്രയിൽ തന്നെയും, തന്റെ മുൻഗാമികളെയും ഏറെ സംതൃപ്തിപ്പെടുത്തിയതെന്നും, ഇത് ഒരു കുടുംബാന്തരീക്ഷം യാത്രയിലുടനീളം നിലനിർത്തുവാൻ സഹായകരമായെന്നും പറഞ്ഞ പാപ്പാ, അവർക്ക് നന്ദിയർപ്പിക്കുകയും ചെയ്തു. നാം ജീവിക്കുന്ന കാലഘട്ടം കൂടുതൽ അനിവാര്യമാക്കുന്ന ഈ ശ്രദ്ധയും, കരുതലും ഇനിയും തുടരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
സമകാലിക കാലഘട്ടത്തിൽ പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ, അപ്പസ്തോലിക യാത്രകളിൽ, പാപ്പാ എല്ലാവർക്കും സമാധാനത്തിന്റെ സന്ദേശവാഹകനായിട്ടാണ് കടന്നുചെല്ലുന്നത്. ഇത്തരുണത്തിൽ അദ്ദേഹം സഞ്ചരിക്കുന്ന വിമാനങ്ങളും, സംഭാഷണം, കണ്ടുമുട്ടലുകൾ, സാഹോദര്യം എന്നീ മൂല്യങ്ങളുടെ പാലങ്ങൾ ഒരുക്കുന്ന യാത്രയിൽ സമാധാനത്തിന്റെ വാഹകരാകണമെന്നു അടിവരയിട്ടു പറഞ്ഞു.
യുദ്ധങ്ങൾക്ക് വേണ്ടി വിമാനങ്ങൾ ഉപയോഗപ്പെടുത്തരുതെന്നു പറഞ്ഞ പാപ്പാ, ഇരുപതാം നൂറ്റാണ്ടിലെ ദാരുണമായ അനുഭവങ്ങൾക്കുശേഷം, വ്യോമാക്രമണം എന്നെന്നേക്കുമായി നിരോധിക്കേണ്ടതായിരുന്നുവെങ്കിലും, ഇന്നും അത് തുടരുന്നത് പരിതാപകരമാണെന്നതും ഓർമ്മപ്പെടുത്തി. ഇരു വിമാനകമ്പനികൾക്കും, അംഗങ്ങൾക്കും, കുടുംബങ്ങൾക്കും പാപ്പാ ആശംസകളും നേർന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
