ഉയിർത്തെഴുന്നേറ്റ കർത്താവിന്റെ വിജയം, അധികാരത്തിന്റെ അടിസ്ഥാനം സേവനമാണെന്ന് വെളിപ്പെടുത്തുന്നു: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഇല്ലിനോയിസ് സംസ്ഥാനത്തുള്ള മുനിസിപ്പാലിറ്റികളുടെ സേവനങ്ങൾക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഇല്ലിനോയിസ് മുനിസിപ്പൽ പ്രതിനിധികൾക്ക്, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച അനുവദിക്കുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു. ഏതു പ്രയാസകരമായ സാഹചര്യങ്ങളെയും, സ്നേഹത്തിന്റെ ശക്തിയാൽ രൂപാന്തരപ്പെടുത്തുവാൻ സാധിക്കുമെന്ന് നമുക്ക് കാണിച്ചുതരുന്നതാണ്, യേശുവിന്റെ പെസഹാ രഹസ്യങ്ങളെന്നു പാപ്പാ എടുത്തു പറഞ്ഞു. കഷ്ടപ്പാടുകൾ എല്ലായ്പ്പോഴും ഒഴിവാക്കാൻ സാധിക്കാറില്ല എന്നത് യാഥാർഥ്യമായിരിക്കെ, മനുഷ്യന്റെ അന്തസ്സ് വീണ്ടെടുക്കുന്നതു മാത്രമല്ല, അവനു നവമായ ജീവിതത്തിലേക്കുള്ള ഒരു വഴി തുറന്നുകൊടുക്കുവാൻ സാധിക്കുന്നതിലൂടെ രക്ഷയുടെ അർത്ഥം കണ്ടെത്തുവാൻ സാധിക്കുമെന്നും പാപ്പാ പറഞ്ഞു.
ഉയിർത്തെഴുന്നേറ്റ കർത്താവിന്റെ വിജയം, അധികാരത്തിന്റെ അടിസ്ഥാനം സേവനമാണെന്ന് വെളിപ്പെടുത്തുന്നുവെന്നും, പിതാവിന്റെ ഇഷ്ടത്തോടുളള അവന്റെ സേവനവും അനുസരണവും സകല മനുഷ്യവർഗത്തിനും, പ്രത്യാശയുടെ സമാധാനം പ്രദാനം ചെയ്തുവെന്നും പാപ്പാ പറഞ്ഞു. അതിനാൽ കർത്താവ് നേടിത്തന്ന വിജയം, നമുക്ക് ഒരു മാർഗ്ഗദീപവും എന്നാൽ അതേസമയം ഒരു വെല്ലുവിളിയുമാണെന്നും പാപ്പാ അനുസ്മരിച്ചു.
അവിഭാജ്യമായ മാനവ വികസനം കൈവരിക്കാൻ ജനതയെ സഹായിക്കുന്നതിന്, ഭരണ പ്രതിനിധികൾ എന്ന നിലയിൽ, ഏറ്റവും ദുർബലരായ ആളുകളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. ഇത് പ്രാവർത്തികമാക്കുവാൻ, ആളുകളുടെ അഭിലാഷങ്ങളും അവരുടെ ബുദ്ധിമുട്ടുകളും അറിയാൻ ആദ്യം സ്വയം പ്രതിജ്ഞാബദ്ധരാകണമെന്നും, ഓരോ വ്യക്തിയുടെയും അന്തസ്സ് അംഗീകരിക്കുകയും സംരക്ഷിക്കുകയും വേണമെന്നും പാപ്പാ ആവശ്യപ്പെട്ടു.
പാപ്പാ തന്റെ പ്രാർത്ഥനകൾ അവർക്ക് ഉറപ്പ് നൽകുകയും, അർപ്പണബോധമുള്ള അവരുടെ സേവനത്തിന് നന്ദി അറിയിക്കുകയും ചെയ്തു. ക്രിസ്തു നൽകിയ സമാധാനം, സഹ പൗരന്മാരിലേക്ക് എത്തിക്കുവാൻ ഏവർക്കും സാധിക്കാകട്ടെയെന്ന ആശംസയും, ഉപസംഹാരമായി പാപ്പാ നൽകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
