അജപാലകരുടെ ഉത്തരവാദിത്വം സേവനമാണ്: പാപ്പാ

ലിയോ പതിനാലാമൻ പാപ്പാ, മാർച്ച് ഇരുപത്തിയഞ്ചാം തീയതി ബുധനാഴ്ച, വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ.
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വസന്തകാലത്തിന്റെ മനോഹാരിത, വത്തിക്കാന്റെ ചത്വരത്തെയും പതിനായിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്താൽ സുന്ദരമാക്കിയ ഒരു ദിനമായിരുന്നു, മംഗളവാർത്ത തിരുനാൾ ദിനമായ മാർച്ചുമാസം, ഇരുപത്തിയഞ്ചാം തീയതി ബുധനാഴ്ച്ച. ലിയോ പതിനാലാമൻ പാപ്പായുടെ പൊതുകൂടിക്കാഴ്ച്ചയ്ക്കായി, ചത്വരത്തിലേക്കുള്ള പ്രവേശനകവാടങ്ങളിൽ നന്നേ വെളുപ്പിനെ തന്നെ നീണ്ട നിര കാണാമായിരുന്നു. വിവിധ പ്രായക്കാരും, ഭാഷക്കാരും, അങ്ങനെ നാനാത്വത്തിൽ ഏകത്വം അടിവരയിടപ്പെടുന്ന ഒരു കൂട്ടായ്മയുടെ അനുഭവം.

എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന  തുറന്ന വാഹനത്തിൽ അങ്കണത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു.

വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 10.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

എഫേസോസുകാർക്ക് എഴുതപ്പെട്ട ലേഖനം, രണ്ടാം അധ്യായം, പത്തൊൻപതും, ഇരുപതും വചനങ്ങളാണ് വായിക്കപ്പെട്ടത്.

"ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്‌ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്‌.അപ്പസ്‌തോലന്‍മാരും പ്രവാചക ന്‍മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ്‌ നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല്‌ ക്രിസ്‌തുവാണ്‌."

ഈ വായനയ്ക്കു ശേഷം പാപ്പാ, രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയായ "ലുമെൻ ജെൻസിയുമിനെ" അധികരിച്ച് പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയിൽ താൻ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു.

പ്രിയ സഹോദരന്മാരെ, സഹോദരിമാരെ ശുഭദിനം! സ്വാഗതം

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ രേഖകളെക്കുറിച്ചു, പ്രത്യേകിച്ചും ലുമെൻ ജെൻസിയും പ്രമാണരേഖയെക്കുറിച്ചു വിവരണം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രബോധന പരമ്പര തുടരാം. ദൈവജനത്തെക്കുറിച്ചുള്ള പ്രതിപാദ്യത്തിനു ശേഷം ഇന്ന് അധികാരക്രമങ്ങളെക്കുറിച്ച് നമുക്ക് പരിഗണിക്കാം.

കത്തോലിക്കാ സഭ അതിന്റെ അടിത്തറ അപ്പസ്തോലന്മാരിൽ കണ്ടെത്തുന്നു. കാരണം ക്രിസ്തു തന്റെ മൗതിക ശരീരത്തിന്റെ ജീവനുള്ള തൂണുകളായി അവരെയാണ് പരിഗണിച്ചത്. ഇവിടെ എല്ലാ അംഗങ്ങളുടെയും ഐക്യം, ദൗത്യം, വിശുദ്ധീകരണം എന്നിവയുടെ സേവനത്തിൽ പ്രവർത്തിക്കുന്ന ഒരു അധികാര ശ്രേണിയുടെ മാനമുണ്ട്. ഈ പരിശുദ്ധമായ  ക്രമം, അപ്പസ്തോലന്മാരിൽ അടിസ്ഥാനമിട്ടിരിക്കുന്നു. (എഫേ 2:20; വെളിപ്പാട് 21:14), യേശുവിന്റെ പുനരുത്ഥാനത്തിന്റെ ആധികാരിക സാക്ഷികളെന്ന നിലയിൽ, ലോകത്തിലേക്കുള്ള ദൗത്യത്തിനായി കർത്താവ് തന്നെ അവരെ അയച്ചു. ഗുരുവിന്റെ രക്ഷയെക്കുറിച്ചുള്ള പഠിപ്പിക്കലിനെ വിശ്വസ്തതയോടെ കാത്തുസൂക്ഷിക്കാൻ അപ്പസ്തോലന്മാർ വിളിക്കപ്പെട്ടിരിക്കുന്നതിനാൽ, അവർ തങ്ങളുടെ ശുശ്രൂഷ, മറ്റു മനുഷ്യർക്കും കൈമാറുന്നു. ക്രിസ്തുവിന്റെ മടങ്ങിവരവുവരെ, അവർ  സഭയെ വിശുദ്ധീകരിക്കുകയും നയിക്കുകയും പഠിപ്പിക്കുകയും  ചെയ്യുന്നു "അജപാലന ദൗത്യത്തിലെ അവരുടെ പിൻഗാമികൾക്ക് നന്ദി".

സുവിശേഷത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമായ ഈ അപ്പസ്തോലിക പിന്തുടർച്ച ലുമെൻ  ജെൻസിയുമിന്റെ മൂന്നാം അധ്യായത്തിൽ "സഭയുടെയും പ്രത്യേകിച്ച് മെത്രാൻ ശുശ്രൂഷയുടെ ശ്രേണീകൃത ഭരണഘടന" എന്ന തലക്കെട്ടിൽ ആഴത്തിൽ പ്രതിപാദിക്കുന്നു. ഈ അധികാര ശ്രേണിയുടെ ഘടന, ഒരു സാമൂഹിക സ്ഥാപനമെന്ന നിലയിൽ സഭയുടെ ആന്തരിക സംഘടനയ്ക്ക് പ്രവർത്തനക്ഷമമായ ഒരു മനുഷ്യ നിർമ്മാണമല്ല, മറിച്ച്,   ക്രിസ്തു അപ്പസ്തോലന്മാർക്ക്  നൽകിയ ദൗത്യം കാലാവസാനം വരെ നിലനിർത്താൻ  ലക്ഷ്യമിട്ടുള്ള ഒരു ദൈവീകമായ സ്ഥാപനമാണെന്നു കൗൺസിൽ പഠിപ്പിക്കുന്നു.

സഭയുടെ സത്ത ആദ്യത്തെ രണ്ട് അധ്യായങ്ങളിൽ  വിഭാവനം ചെയ്തതിനുശേഷം മൂന്നാം അധ്യായത്തിൽ മാത്രമാണ് ഈ വിഷയം അഭിസംബോധന ചെയ്യപ്പെട്ടത്  എന്ന വസ്തുത, അധികാരശ്രേണിയുടെ ഭരണഘടന ദൈവജനത്തെ സംബന്ധിച്ച വിഷയത്തിന് ശേഷമുള്ള  ഒരു ഘടകമാണെന്ന് സൂചിപ്പിക്കുന്നില്ല: മറിച്ച് ആദ് ജന്തസ് സൂചിപ്പിക്കുന്നതുപോലെ,  "അപ്പസ്തോലന്മാർ ഒരേസമയം പുതിയ ഇസ്രായേലിന്റെ വിത്തും വിശുദ്ധ അനുക്രമത്തിന്റെ  ഉത്ഭവവും ആയിരുന്നു" (5).  ക്രിസ്തുവിന്റെ പെസഹയാൽ വീണ്ടെടുക്കപ്പെട്ടവരുടെ ഒരു സമൂഹമെന്ന നിലയിൽ, ലോകത്തിന്റെ രക്ഷയുടെ ഉപാധിയായി അത് സ്ഥാപിതമായി.

കൗൺസിലിന്റെ ഉദ്ദേശ്യം മനസ്സിലാക്കുന്നതിന്, സഭയുടെ അടിസ്ഥാന ഘടന വ്യക്തമാക്കുന്ന ലുമെൻ ജെൻസിയുമിന്റെ മൂന്നാം അധ്യായത്തിന്റെ ശീർഷകം ശ്രദ്ധാപൂർവ്വം വായിക്കുന്നത് ഉചിതമാണ്. സഭയുടെ അടിസ്ഥാനപരമായ ഘടന പിതാവായ ദൈവത്തിൽ നിന്ന്, പുത്രനിലൂടെ സ്വീകരിക്കുകയും പരിശുദ്ധാത്മാവിന്റെ ആവാസത്താൽ  പൂർത്തീകരിക്കുകയും ചെയ്യപ്പെട്ടതാണ്. ആധുനിക അർത്ഥത്തിൽ മനസ്സിലാക്കിയാൽ "ഭരണഘടന" എന്ന നാമം സൂചിപ്പിക്കുന്നതുപോലെ സഭയുടെ സ്ഥാപനപരമായ ഘടകങ്ങൾ അവതരിപ്പിക്കാൻ കൗൺസിൽ പിതാക്കന്മാർ ആഗ്രഹിച്ചില്ല.

പകരം രേഖ, ശുശ്രൂഷ പൗരോഹിത്യം, അല്ലെങ്കിൽ ഭരണ ക്രമം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വിശ്വാസികളുടെ പൊതുവായ പൗരോഹിത്യവും, ശുശ്രൂഷാപരമായ അഥവാ അധികാര ക്രമപരമായ പൗരോഹിത്യവും അളവിൽ മാത്രമല്ല, സത്താപരമായി വ്യത്യസ്തമെങ്കിലും അവയ്ക്ക് പരസ്പരം ബന്ധമുണ്ട്. അവ രണ്ടും ഒരു വിധത്തിൽ ക്രിസ്തുവിന്റെ ഏക പൗരോഹിത്യത്തിലുള്ള പങ്കുചേരലാണ്.(ലുമെൻ ജെൻസിയും 10).

അതിനാൽ സഭയിലെ സേവനത്തിനായി, വിശുദ്ധമായ അധികാരം മനുഷ്യർക്ക് നല്കപ്പെട്ടിരിക്കുന്നതിനെക്കുറിച്ച് കൗൺസിൽ പരാമർശിക്കുന്നു. ഇത് പ്രത്യേകിച്ചും മെത്രാൻസ്ഥാനം, തുടർന്ന് വൈദികർ, ഡീക്കന്മാർ  എന്നീ  തിരുപ്പട്ട കൂദാശയുടെ വിവിധ ക്രമങ്ങളായി നിലകൊള്ളുന്നു. അതിനാൽ, "ശ്രേണി" എന്ന വിശേഷണം ഉപയോഗിച്ച്, നല്ല ഇടയനായ യേശുവിന്റെ പ്രവർത്തനത്തിൽ അപ്പസ്തോലിക ശുശ്രൂഷയുടെ വിശുദ്ധ ഉത്ഭവവും അതിന്റെ ആന്തരിക ബന്ധങ്ങളും സൂചിപ്പിക്കാൻ കൗൺസിൽ ആഗ്രഹിക്കുന്നു. മെത്രാന്മാർക്കും അവരിലൂടെ പുരോഹിതന്മാർക്കും ഡീക്കൻമാർക്കും ചുമതലകൾ നൽകിയിട്ടുണ്ട്, അത് അവരെ "സകല ദൈവജനത്തിന്റെയും   സേവനത്തിലേക്ക്" നയിക്കുന്നു, അങ്ങനെ "അവർ  ഒരേ  ലക്ഷ്യത്തിനായി സ്വതന്ത്രമായും ചിട്ടയോടെയും പരിശ്രമിക്കുകയും നിത്യരക്ഷയിൽ എത്തിച്ചേരുന്നതിനും വേണ്ടിയാണ്" (ലുമെൻ ജെൻസിയും 18).

ലുമെൻ ജെൻസിയും പ്രമാണരേഖ ഈ അപ്പസ്തോലിക ദൗത്യത്തിന്റെ സംയുക്തവും, സംസർഗവുമായ  സ്വഭാവം പല അവസരങ്ങളിലും ഫലപ്രദമായി ഓർമ്മിക്കുന്നു. സ്വജനത്തിന്റെ അജപാലകരെ ക്രിസ്തു നാഥൻ ഭരമേല്പിച്ച ഉത്തരവാദിത്വം വിശുദ്ധ ലിഖിതങ്ങളിൽ കാണുന്ന ദിയാക്കോണിയ അഥവാ ശുശ്രൂഷയാണ്. ഇത് യഥാർത്ഥ സേവനത്തിന്റെ ദൗത്യമാണ്. (ലുമെൻ ജെൻസിയും 24). അതിനാൽ വിശുദ്ധ പോൾ ആറാമൻ പാപ്പാ, അധികാരശ്രേണിയെ, "ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് ജനിച്ചതും, ക്രിസ്തു തന്റെ സഭയ്ക്ക് വിട്ടുകൊടുത്ത വിശ്വാസ നിധി, മാതൃകകൾ, പ്രമാണങ്ങൾ, ആത്മീയദാനങ്ങൾ  എന്നിവ കേടുകൂടാതെയും, ഫലപ്രദവുമായി കൈമാറ്റം ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉറപ്പുനൽകുന്നതിനുമായി" ഉള്ള ഒരു  യാഥാർത്ഥ്യമായി അവതരിപ്പിച്ചത് എന്തുകൊണ്ടാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.

പ്രിയ സഹോദരീ സഹോദരന്മാരേ, ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള മാമ്മോദീസ സ്വീകരിച്ചവരും, ധീരരുമായ എല്ലാ മിഷനറിമാരുടെയും നന്മയ്ക്കായി സ്വയം സമർപ്പിക്കുന്നവരും, സുവിശേഷ ധർമ്മങ്ങളിൽ തീക്ഷ്‌ണതയുള്ളവരുമായ ശുശ്രൂഷകരെ സഭയിലേക്ക് അയക്കുവാൻ നമുക്ക് കർത്താവിനോട് പ്രാർത്ഥിക്കാം.   

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 മാർച്ച് 2026, 14:13