മോണാക്കോ അപ്പസ്തോലിക യാത്രയ്‌ക്കൊരുങ്ങി ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വഴിയും സത്യവും ജീവനുമായ ക്രിസ്തുവിന്റെ സന്ദേശവുമായി ലിയോ പതിനാലാമൻ പാപ്പാ ലോകത്തെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ രണ്ടാമത്തേതായ മോണാക്കോയിലേക്ക്. മാർച്ച് 28 ശനിയാഴ്ചയാണ് ഒരു ദിവസം മാത്രം നീണ്ടുനിൽക്കുന്ന ഈ അപ്പസ്തോലിക യാത്ര നടത്തുക. കഴിഞ്ഞ ജനുവരി 17-ന് മോണാക്കോയിലെ ആൽബർട്ട് രണ്ടാമൻ രാജകുമാരൻ നൽകിയ ഔദ്യോഗിക ക്ഷണം കൂടി പരിഗണിച്ചാണ് പരിശുദ്ധ പിതാവ് ഈ യാത്രയ്ക്ക് തയ്യാറായത്.
വത്തിക്കാനിലെ ഹെലിപാഡിൽനിന്ന് രാവിലെ ഏഴേകാലോടെ യാത്ര ആരംഭിക്കുന്ന പാപ്പാ ഏതാണ്ട് അഞ്ഞൂറ് കിലോമീറ്ററുകൾ ഒന്നേമുക്കാൽ മണിക്കൂറുകൾ കൊണ്ട് സഞ്ചരിച്ച് മോണാക്കോയിലെത്തും. ആൽബർട്ട് രാജകുമാരൻ, രാജ്യത്തെ കത്തോലിക്കാസമൂഹം, യുവാക്കളും ക്രൈസ്തവവിശ്വാസം സ്വീകരിക്കാനൊരുങ്ങുന്നവരും എന്നിങ്ങനെ വിവിധ വ്യക്തികളും സമൂഹങ്ങളുമായുള്ള കൂടിക്കാഴ്ചകൾ ഈ അപ്പസ്തോലികയാത്രയുടെ ഭാഗമായുണ്ടാകും. ഉച്ചകഴിഞ്ഞ് വിശുദ്ധ ബലിയർപ്പണത്തിന് ശേഷമാകും പരിശുദ്ധ പിതാവ് വത്തിക്കാനിലേക്ക് ഹെലികോപ്റ്ററിൽ മടങ്ങുക.
ഈ വർഷത്തെ അപ്പസ്തോലിക യാത്രകളിൽ ഏറ്റവും ആദ്യത്തേതാണ്, മൊണാക്കോ രാജ്യത്തേക്കുള്ളതെന്ന പ്രത്യേകത ഒരു ദിവസം മാത്രം നീണ്ടുനിൽക്കുന്ന ഈ യാത്രയ്ക്കുണ്ട്. ഫ്രാൻസിസ് പാപ്പായ്ക്കും, തുടർന്ന് ലിയോ പതിനാലാമൻ പാപ്പായ്ക്കും രാജ്യത്തെ രാഷ്ട്രീയനേതൃത്വം നൽകിയ ക്ഷണത്തിന് മറുപടിയായാണ് വലിയ ആഴ്ചയ്ക്ക് മുൻപായി, മാർച്ച് 28-ന് നടക്കുന്ന ഈ യാത്ര നടക്കുക.
സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ ആയിരിക്കുമ്പോഴും, ഏകാന്തതയും ജീവിതത്തിന്റെ അർത്ഥവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഉൾപ്പെടെയുള്ള, തങ്ങളുടെ ആദ്ധ്യാത്മികമായ ദൗർബല്യങ്ങളിൽ ശക്തി പകരാനും, ബോധവാന്മാരാകാനും പരിശുദ്ധ പിതാവിന്റെ സന്ദർശനം തങ്ങളെ സഹായിക്കുമെന്ന് ഈ യാത്രയുമായി ബന്ധപ്പെട്ട് വത്തിക്കാൻ ന്യൂസിനോട് സംസാരിക്കവെ രാജ്യത്തെ ആർച്ച്ബിഷപ് ഡൊമിനിക് മരീ ദാവീദ് പറഞ്ഞിരുന്നു.
വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനാലാം അദ്ധ്യായത്തിലെ ആറാം തിരുവചനത്തിൽ, യേശു, പിതാവിന്റെ പക്കലേക്കുള്ള മാർഗ്ഗമായി തന്നെത്തന്നെ അവതരിപ്പിക്കുകയും തന്റെ യഥാർത്ഥ സത്വം വെളിപ്പെടുത്തുകയും ചെയ്യുന്ന ഭാഗത്തെ ആധാരമാക്കി, "വഴിയും സത്യവും ജീവനും ഞാനാണ്" (ഷെ സ്വി ല് ഷെമേൻ, ല വേരിത്തേ, ഏ ല വീ) എന്ന തിരുവചനഭാഗമാണ് ഈ അപ്പസ്തോലികയാത്രയിൽ ആപ്തപവാക്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
കത്തോലിക്കാമതം രാജ്യത്തിന്റെ ഔദ്യോഗികമതമായുള്ള യൂറോപ്യൻ രാജ്യമാണ് മൊണാക്കോ. സമാധാനത്തിനായുള്ള ശ്രമങ്ങളിൽ മുന്നിട്ടുനിൽക്കുന്ന മൊണാക്കോയിലേക്ക് അടുത്തിടെ ആദ്യമായാണ് ഒരു പാപ്പാ യാത്ര ചെയ്യുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
