കർത്താവിന്റെ രൂപാന്തരീകരണം നമുക്ക് ഉത്ഥാനത്തിന്റെ പ്രത്യാശ നൽകുന്നു: പാപ്പാ

മാർച്ചു മാസം ഒന്നാം തീയതി ലിയോ പതിനാലാമൻ പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥന വേളയിൽ നൽകിയ സന്ദേശത്തിന്റെ മലയാള പരിഭാഷ. ലത്തീൻ ആരാധന ക്രമമനുസരിച്ച് ഞായറാഴ്ച്ച വായിക്കപ്പെട്ട സുവിശേഷഭാഗത്തെ ആധാരമാക്കിയുള്ളതായിരുന്നു പാപ്പായുടെ സന്ദേശം.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രിയ സഹോദരന്മാരെ, സഹോദരിമാരെ, ശുഭ ഞായറാഴ്ച്ച!

ഇന്നത്തെ ആരാധന ക്രമ സുവിശേഷ വായന, കർത്താവിന്റെ രൂപാന്തരീകരണത്തെ വിവരിച്ചുകൊണ്ട്, നമുക്കെല്ലാവർക്കും പ്രകാശപൂരിതമായ ഒരു ഐക്കൺ മാതൃക നൽകുന്നു. അതിനെ പ്രതിനിധീകരിക്കുന്നതിന്, സുവിശേഷകൻ, അപ്പസ്തോലന്മാരുടെ സ്മരണയിൽ, അടിസ്ഥാനമാക്കി, മോശയുടെയും ഏലിയായുടെയും നടുവിൽ ക്രിസ്തുവിനെ ചിത്രീകരിക്കുന്നു. മാംസമായി തീർന്ന വചനം, അങ്ങനെ നിയമത്തിനും, പ്രവചനത്തിനും മധ്യത്തിൽ നിലനിൽക്കുന്നു, കാരണം, അവൻ ദൈവീകവചനങ്ങളെ പൂർത്തിയാക്കുന്ന  ജീവനുള്ള ജ്ഞാനമാണ്. ദൈവം മനുഷ്യർക്കുവേണ്ടി കല്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിരിക്കുന്നതെല്ലാം യേശുവിൽ പൂർണ്ണവും നിർണ്ണായകവുമായ ആവിഷ്കാരം കണ്ടെത്തുന്നു.

യോർദ്ദാനിലെ മാമ്മോദീസ വേളയിലെപ്പോലെ, ഇന്നും പർവ്വതത്തിൽ  നാം പിതാവിന്റെ ശബ്ദം കേൾക്കുന്നു: "ഇത് എന്റെ പ്രിയപുത്രനാണ്", അതേസമയം പരിശുദ്ധാത്മാവ് യേശുവിനെ ഒരു "പ്രകാശമാനമായ മേഘത്താൽ" പൊതിഞ്ഞിരിക്കുന്നു (മത്തായി 17:5).  യഥാർത്ഥമായ ഈ  അതുല്യ പദപ്രയോഗത്തിലൂടെ, സുവിശേഷം ദൈവത്തിന്റെ വെളിപാടിന്റെ ശൈലിയെ വിവരിക്കുന്നു. തന്നെത്തന്നെ വെളിപ്പെടുത്തുമ്പോൾ, നമ്മുടെ ദൃഷ്ടികൾക്ക്, അവൻ പൂർണ്ണമായി കാട്ടിത്തരുന്നു. യേശുവിന്റെ മുഖം "സൂര്യനെപ്പോലെ" പ്രകാശിക്കുകയും അവന്റെ വസ്ത്രം "പ്രകാശം പോലെ വെളുത്തതും" (cf. v. 2) ആയിത്തീരുന്ന വേളയിൽ,  യേശുവിന്റെ മുമ്പിൽ, ശിഷ്യന്മാർ ദൈവത്തിന്റെ മാനുഷിക തേജസ്സിനെ പ്രശംസിക്കുന്നു. പത്രോസും യാക്കോബും യോഹന്നാനും ഒരു എളിമയാർന്ന  മഹത്വത്തെക്കുറിച്ച് ധ്യാനിക്കുന്നു, അത് ജനക്കൂട്ടത്തിന് ഒരു പ്രദർശനമായി  അവതരിപ്പിക്കപ്പെടുന്നില്ല, മറിച്ച്, അത് ആഘോഷപൂർവ്വകമായ ഒരു വിശ്വസ്തതയായി വെളിവാക്കപ്പെടുന്നു.

ഈ രൂപാന്തരീകരണം, ഉത്ഥാനത്തിന്റെ വെളിച്ചം മുൻകൂട്ടി വെളിപ്പെടുത്തുന്നു. മരണത്തിന്റെയും, ഉയിർപ്പിന്റെയും, അന്ധകാരത്തിന്റെയും, സംഭവങ്ങളിൽ, ഒരു പുതിയ വെളിച്ചം, അക്രമങ്ങളുടെ ചാട്ടവാറടിയേൽക്കുകയും,  വേദനയാൽ കുരിശിൽ തറക്കപ്പെടുകയും, ക്ലേശങ്ങളാൽ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന ശരീരങ്ങളിൽ യേശു പ്രസരിപ്പിക്കുന്നു. വാസ്തവത്തിൽ, തിന്മ നമ്മുടെ ജഡത്തെ ഒരു വിലപേശൽ ചരക്കെന്ന നിലയിലേക്കോ,  അജ്ഞാത പിണ്ഡത്തിലേക്കോ ചുരുക്കുമ്പോൾ, ഈ ജഡം തന്നെ ദൈവത്തിന്റെ മഹത്വത്താൽ തിളങ്ങുന്നു.

 അങ്ങനെ രക്ഷകൻ, ചരിത്രത്തിന്റെ മുറിവുകളെ രൂപാന്തരപ്പെടുത്തുന്നു, നമ്മുടെ മനസ്സിനെയും ഹൃദയങ്ങളെയും പ്രകാശിപ്പിക്കുന്നു: അവന്റെ വെളിപാട് തന്നെ  രക്ഷയുടെ വിസ്മയമാണ്! നാം അതിൽ ആകൃഷ്ടരാണോ? ദൈവത്തിന്റെ യഥാർഥ മുഖം നമ്മിൽ അത്ഭുതത്തിന്റെയും സ്നേഹത്തിന്റെയും ഒരു നോട്ടം കണ്ടെത്തുന്നുണ്ടോ?

നിരീശ്വര വാദത്തിന്റെ നിരാശയ്ക്ക് രക്ഷകനായ പുത്രനെ നൽകിക്കൊണ്ട്, പിതാവ് പ്രതികരിക്കുന്നു. അജ്ഞേയവാദ ഏകാന്തതയിൽ നിന്ന്, പരിശുദ്ധാത്മാവ് ജീവന്റെയും കൃപയുടെയും നിത്യമായ കൂട്ടായ്മ അർപ്പിച്ചുകൊണ്ട് നമ്മെ വീണ്ടെടുക്കുന്നു. നമ്മുടെ ദുർബലമായ വിശ്വാസത്തിനു മുന്നിൽ,  പുനരുത്ഥാനത്തിന്റെ ഭാവി പ്രഖ്യാപനവുമുണ്ട്. ശിഷ്യന്മാർ ഇതാണ് ക്രിസ്തുവിന്റെ മഹത്വത്തിൽ  ദർശിച്ചത്, എന്നാൽ ഇത് മനസിലാക്കുവാൻ സമയം  ആവശ്യമാണ്. (മത്തായി 17:9). വചനം കേൾക്കാനുള്ള നിശബ്ദതയുടെ സമയവും, കർത്താവിന്റെ സൗഹൃദം  ആസ്വദിക്കാനുള്ള മാനസാന്തരത്തിന്റെ സമയവുമാണത്.

നോമ്പുകാലത്ത് ഇതെല്ലാം അനുഭവിച്ചറിയുമ്പോൾ, പ്രാർത്ഥനയുടെ ഗുരുവും, പ്രഭാത നക്ഷത്രവുമായ മറിയത്തോട് വിശ്വാസത്തിൽ നമ്മുടെ ചുവടുകൾ നിലനിർത്താൻ നമുക്ക് പ്രാർത്ഥിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 മാർച്ച് 2026, 13:44