നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്‌ത് ലിയോ പതിനാലാമൻ പാപ്പാ
മാനവികത യുദ്ധങ്ങളും സംഘർഷങ്ങളും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ഒരു ലോകത്ത് നിരായുധീകരണത്തിനും സമാധാനത്തിനും ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ. പാപ്പായുടെ പ്രാർത്ഥനാനിയോഗങ്ങൾ പുറത്തുവിടുന്ന ആഗോളശൃംഖലയാണ് ലിയോ പതിനാലാമൻ പാപ്പാ സമാധാനത്തിനായി അപേക്ഷിച്ചുകൊണ്ട് നടത്തുന്ന ഒരു പ്രാർത്ഥനയുടെ ദൃശ്യങ്ങളോടെ "പരിശുദ്ധപിതാവിന്റെ മാർച്ച് മാസത്തിലെ പ്രാർത്ഥനാനിയോഗം" എന്ന പേരിലുള്ള സന്ദേശം പ്രസിദ്ധീകരിച്ചത്.
പരിശുദ്ധ പിതാവിന്റെ പ്രാർത്ഥനയുടെ പരിഭാഷ ഇപ്രകാരമാണ്:
"പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ.
തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‌ടിച്ച, ജീവന്റെ നാഥാ, കൂട്ടായ്‌മയ്‌ക്കായാണ്, യുദ്ധത്തിനായല്ല, സഹോദര്യത്തിനായാണ് നാശത്തിനയല്ല അങ്ങ് ഞങ്ങളെ സൃഷ്ടിച്ചതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
"നിങ്ങൾക്ക് സമാധാനം" എന്ന വാക്കുകളാൽ ശിഷ്യന്മാരെ അഭിവാദ്യം ചെയ്ത നീ, നിന്റെ സമാധാനവും, അത് ചരിത്രത്തിൽ യാഥാർത്ഥ്യമാക്കാനുള്ള ശക്തിയും ഞങ്ങൾക്ക് നൽകണമേ. രാഷ്ട്രങ്ങൾ ആയുധങ്ങൾ ഉപേക്ഷിക്കണമേയെന്നും സംവാദത്തിന്റെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കണമേയെന്നും അപേക്ഷിച്ചുകൊണ്ട്, ലോകത്ത് സമാധാനത്തിനായുള്ള പ്രാർത്ഥനകൾ ഞങ്ങൾ ഉയർത്തുന്നു.
അനുരഞ്ജനത്തിന്റെ ഉപകരണങ്ങളായി ഞങ്ങൾ മാറുവാൻ വേണ്ടി ഞങ്ങളുടെ ഹൃദയങ്ങളെ വെറുപ്പിലും, നീരസത്തിലും നിസംഗതയിലും നിന്ന് നിരായുധീകരിക്കുക.. ഭയത്താൽ പോഷിപ്പിക്കപ്പെടുന്ന നിയന്ത്രണത്താലല്ല, ജനങ്ങൾക്കിടയിലെ പരസ്പരവിശ്വാസത്തിലും നീതിയിലും, ഐക്യദാർഢ്യത്തിലും നിന്നാണ് യഥാർത്ഥ സുരക്ഷ ഉണ്ടാകുന്നതെന്ന് മനസ്സിലാക്കാൻ ഞങ്ങളെ സഹായിക്കുക.
മരണത്തിന്റെ പദ്ധതികളെ ഉപേക്ഷിക്കുന്നതിനും, ആയുധങ്ങൾക്കുവേണ്ടിയുള്ള മത്സരം നിറുത്താനും ഏറ്റവും ദുർബലരായവരുടെ ജീവന് പ്രഥമസ്ഥാനം നൽകാനും വേണ്ടി കർത്താവേ രാഷ്ട്രങ്ങളുടെ നേതാക്കളെ പ്രബുദ്ധരാക്കണമേ. ആണവഭീഷണി ഇനിയൊരിക്കലും മാനവികതയുടെ ഭാവിയെ നിർണ്ണയിക്കാതിരിക്കട്ടെ.
പരിശുദ്ധാത്മാവേ, ഞങ്ങളുടെ ഹൃദയങ്ങളിലും, കുടുംബങ്ങളിലും, സമൂഹങ്ങളിലും, നഗരങ്ങളിലും, അനുദിന സമാധാനത്തിന്റെ വിശ്വസ്തരും ക്രിയാത്മകരുമായ നിർമ്മാതാക്കളായി ഞങ്ങളെ മാറ്റുക. സൗമ്യതയോടെയുള്ള ഓരോ വാക്കും, അനുരഞ്ജനത്തിന്റെ ഓരോ പ്രവർത്തികളും, സംവദിക്കാനായുള്ള ഓരോ തിരഞ്ഞെടുപ്പുകളും പുതിയ ഒരു ലോകത്തിന്റെ വിത്തുകളാകട്ടെ.
ആമേൻ..
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
