ലിയോ പതിനാലാമൻ പാപ്പായുടെ ഇറ്റലിയിലേക്കുള്ള വരുംകാല യാത്രകൾ വ്യക്തമാക്കി പൊന്തഫിക്കൽ ഭവനത്തിന്റെ പ്രീഫെക്ച്ചർ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ, തന്റെ അജപാലന ശുശ്രൂഷയുടെ ഭാഗമായി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ വരും നാളുകളിൽ ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ നടത്താനിരിക്കുന്ന യാത്രകളുടെ വിവരങ്ങൾ ലഭ്യമാക്കി പൊന്തഫിക്കൽ ഭവനത്തിന്റെ പ്രീഫെക്ച്ചർ. ഫെബ്രുവരി പത്തൊൻപത് വ്യാഴാഴ്ചയാണ്, പാപ്പായുടെ ഇറ്റലിയിലെ യാത്രകൾ സംഘടിപ്പിക്കുകയും ഒരുക്കുകയും ചെയ്യുന്ന ഈ ഓഫീസ് മെയ് മാസം ആദ്യം മുതൽ ഓഗസ്റ്റ് 22 വരെയുള്ള പ്രധാന യാത്രകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയത്. പോംപേയ്, നേപ്പിൾസ്, അച്ചേറ, പവിയ, ലാമ്പെദൂസ, അസീസി, റിമിനി എന്നീ സ്ഥലങ്ങളിലേക്കാണ് പാപ്പാ വരും നാളുകളിൽ യാത്ര ചെയ്യുക.
തന്റെ തിരഞ്ഞെടുപ്പിന്റെ വാർഷികം പരിശുദ്ധ പിതാവ് മെയ് എട്ടാം തീയതി വെള്ളിയാഴ്ച മരിയൻ തീർത്ഥാടനകേന്ദ്രമായ പോംപെയിലും തുടർന്ന് നാപ്പോളിയിലെ കത്തീഡ്രൽ ദേവാലയത്തിലുമായി ആഘോഷിക്കും. ഇതിന്റെ ഭാഗമായി മെയ് എട്ടിന് രാവിലെ പോംപെയിലെത്തുന്ന പരിശുദ്ധ പിതാവ് അവിടെ വിശുദ്ധ ബലിയർപ്പിക്കും. താൻ തിരഞ്ഞെടുക്കപ്പെട്ട അവസരത്തിൽ വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മുന്നിൽനിന്ന് ഏവർക്കും ആശീർവാദം നൽകിയ അവസരത്തിൽ പോംപെ മാതാവിനെ അനുസ്മരിച്ച പാപ്പാ, പരിശുദ്ധ അമ്മ നമുക്കൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചിരുന്നു.
മെയ് എട്ടാം തീയതി ഉച്ചകഴിഞ്ഞ് നേപ്പിൾസിലുള്ള അതിരൂപതാ കത്തീഡ്രൽ ദേവാലയത്തിലെത്തുന്ന പാപ്പാ അവിടെയുള്ള പുരോഹിതരും സമർപ്പിതരുമായി കൂടിക്കാഴ്ച നടത്തും, തുടർന്ന് പ്ളേബിഷിത്തോ ചത്വരത്തിൽ പൊതുജനങ്ങൾക്കൊപ്പവും പാപ്പാ കൂടിക്കാഴ്ച നടത്തും.
മെയ് 23 ശനിയാഴ്ച രാവിലെ നേപ്പിൾസടുത്തുള്ള അച്ചേറയിലെത്തുന്ന പാപ്പാ വിശ്വാസികൾക്കൊപ്പം കൂടിക്കാഴ്ച നടത്തും. മാലിന്യങ്ങൾ നിയമവിരുദ്ധമായി സംസ്കരിക്കുന്നതും, പ്ലാസ്റ്റിക്കും വ്യവസായികവസ്തുക്കളും കത്തിക്കുന്നതുമായി ബന്ധപ്പെട്ട്, പരിസ്ഥിതി മലിനീകരണം നടന്നുകൊണ്ടിരിക്കുന്ന പ്രദേശമെന്ന നിലയിൽ പേരുകേട്ട ഇടമാണ് അച്ചേറ. 2020-ൽ ഫ്രാൻസിസ് പാപ്പാ ഇവിടേയ്ക്ക് ഒരു യാത്രയ്ക്ക് പദ്ധതിയിട്ടിരുന്നുവെങ്കിലും, പിന്നീട് കോവിഡ് മൂലം ഈ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
ജൂൺ മാസം ഇരുപത് ശനിയാഴ്ച വടക്കൻ ഇറ്റലിയിലുള്ള പവിയ നഗരത്തിൽ പാപ്പായെത്തും. അഗസ്റ്റീനിയൻ സഭംഗമായ പരിശുദ്ധ പിതാവിനെ സംബന്ധിച്ചിടത്തോളം, വിശുദ്ധ അഗസ്റ്റിന്റെ ഭൗതികശരീരം അടക്കം ചെയ്തിട്ടുള്ള ബസലിക്ക സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലേക്കുള്ള യാത്രയ്ക്ക് പ്രത്യേക മാനമുണ്ട്.
ജൂലൈ നാലാം തീയതി ശനിയാഴ്ച ഇറ്റലിയുടെ തെക്കേ അറ്റത്തുള്ള ലാമ്പെദൂസയിൽ പാപ്പായെത്തും. ഇറ്റലിയിലേക്കും യൂറോപ്പിലേക്കും ആയിരക്കണക്കിന് അഭയാർത്ഥികൾ എത്തിച്ചേരുന്ന തീരമാണ് ലാമ്പെദൂസ. റോമിന് പുറത്തേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ പ്രഥമ യാത്ര ഇവിടെക്കായിരുന്നു.
ഓഗസ്റ്റ് ആറ് വ്യാഴാഴ്ച രാവിലെ അസ്സീസിയിലെ സാന്താ മരിയ ദെല്ലി ആഞ്ചെലി ദേവാലയത്തിൽ യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കായി പാപ്പായെത്തും. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മരണത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ട് നടക്കുന്ന ഈ കൂടിക്കാഴ്ചയുടെ ഭാഗമായി പാപ്പാ വിശുദ്ധ ബലിയർപ്പണവും നടത്തും. 2025 നവംബറിൽ ഇറ്റലിയിലെ മെത്രാൻസമിതിയുടെ പൊതുസമ്മേളനത്തിന്റെ അവസരത്തിലും പാപ്പാ ഇവിടെയെത്തിയിരുന്നു.
ഓഗസ്റ്റ് ഇരുപത്തിരണ്ട് ശനിയാഴ്ച വടക്കൻ ഇറ്റലിയിലുള്ള റിമിനി നഗരത്തിലെത്തുന്ന പാപ്പാ, അവിടെ നടക്കുന്ന നാല്പത്തിയേഴാമത് സൗഹൃദസമ്മേളനത്തിൽ പങ്കെടുക്കുകയും, രൂപതയിൽനിന്നുള്ള വിശ്വാസികൾക്കൊപ്പം വിശുദ്ധ ബലിയർപ്പിക്കുകയും ചെയ്യും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
