അധികാരം സാഹോദര്യ, ആദ്ധ്യാത്മിക ശുശ്രൂഷയ്ക്കുള്ള മാർഗ്ഗം: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വിചിന്തനത്തിനും പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കാനുമുള്ള സവിശേഷമായ സമയമാണ് ജെനറൽ ചാപ്റ്ററിന്റേതെന്ന് ലിയോ പതിനാലാമൻ പാപ്പാ. ലീജനറീസ് ഓഫ് ക്രൈസ്റ്റ് എന്ന പൊന്തിഫിക്കൽ കോൺഗ്രിഗേഷന്റെ ജനറൽ ചാപ്റ്ററിൽ സംബന്ധിക്കാനെത്തിയവർക്ക് ഫെബ്രുവരി 19 വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച അവസരത്തിലാണ് ഇത്തരമൊരു സംഗമത്തിന്റെ പ്രയോഗിക പ്രാധാന്യത്തെക്കുറിച്ച് പാപ്പാ പരാമർശിച്ചത്.
പരിശുദ്ധാത്മാവാണ് സഭാസമൂഹങ്ങളെ നയിക്കുന്നതെന്നും, മുഴുവൻ സഭയ്ക്കും വേണ്ടി ദൈവത്തിൽനിന്ന് ലഭിച്ച തങ്ങളുടെ പ്രത്യേകമായ സിദ്ധികളോട് വിശ്വസ്തത പുലർത്തിക്കൊണ്ട് മുന്നോട്ട് പോകാൻ ശക്തി നൽകുന്നതെന്നും പരിശുദ്ധ പിതാവ് ചാപ്റ്റർ അംഗങ്ങളെ ഓർമ്മിപ്പിച്ചു.
ബുദ്ധിമുട്ടുകളും വേദനകളും അപമാനങ്ങളും നിറഞ്ഞ നിമിഷങ്ങളുൾപ്പെടെ, നിരവധി അനുഭവങ്ങളിലൂടെയും വഴികളിലൂടെയും, ചരിത്രപരമായി തങ്ങളിലേക്ക് എത്തിച്ചേർന്ന പ്രത്യേക നിയോഗങ്ങളുടെയും സിദ്ധികളുടെയും അവകാശികളും പിന്തുടർച്ചക്കാരുമെന്ന നിലയിൽ, ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാൻ മാത്രമല്ല, സുവിശേഷത്തോടുള്ള വിശ്വസ്തതയിൽ, തുടർച്ചയായ നവീകരണത്തിന് ഏവരെയും പ്രേരിപ്പിക്കുന്ന ഒരു സമയം കൂടിയാണ് ജനറൽ ചാപ്റ്ററിന്റേതെന്ന് പാപ്പാ പ്രസ്താവിച്ചു.
പരിശുദ്ധാത്മാവിന്റെ ദാനമായി കോൺഗ്രിഗേഷന് ലഭിച്ചിട്ടുള്ള പ്രത്യേക സിദ്ധികൾ ഓരോ അംഗങ്ങളും വ്യക്തിപരമായും സമൂഹപരമായും സ്വന്തമാക്കാനും ജീവിക്കാനും ഉള്ള ചുമതലയും പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. സഭയുടെയും സമൂഹത്തിന്റെയും ഭാഗമായ വ്യക്തികൾ എന്ന നിലയിൽ, ക്രിസ്തുരാജ്യത്തിനുള്ള സംഭവനയായി തങ്ങളുടെ വ്യക്തിത്വം അനുദിനം ആഴപ്പെടുത്തിയും നവീകരിച്ചും മുന്നോട്ട് പോകേണ്ടതുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
സമർപ്പിതസമൂഹജീവിതത്തിൽ അധികാരത്തിന്റെ സ്വഭാവം അധിപത്യത്തിന്റേതല്ല, ശുശ്രൂഷയുടേതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കോൺഗ്രിഗേഷന്റെ പ്രത്യേക സിദ്ധികളുടെ ഉടമകളല്ല കാവൽക്കാരും ശുശ്രൂഷകരുമാകാനുള്ള വിളിയെക്കുറിച്ചും പരിശുദ്ധ പിതാവ് പ്രത്യേകം പരാമർശിച്ചു. വ്യക്തികളുടെ അന്തസ്സും സ്വാതന്ത്ര്യവും ഹനിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു. ഒരേ വിളി പങ്കിടുന്നവർ എന്ന നിലയിൽ ആദ്ധ്യാത്മിക, സാഹോദര്യ ശുശ്രൂഷയാണ് അധികാരികൾക്ക് നൽകപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
സന്ന്യസ്തസമൂഹങ്ങളിൽ ഉണ്ടാകേണ്ട സഹകരണത്തിന്റെയും പരസ്പരശ്രവണത്തിന്റെയും പ്രാധാന്യവും പാപ്പാ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. തുറന്ന മനോഭാവത്തോടെയുള്ള പങ്കുവയ്ക്കലിന്റെയും എളിമയുടെയും ആവശ്യകതയും പാപ്പാ സമൂഹാംഗങ്ങളെ ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
