സലേഷ്യൻ അംഗങ്ങൾ സഭയ്ക്കും സമൂഹത്തിനും നൽകുന്ന സേവനങ്ങൾക്ക് നന്ദിയർപ്പിച്ച് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
യുദ്ധവും, സംഘർഷങ്ങളും, ദാരിദ്ര്യവും പിടിമുറുക്കിയിരിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, യേശുവിന്റെ സാന്നിധ്യം പകർന്നു കൊണ്ടുള്ള സലേഷ്യൻ സഭയുടെ സേവനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ സംസാരിച്ചു. റോമിലെ കാസ്ത്രോ പ്രെത്തോറിയോ, തിരുഹൃദയ ഇടവക ബസിലിക്കയിൽ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം, ഇടവക ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ഡോൺ ബോസ്കോ സ്ഥാപിച്ച സമൂഹത്തിലെ അംഗങ്ങളുമായി നടത്തിയ കൂടികാഴ്ച്ചാവേളയിലാണ് പാപ്പാ ഇക്കാര്യങ്ങൾ എടുത്തു പറഞ്ഞത്.
ഒൻപതാം പീയൂസ് പാപ്പാ, ലിയോ പതിമൂന്നാമൻ പാപ്പാ എന്നീ പരിശുദ്ധ പിതാക്കന്മാരുടെ ആഗ്രഹപ്രകാരമാണ്, റോമിലെ പ്രധാന റെയിൽവേ നിലയമായ തെർമിനിക്ക് അരികിൽ സലേഷ്യൻ സഭയുടെ സ്ഥാപകൻ വിശുദ്ധ ഡോൺ ബോസ്‌കോ, തിരുഹൃദയ ദേവാലയം നിർമ്മിച്ചത്. യോഹന്നാന്റെ സുവിശേഷത്തിന്റെ 20-ാം അധ്യായത്തിലെ വാക്യം ഉദ്ധരിച്ചുകൊണ്ട്, തിരുലിഖിതത്തിൽ എഴുതപ്പെടാത്ത വചനങ്ങളിൽ, സലേഷ്യൻ സഭയുടെ വിവിധ പ്രവർത്തനങ്ങളും ഉൾച്ചേരുന്നുവെന്നു പാപ്പാ പറഞ്ഞു. യുവാക്കൾക്കുവേണ്ടിയുള്ള അജപാലനശുശ്രൂഷ, വിദ്യാഭ്യാസ മേഖലയിലുള്ള സേവനങ്ങൾ എന്നിവയിൽ സലേഷ്യൻ സഭയുടെ സംഭാവനകളെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു.
നഗര ഹൃദയമെന്ന നിലയിൽ തെർമിനിക്ക് അരികിൽ സ്ഥിതി ചെയ്യുന്ന ദേവാലയം, എപ്പോഴും സ്നേഹവും കാരുണ്യവും നിറഞ്ഞ യേശുവിന്റെ തിരുഹൃദയത്തിന്റെയും അനുഭവം പ്രദാനം ചെയ്യുന്നതാണെന്നും കൂട്ടിച്ചേർത്തു. അഭയാർഥികളായി കടന്നു വരുന്നവർക്കും സ്വാഗതം ഏകുന്ന സലേഷ്യൻ സമൂഹത്തിന്റെ ഹൃദയവിശാലതയെയും പാപ്പാ എടുത്തു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
