തിരയുക

പരിശുദ്ധ പിതാവും, പ്രസംഗകനായ മോൺസിഞ്ഞോർ എറിക് വാർഡനും പരിശുദ്ധ പിതാവും, പ്രസംഗകനായ മോൺസിഞ്ഞോർ എറിക് വാർഡനും  (ANSA)

ക്രിസ്തുവിന്റെ സുവിശേഷത്തിനു അനുസരണം ജീവിക്കുവാനുള്ള ക്ഷണമാണ് സഭ ഏവർക്കും നൽകുന്നത്: പാപ്പാ

വത്തിക്കാനിലെ വിശുദ്ധ പൗലോസിന്റെ കപ്പേളയിൽ, പരിശുദ്ധ പിതാവും വത്തിക്കാൻ ഡികാസ്റ്ററികളുടെ അദ്ധ്യക്ഷന്മാരും റോമിൽ താമസിക്കുന്ന കർദ്ദിനാൾമാരും നോമ്പുകാല ധ്യാനം നടത്തിവരികയായിരുന്നു. ധ്യാനത്തിന്റെ അവസാനദിനമായ ഫെബ്രുവരി 27-ന് സായാഹ്‌ന പ്രാർത്ഥനയ്ക്ക് ശേഷം, പാപ്പാ, പ്രസംഗകനായ മോൺസിഞ്ഞോർ എറിക് വാർഡനു നന്ദിയർപ്പിക്കുകയും, "ക്രിസ്തുവിന്റെ സുവിശേഷത്തിന് യോഗ്യമായ രീതിയിൽ" ജീവിക്കാൻ വിശുദ്ധ പൗലോസ് ശ്ലീഹായെ ഉദ്ധരിച്ചുകൊണ്ട്, ഏവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

നോർവേയിലെ ട്രോണ്ട്ഹൈമിലെ മെത്രാനായ  മോൺസിഞ്ഞോർ എറിക് വാർഡൻ, പരിശുദ്ധ പിതാവും വത്തിക്കാൻ ഡികാസ്റ്ററികളുടെ അദ്ധ്യക്ഷന്മാരും റോമിൽ താമസിക്കുന്ന കർദ്ദിനാൾമാരും ഉൾപ്പെടുന്ന സംഘത്തിന്, ഫെബ്രുവരി മാസം ഇരുപത്തിരണ്ടു മുതൽ നൽകിവന്ന നോമ്പുകാല ധ്യാനം, ഇരുപത്തിയേഴാം തീയതി സമാപിച്ചു. അന്നേദിവസം, സായാഹ്‌ന പ്രാർത്ഥനയ്ക്ക് ശേഷം, ധ്യാന ഗുരുവിനു നന്ദിയർപ്പിച്ചുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ സംസാരിച്ചു.

നോമ്പുകാല യാത്രയിൽ വളരെ പ്രധാനപ്പെട്ട ഒരു ആഴമേറിയ ആത്മീയ അനുഭവം നൽകുന്നതായിരുന്നു, ഈ നോമ്പുകാലധ്യാനമെന്നു പാപ്പാ പറഞ്ഞു. വിശുദ്ധ ബെർണാർഡിന്റെ സാക്ഷ്യവും, സന്യാസ ജീവിതത്തിന്റെ അനുഭവങ്ങളും, സഭാ ജീവിതത്തിലെ മറ്റ് പല ഘടകങ്ങളും അടിസ്ഥാനമാക്കി പങ്കുവച്ച ധ്യാനചിന്തകൾ, പലപ്പോഴും വ്യക്തിപരമായ പ്രതിഫലനം നടത്തുന്നതിന് തന്നെ ഏറെ സഹായിച്ചുവെന്ന് പാപ്പാ പറഞ്ഞു.

2025 മെയ് 8 ന്  കർദിനാൾ  റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, ലിയോ പതിനാലാമൻ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം, കർദിനാൾമാർക്കൊപ്പം, വിശുദ്ധ ബലിയർപ്പിക്കുവാൻ ഒത്തുകൂടിയതും ധ്യാനം നടന്ന, വിശുദ്ധ പൗലോസിന്റെ കപ്പേളയായിരുന്നുവെന്നതും പാപ്പാ അനുസ്മരിച്ചു. "എനിക്ക്, ജീവിക്കുന്നത് ക്രിസ്തുവാണ്, മരിക്കുന്നത് നേട്ടമാണ്."എന്ന് കപ്പേളയിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട്, സഭയിൽ ഏവരും ചേർന്ന് വേല ചെയ്യുവാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നു എടുത്തു പറഞ്ഞു. "ആകയാൽ, ക്രിസ്തുവിന്റെ സുവിശേഷത്തിന് യോഗ്യമായ രീതിയിൽ നടക്കുക", പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

ധ്യാനത്തിന്റെ വേളയിൽ വിവിധ രീതിയിൽ സേവനങ്ങൾ കാഴ്ച്ചവെച്ച ഏവർക്കും പാപ്പാ നന്ദിയർപ്പിച്ചു. വാക്കുകളാൽ നമുക്ക് ചെയ്യുവാൻ സാധിക്കാത്ത അവസരത്തിൽ, കർത്താവിങ്കലേക്ക് നമ്മുടെ ആത്മാവിനെ ഉയർത്തുവാനുള്ള വഴിയാണ് ആരാധനക്രമസംഗീതമെന്നതും, പാപ്പാ, മോൺസിഞ്ഞോർ വാർഡന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ഫെബ്രുവരി 2026, 13:34