തിരയുക

വൈദികർക്കൊപ്പം പാപ്പാ വൈദികർക്കൊപ്പം പാപ്പാ   (ANSA)

വൈദികരുടെ യുവത്വം യുവജനങ്ങൾക്ക് മാതൃകയാകണം: പാപ്പാ

റോമൻ രൂപതയിലെ വൈദികരുമായി ലിയോ പതിനാലാമൻ പാപ്പാ നടത്തിയ കൂടികാഴ്ച്ചാവേളയിൽ വൈദികരുടെ ചോദ്യങ്ങൾക്ക് പാപ്പാ മറുപടി നൽകി. ഏറെ വെല്ലുവിളികൾ ഉയർത്തുന്ന കുടുംബ പശ്ചാത്തലങ്ങളിൽ, വൈദികരുടെ അജപാലനശുശ്രൂഷയുടെ പ്രാധാന്യത്തെ പാപ്പാ എടുത്തു പറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഏറെ മുറിവുകൾ അനുഭവിക്കുന്ന കുടുംബ പശ്ചാത്തലങ്ങളിൽ, ജീവിക്കുന്ന യുവജനങ്ങൾക്ക് വേണ്ടിയുള്ള അജപാലന ശുശ്രൂഷയിൽ എപ്രകാരം  ഫലപ്രദമായി ഇടപെടുവാൻ സാധിക്കും എന്നുള്ള ഒരു വൈദികന്റെ ചോദ്യത്തിന് മറുപടി നൽകവെയാണ്, പാപ്പാ യുവജന ശുശ്രൂഷയിൽ, യുവാക്കളായ വൈദികർക്ക് വഹിക്കാവുന്ന വളരെ പ്രധാനപ്പെട്ട പങ്കിനെ എടുത്തു പറഞ്ഞത്.

റോമൻ രൂപതയിലെ വൈദികരുമായി ലിയോ പതിനാലാമൻ പാപ്പാ നടത്തിയ കൂടികാഴ്ച്ചാവേളയിൽ പാപ്പാ വിവിധ വൈദികർ ഉന്നയിച്ച ചോദ്യങ്ങൾക്ക് പിതൃസഹജമായ വാത്സല്യത്തോടെ മറുപടികൾ നൽകി. നമ്മുടെ സമൂഹം ഏറെ മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ടെന്നും, എന്നാൽ അതിനെ ഇല്ലായ്മ  ചെയ്യുവാൻ നമുക്ക് സാധിക്കില്ലെന്നും പറഞ്ഞ പാപ്പാ, നമ്മുടെ കണ്ണുകൾ തുറന്നുകൊണ്ട്, ഇന്നത്തെ യുവജനത നേരിടുന്ന വെല്ലുവിളികളെ മനസിലാക്കണമെന്നു എടുത്തു പറഞ്ഞു.

മാതാപിതാക്കളുടെ അഭാവം, വിവാഹമോചിതരായ അല്ലെങ്കിൽ പുനർവിവാഹം ചെയ്ത മാതാപിതാക്കൾ എന്നിങ്ങനെയുള്ള കുടുംബ സാഹചര്യങ്ങളിൽ, യുവാക്കൾ അനുഭവിക്കേണ്ടിവരുന്ന ഏകാന്തതയുടെ ബുദ്ധിമുട്ടുകൾ, ഇന്നത്തെ ലോകത്തിന്റെ യാഥാർഥ്യങ്ങളാണെന്നും, അതിനാൽ പുരോഹിതനെ സംബന്ധിച്ചിടത്തോളം, ഈ യുവാക്കളെ അനുഗമിക്കുക എന്നതിനർത്ഥം അവരുടെ യാഥാർത്ഥ്യം അറിയുക, അവരോട് അടുത്തായിരിക്കുക എന്നതാണെന്നും പാപ്പാ പറഞ്ഞു.

ഒരു യുവ പുരോഹിതന് യുവാക്കൾക്ക് ഒരു ജീവിത മാതൃക നൽകാൻ കഴിയുമെന്നും, അതിനാൽ യേശുവിനെ   സുഹൃത്താക്കുന്നതു  മൂലം ജീവിതത്തെ യഥാർത്ഥത്തിൽ സമ്പന്നമാക്കുവാൻ സാധിക്കുമെന്നത് വൈദികർ കാട്ടിക്കൊടുക്കണമെന്നും പാപ്പാ പറഞ്ഞു. "ഇതിനർത്ഥം പുരോഹിതൻ തന്നെ, ചെറുപ്പമായാലും അല്ലെങ്കിലും, യേശുവുമായുള്ള സൗഹൃദത്തിന്റെ ജീവിതം നയിക്കുന്നു എന്നാണ്, ഈ യുവാക്കൾക്ക് ഒരു മാതൃക മാത്രമല്ല, അവരുടെ ജീവിതത്തെ മാറ്റിമറിക്കാൻ കഴിയുന്ന ഒരു ജീവിതാനുഭവവും നൽകുന്നു", പാപ്പാ കൂട്ടിച്ചേർത്തു.

യുവാക്കളെ തേടി, വൈദികർ, അവർ ആയിരിക്കുന്ന സാഹചര്യങ്ങളിലേക്ക് ഇറങ്ങി ചെല്ലണമെന്നും, കായിക വിനോദങ്ങൾ പോലെയുള്ള വ്യത്യസ്ത വഴികളും പ്രവർത്തനങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട്, അവരെ സൗഹൃദത്തിലേക്കും, തുടർന്ന് കൂട്ടായ്മയിലേക്കും നയിക്കണമെന്നും പാപ്പാ പറഞ്ഞു.

യഥാർത്ഥ മനുഷ്യബന്ധങ്ങളുടെ സമ്പന്നതയും മൂല്യവും അറിയാതെ  മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുന്നവരാണ് ഇന്നത്തെ യുവജനതയെന്നു ഓർമ്മപ്പെടുത്തിയ പാപ്പാ, അവർക്കു മറ്റൊരു തരത്തിലുള്ള സൗഹൃദത്തിന്റെയും പങ്കിടലിന്റെയും, ക്രമേണ കൂട്ടായ്മയുടെയും അനുഭവം നൽകാനുള്ള വഴികൾ വൈദികരെന്ന നിലയിൽ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും ഓർമ്മപ്പെടുത്തി.

ഇന്ന് പലപ്പോഴും ഭയാനകമായ ജീവിതം, മയക്കുമരുന്നിന് അടിമത്വം, കുറ്റകൃത്യങ്ങൾ, അക്രമം, ബുദ്ധിമുട്ടുകൾ, ഈ ഒറ്റപ്പെടൽ എന്നിവയിൽ നിന്നും യുവജനതയെ വീണ്ടെടുക്കുവാൻ, വൈദികരുടെ സമയവും ത്യാഗവും ധ്യാനവും ഏറെ ആവശ്യമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ഫെബ്രുവരി 2026, 12:54