സമാശ്വാസത്തിനുള്ള ഉറവിടം യേശുവിന്റെ ദിവ്യകാരുണ്യ സാന്നിധ്യമാണ്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ലോസ് ആഞ്ചലസ് അതിരൂപതയുടെ ആർച്ചുബിഷപ്പ് മോൺസിഞ്ഞോർ ഹോസെ എച്ച് ഗോമസിനെ അഭിസംബോധന ചെയ്തുകൊണ്ട്, അനഹൈമിൽ വച്ച് ഫെബ്രുവരി മാസം 20 മുതൽ 22 വരെ നടക്കുന്ന, എഴുപതാമത് ലോസ് ആഞ്ചലസ് മതബോധന വിദ്യാഭ്യാസ കോൺഗ്രസിൽ സംബന്ധിക്കുന്നവർക്ക്, ലിയോ പതിനാലാമൻ പാപ്പാ ആശംസകൾ നേർന്നു.
പാപ്പായുടെ സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടിയാണ് അയച്ചത്. പ്രാർത്ഥനയുടെയും, പരിശീലനത്തിന്റെയും, കൂട്ടായ്മയുടെയും ഈ നാളുകൾ ആത്മാർത്ഥമായ ഒരു ആത്മീയ നവീകരണത്തിനുള്ള അവസരമായി മാറട്ടെയെന്നു പാപ്പാ ആശംസിച്ചു.
മതബോധന വിദ്യാഭ്യാസം പകരുന്നതിനായി വിളിക്കപെട്ടവർ എന്ന നിലയിൽ, ആധികാരികതയുള്ള അധ്യാപകർ, സത്യത്തിനുവേണ്ടിയുള്ള ആഗ്രഹം ഉണർത്തുന്നവരായിരിക്കണെമെന്നത് ഗ്രഹിക്കുന്നവരാകണമെന്നു ഓർമ്മിപ്പിച്ചു. നിത്യസത്യമായ യേശുവുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിലൂടെയും, ദൈനംദിന ജീവിതത്തിൽ യേശുവിന്റെ വിശ്വസ്തരും സന്തോഷവാന്മാരുമായ ശിഷ്യന്മാരായി തുടരുന്നതിലൂടെയും, മതാധ്യാപകർ എന്ന നിലയിലുള്ള നമ്മുടെ ആധികാരികത, കർത്താവുമായുള്ള ഒരു യഥാർത്ഥ കണ്ടുമുട്ടലിലേക്കും, ശാശ്വതവും ജീവദായകവുമായ ഒരു സംസ്കാരം കെട്ടിപ്പടുക്കുന്നതിനും സാധ്യകരമാകുന്ന രീതിയിൽ സുവിശേഷം കൈമാറുവാൻ നമ്മെ പ്രാപ്തരാക്കുമെന്നും പാപ്പാ പറഞ്ഞു.
അതുപോലെ യുവജനങ്ങൾ, ദൈവ സ്നേഹത്തിനു നേരെ തങ്ങളുടെ ഹൃദയങ്ങളെ തുറക്കുവാനും പാപ്പാ ആഹ്വാനം ചെയ്തു. യേശുവിന്റെ സ്നേഹം, അവനെ കുരിശിലെ സ്വയം സമർപ്പണത്തിലേക്ക് മാത്രമല്ല, മറിച്ച് ദിവ്യകാരുണ്യത്തിലെ സാന്നിധ്യത്തിലേക്കും നയിച്ചുവെന്നും പാപ്പായുടെ സന്ദേശത്തിൽ എടുത്തു പറഞ്ഞു. അതിനാൽ ഈ സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക്, ദിവ്യകാരുണ്യനാഥന്റെ സാന്നിധ്യം, സമാശ്വാസവും, എല്ലാ ജീവിത സാഹചര്യങ്ങളിലും ധൈര്യവും പകരട്ടെയെന്നും പാപ്പാ ആശംസിച്ചു. പരിശുദ്ധ അമ്മയോട് പ്രത്യേകം പ്രാർത്ഥന നടത്തിയും, അപ്പസ്തോലിക ആശീർവാദവും നല്കിക്കൊണ്ടുമാണ്, പാപ്പായുടെ സന്ദേശം ഉപസംഹരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
