രോഗങ്ങളാൽ വലയുന്ന കുഞ്ഞുങ്ങൾക്ക് പിന്തുണ നൽകണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പാപ്പായോടൊപ്പം പ്രാർത്ഥിക്കുക എന്ന ആശയത്തിൽ ആരംഭിച്ച, പാപ്പായുടെ ആഗോള പ്രാർത്ഥനാശൃംഖലയും, ആശയവിനിമയത്തിനായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയും സഹകരിച്ച് പങ്കുവയ്ക്കുന്ന, പാപ്പായുടെ പ്രാർത്ഥനാനിയോഗത്തിൽ, ഫെബ്രുവരി മാസം രോഗികളായി കഴിയുന്ന കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ഏവരെയും ക്ഷണിക്കുന്നു.
എല്ലാ വർഷവും,പത്തൊൻപതു വയസിനു താഴെ പ്രായമുള്ള ഏകദേശം 400,000 കുട്ടികൾ, കാൻസർ രോഗബാധിതരാകുന്നുവെന്നും, പല സാഹചര്യങ്ങളിലും, അവരുടെ ചികിത്സകൾ ഏറെ സങ്കീർണ്ണമാകുന്നുവെന്നും, മരണത്തിലേക്ക് പോലും അവ നയിക്കപ്പെടുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള 20 വയസ്സിന് താഴെയുള്ള 2.1 ബില്യണിലധികം കുട്ടികൾ പ്രമേഹം, അല്ലെങ്കിൽ ഹൃദയ, ശ്വസന സംബന്ധമായ അസുഖങ്ങൾ പോലുള്ള വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നുവെന്നും ആരോഗ്യരംഗം വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിലാണ്, ഫെബ്രുവരി മാസത്തെ പ്രാർത്ഥനാനിയോഗം, "ഭേദമാക്കാനാവാത്ത രോഗങ്ങളുള്ള" കുട്ടികൾക്ക് വേണ്ടി സമർപ്പിക്കുവാൻ ലിയോ പതിനാലാമൻ പാപ്പാ തീരുമാനിച്ചത്.
പാപ്പായുടെ വാക്കുകൾ ഇപ്രകാരമാണ്:
"നമുക്ക് ഒരു നിമിഷം ഇടവേള എടുക്കാം. ഈ മാസത്തെ നിയോഗത്തിനായി എന്നോടൊപ്പം പ്രാർത്ഥിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു: ചികിത്സിക്കാൻ കഴിയാത്ത രോഗങ്ങളുള്ള കുട്ടികൾ. ഈ സാഹചര്യം അനുഭവിക്കുന്ന കുട്ടികളെയും കുടുംബങ്ങളെയും നിങ്ങൾക്ക് അറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ നിയോഗം, മാനുഷിക വേദനയും, നിരാശയുടെ നിമിഷങ്ങളും കൊണ്ടുവരുന്നുവെങ്കിലും, അതോടൊപ്പം വലിയ സ്നേഹവും ആഴമായ പ്രത്യാശയും നൽകുന്നു. ഇന്ന് തന്നെ എന്നോടൊപ്പം ചേരുകയും, മറ്റുള്ളവരുമായി ഈ നിയോഗം പങ്കുവയ്ക്കുകയും ചെയ്യുവാൻ ഞാൻ അഭ്യർത്ഥിക്കുന്നു."
90- ലധികം രാജ്യങ്ങളിൽ, 22 ദശലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് പാപ്പായുടെ ആഗോള പ്രാർത്ഥന ശൃംഖല. 'ഹൃദയത്തിന്റെ വഴി' എന്ന ആത്മീയ പാതയിലൂടെയാണ് ഈ ശൃംഖലയുടെ പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
