ഫെബ്രുവരി മാസം എട്ടാം തീയതി ലിയോ പതിനാലാമൻ പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥന ഫെബ്രുവരി മാസം എട്ടാം തീയതി ലിയോ പതിനാലാമൻ പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥന  (ANSA)

മനുഷ്യരാശിയുടെ ഭാവി സാഹോദര്യത്തിലാണ്: പാപ്പാ

ഫെബ്രുവരി മാസം എട്ടാം തീയതി ത്രികാല പ്രാർത്ഥനയുടെ അവസാനം, ലിയോ പതിനാലാമൻ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യുകയും നൈജീരിയയിൽ അടുത്തിടെയുണ്ടായ അക്രമത്തെ പരാമർശിച്ചു സംസാരിക്കുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വിവിധ സംഘർഷങ്ങളാൽ ദുരിതപൂർണ്ണമായ ഒരു ലോകത്ത്, പുതിയ തലമുറകൾക്കുള്ള ഒരു ഭാവി സാഹോദര്യത്തിൽ മാത്രമാണ്, കെട്ടിപ്പടുക്കുക സാധ്യമാണെന്ന്, ലിയോ പതിനാലാമൻ പാപ്പാ വിശ്വാസികളെ ഓർമിപ്പിച്ചു. ഫെബ്രുവരി മാസം എട്ടാം തീയതി ത്രികാല പ്രാർത്ഥനയുടെ അവസാനം നടത്തിയ അഭ്യർത്ഥനകളുടെ അവസരത്തിലാണ് പാപ്പാ ഇക്കാര്യങ്ങൾ എടുത്തുപറഞ്ഞത്.

“സമാധാനത്തിനായി നമുക്ക് തുടർന്നും പ്രാർത്ഥിക്കാം. ചരിത്രം നമ്മെ പഠിപ്പിക്കുന്നത് സാമ്പത്തിക, സൈനിക ശക്തിയുടെ തന്ത്രങ്ങൾ മനുഷ്യരാശിക്ക് ഭാവി പ്രദാനം ചെയ്യുന്നില്ല എന്നാണ്. ജനങ്ങൾക്കിടയിലുള്ള ബഹുമാനത്തിലും സാഹോദര്യത്തിലുമാണ് ഭാവി കുടികൊള്ളുന്നത്”, പാപ്പാ ചൂണ്ടിക്കാണിച്ചു.

ആശങ്കാജനകമായ നൈജീരിയയിലെ ആക്രമണങ്ങളെയും പാപ്പാ അനുസ്മരിച്ചു. നൈജീരിയയിലെ വിവിധ സമൂഹങ്ങൾക്കെതിരായ സമീപകാല ആക്രമണങ്ങൾ തന്നെ ആശങ്കപ്പെടുത്തുകയും, വേദനിപ്പിക്കുകയും ചെയ്യുന്നുവെന്നു പാപ്പാ പറഞ്ഞു.

“അക്രമത്തിനും ഭീകരതയ്ക്കും ഇരയായ എല്ലാവരോടും ഞാൻ പ്രാർത്ഥനാപൂർവ്വമായ സാമീപ്യം പ്രകടിപ്പിക്കുന്നു. ഓരോ പൗരന്റെയും ജീവന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ അധികാരികൾ ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുന്നത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”, ഇതായിരുന്നു പാപ്പായുടെ വാക്കുകൾ.

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്ന പോർച്ചുഗൽ, മൊറോക്കോ, സ്പെയിൻ, പ്രത്യേകിച്ച് അൻഡലൂഷ്യയിലെ ഗ്രാസലേമ, തെക്കൻ ഇറ്റലി എന്നിവിടങ്ങളിലെ ജനങ്ങളോട് തന്റെ ആത്മീയമായ അടുപ്പം പാപ്പാ എടുത്തുപറഞ്ഞു.

അടിമത്തത്തിന്റെ നിലവിലുള്ള രൂപങ്ങളെ ചെറുക്കാനും ഇല്ലാതാക്കാനും പ്രവർത്തിക്കുന്ന ഏവരെയും അഭിവാദ്യം ചെയ്തുകൊണ്ട്, മനുഷ്യകടത്തിനെതിരെയുള്ള ദിനത്തിന്റെ പ്രാധാന്യം പാപ്പാ അനുസ്മരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഫെബ്രുവരി 2026, 08:52