തിരയുക

ഫെബ്രുവരി പതിനഞ്ചിന് ഓസ്തിയയിലുള്ള ഒരു ഇടവകദേവാലയത്തിൽ പാപ്പാ ഇടയസന്ദർശനം നടത്തിയപ്പോൾ ഫെബ്രുവരി പതിനഞ്ചിന് ഓസ്തിയയിലുള്ള ഒരു ഇടവകദേവാലയത്തിൽ പാപ്പാ ഇടയസന്ദർശനം നടത്തിയപ്പോൾ  (ANSA)

റോം രൂപതയിൽ ഇടയസന്ദർശനം തുടർന്ന് പാപ്പാ: മാർച്ച് ഒന്നിന് തിരുവുത്ഥാന ഇടവകയിൽ

കുറച്ചുനാളുകളായി ആരംഭിച്ച ഇടയസന്ദർശനത്തിന്റെ ഭാഗമായി റോം രൂപതയിലുള്ള "നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ തിരുവുത്ഥാനത്തിന്റെ" നാമത്തിലുള്ള ഇടവകദേവാലയം മാർച്ച് ഒന്നാം തീയതി ഞായറാഴ്ച പാപ്പാ സന്ദർശിക്കും. റോം വികാരിയാത്ത് ഫെബ്രുവരി 26-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് പരിശുദ്ധ പിതാവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

റോമിലെ, "നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ തിരുവുത്ഥാനത്തിന്റെ" നാമത്തിലുള്ള ഇടവകദേവാലയം സന്ദർശിക്കാനൊരുങ്ങി, രൂപതാദ്ധ്യക്ഷൻ ലിയോ പതിനാലാമൻ പാപ്പാ. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആരംഭിച്ച രൂപതയിലെ ഇടയസന്ദർശനത്തിന്റെ ഭാഗമായി മാർച്ച് ഒന്നാം തീയതി ഞായറാഴ്ച്ച, ഈ ഇടവകയിലെത്തുന്ന പരിശുദ്ധ പിതാവിനെ റോം രൂപതയിലേക്കുള്ള പരിശുദ്ധ പിതാവിന്റെ വികാരി കർദ്ദിനാൾ ബാൾദോ റെയ്‌നയും, ഇടവക വികാരി ഫാ. ദാനിയേലെ കനാലിയും ചേർന്ന് സ്വീകരിക്കും.

ഇടവകയിലെത്തുന്ന പാപ്പാ, മതപഠനം നടത്തുന്ന കുട്ടികൾക്കും, തുടർന്ന് ഇടവകയിലെ വയോധികരുടെയും രോഗികളുടെയും പാവപ്പെട്ടവരുടെയും ഭിന്നശേഷിക്കാരുടെയും ഒരു പ്രതിനിധിസംഘത്തിനും അവർക്ക് സേവനം ചെയ്യുന്ന സന്നദ്ധപ്രവർത്തകർക്കും കൂടിക്കാഴ്ച അനുവദിക്കും. മയക്കുമരുന്നുപയോഗവുമായി ബന്ധപ്പെട്ട് റോമിലെ ഒരു കുപ്രസിദ്ധ ഇടമായി കണക്കാക്കപ്പെടുന്ന ഈ പ്രദേശത്തുനിന്ന് പിടിക്കപ്പെട്ട് ജയിലിൽ കഴിയുന്ന, മയക്കുമരുന്ന് അടിമകളായിരുന്നവരുടെ അമ്മമാരായ നാലുപേരും ഈ കൂടെയുണ്ടാകും. ഇവരിൽ ഒരാൾ സന്നദ്ധപ്രവർത്തകയും ഒരാൾ മതാദ്ധ്യാപികയുമായി സേവനം ചെയ്യുന്നവരാണ്.

ഇടവകയിൽ അജപാലന ഉപദേശകസമിതിയുമായും പാപ്പാ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം അഞ്ചുമണിക്ക് ഇടവക ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കുന്ന പാപ്പാ, അവിടെയുള്ള വൈദികസമൂഹവുമായും കൂടിക്കാഴ്ച നടത്തും. ദേവാലയത്തിൽ പ്രവേശിക്കാൻ സാധിക്കാത്തവർക്കുവേണ്ടി പുറത്ത് വലിയ ഒരു സ്‌ക്രീനിലൂടെയും ചടങ്ങുകൾ സംപ്രേക്ഷണം ചെയ്യപ്പെടും.

1963 മാർച്ച് 3-ണ് വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായും 1980 മാർച്ച് 3-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും ഈ ദേവാലയം സന്ദർശിച്ചിരുന്നു. തങ്ങളുടെ ഇടവകയിലേക്കും ഈ പ്രദേശത്തേക്കും പരിശുദ്ധ പിതാവ് എത്തുന്നത് പ്രത്യാശയുടെ വലിയൊരു അടയാളമായാണ് തങ്ങൾ കാണുന്നതെന്ന് വികാരി ഫാ. കനാലി പ്രസ്താവിച്ചു.

ദെയോണിയൻ വൈദികർ എന്ന പേരിൽ അറിയപ്പെടുന്ന, യേശുവിന്റെ തിരുഹൃദയത്തിന്റെ വൈദികർ എന്ന പൊന്തിഫിക്കൽ സന്ന്യസ്തസമൂഹത്തിലെ വൈദികരാണ് ഈ ഇടവകദേവാലയത്തിൽ അജപാലനശുശ്രൂഷ ചെയ്യുന്നത്. റോമിന്റെ കിഴക്കൻ ഭാഗത്ത് മാൻഫ്റെദോണിയ എന്ന വഴിയിലാണ് (നമ്പർ 5) ഈ ദേവാലയം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഫെബ്രുവരി 2026, 13:18