സ്വിറ്റ്സർലണ്ടിലെ ക്രാൻസ്- മൊന്താന തീപിടുത്തത്തിൽ ഇരകളായവർക്ക് വേണ്ടി നടത്തിയ ജാഗരണ പ്രാർത്ഥനയിൽ പാപ്പാ സന്ദേശം നൽകി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
നിരവധി ജീവനുകൾ അപഹരിച്ച ക്രാൻസ്-മൊന്താനയിലെ ദാരുണമായ തീപിടുത്തത്തിന് ഒരു മാസത്തിന് ശേഷം, സ്വിറ്റ്സർലൻഡിലെ സിയോൺ കത്തീഡ്രലിൽ നടന്ന ജാഗരണ പ്രാർത്ഥനയിൽ സംബന്ധിക്കുന്നവരെ അഭിസംബോധന ചെയ്തു കൊണ്ട് ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി. ജീവിതകാലം മുഴുവൻ അടയാളപ്പെടുത്തുന്ന മുറിവുകളാണ് ഈ ദാരുണ സംഭവം നൽകിയതെന്നും, ബന്ധുമിത്രാദികൾ ഈ കഷ്ടപ്പാടിലാണ് ജീവിതം മുൻപോട്ടു നയിക്കുന്നതെന്നും പാപ്പാ പറഞ്ഞു.
വേദനയെ മറികടക്കാനും ധൈര്യം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന സാഹോദര്യവും ആത്മീയവുമായ അടുപ്പം ക്രൈസ്തവ സമൂഹങ്ങളിൽ നിന്നും, പുരോഹിതരിൽ നിന്നും കണ്ടെത്തുവാൻ ഏവർക്കും സാധിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
വേദനയുടെ ഈ നിമിഷങ്ങളിൽ, പരിശുദ്ധ മറിയത്തിനു ഏവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, കുരിശിലേക്ക് ദൃഷ്ടികൾ ഉയർത്തുവാൻ, പരിശുദ്ധ അമ്മ ഏവരെയും സഹായിക്കുമെന്നും കൂട്ടിച്ചേർത്തു.
തന് റെ മഹത്വവും അനുഗ്രഹീതവുമായ പുനരുത്ഥാനം യേശു പങ്കുവയ്ക്കുമെന്നും, നമുക്ക് പ്രത്യാശ നൽകുന്ന വലിയ ഉറപ്പാണ് അവന്റെ ഉത്ഥാനമെന്നും പാപ്പാ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. ഈ പ്രത്യാശയിലാണ്, നഷ്ടപ്പെട്ടവരെ വീണ്ടും കാണാമെന്ന സന്തോഷപൂർണ്ണമായ പ്രതീക്ഷ ഉൾച്ചേരുന്നതെന്നും പാപ്പാ പ്രത്യേകം പറഞ്ഞു.
വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകളും പാപ്പാ അനുസ്മരിച്ചു. മരണത്തിനോ ജീവനോ ദൂതന്‍മാര്‍ക്കോ അധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്തികള്‍ക്കോ....നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്നു നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ല എന്ന ലേഖനത്തിലെ വാക്കുകൾ പരാമർശിച്ച പാപ്പാ, ഒന്നും അവസാനിച്ചിട്ടില്ല എന്നും, ദുഃഖകരവും ഇരുണ്ടതുമായ ഈ ദിവസങ്ങളിൽ കുരിശിലേക്ക് നോക്കാൻ പരിശുദ്ധ മറിയം നമ്മെ സഹായിച്ചിട്ടുണ്ടെങ്കിൽ, എപ്പോഴും പ്രകാശമാനമായ സ്വർഗ്ഗത്തിലേക്ക് നോക്കാനും അവൾ നിങ്ങളെ ക്ഷണിക്കുന്നുവെന്നും എടുത്തു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
