വത്തിക്കാനിൽനിന്നുള്ള വാർത്തകൾ സൗജന്യമായി ലഭിക്കുന്ന വീഡിയോ വിജറ്റ് ഉപയോഗിക്കാൻ ആഹ്വാനമേകി പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വത്തിക്കാനിൽനിന്നുള്ള വാർത്തകൾ വിവിധ പ്രാദേശികഭാഷകളിൽ ഉടൻ ലഭ്യമാകുന്ന വിധത്തിൽ വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി തയ്യാറാക്കിയ വീഡിയോ വിജറ്റ് രൂപതകളുടെയും ഇടവകകളുടെയുമുൾപ്പെടെ എല്ലാ കത്തോലിക്കാസഭാ പ്രസ്ഥാനങ്ങളുടെയും വെബ്സൈറ്റുകളിൽ കൂട്ടിച്ചേർക്കാൻ ആഹ്വാനം ചെയ്‌ത് ലിയോ പതിനാലാമൻ പാപ്പാ. പാപ്പായുടെയും പരിശുദ്ധ സിംഹാസനത്തിന്റെയും വാർത്തകളും വിശേഷങ്ങളും അൻപത്തിയാറ് ഭാഷകളിൽ ലഭ്യമാക്കുന്ന വത്തിക്കാൻ ന്യൂസ് - വത്തിക്കാൻ റേഡിയോ തയ്യാറാക്കിയ പ്രത്യേക വിജറ്റ് സൗജന്യമായി ഉപയോഗിക്കാനും അതുവഴി ആളുകൾക്ക് വത്തിക്കാനിൽനിന്നുള്ള വാർത്തകൾ കൃത്യമായും വേഗത്തിലും ലഭിക്കാനുള്ള സാധ്യതയാണ് ഇതുവഴി ഒരുക്കിയിട്ടുള്ളത്.
വത്തിക്കാൻ ന്യൂസിന്റെ പുതിയ ഈ ഉപകരണം സുവിശേഷവത്കരണത്തിന്റെ ഒരു മാർഗ്ഗമാണെന്ന്, ലോകമെങ്ങുമുള്ള മെത്രാന്മാർക്കായി താൻ ഒപ്പിട്ടയച്ച ഒരു ചെറുസന്ദേശത്തിൽ പരിശുദ്ധ പിതാവ് എഴുതി. റോമും വിവിധ രാജ്യങ്ങളിലെ സഭയും തമ്മിലുള്ള ആശയകൈമാറ്റത്തിന്റെ ഒരു ശുംഖല സൃഷ്ടിക്കാനുള്ള ഒരു വഴിയാണ് ഇതുവഴി ഒരുങ്ങുന്നതെന്ന് പാപ്പാ വിശദീകരിച്ചു. ഇടവകകൾക്കും സമൂഹങ്ങൾക്കും, പ്രാഥമിക ഉറവിടത്തിൽനിന്നും ഉടനടി വിവരങ്ങൾ ലഭ്യമാക്കാനുള്ള ഒരു വഴിയാണ് ഈ വിജറ്റെന്നും പരിശുദ്ധ പിതാവ് വ്യക്തമാക്കി.
രൂപതകൾക്കും ഇടവകകൾക്കും കത്തോലിക്കാ അസോസിയേഷനുകൾക്കും സംഘടനകൾക്കും വത്തിക്കാൻ ന്യൂസ് ഒരുക്കിയിരിക്കുന്ന വിജറ്റ് തങ്ങളുടെ വെബ്‌സൈറ്റുകളിൽ കൂട്ടിച്ചേർക്കാനും, അതുവഴി പരിശുദ്ധ പിതാവിനെയും വത്തിക്കാനെയും കുറിച്ചുള്ള വീഡിയോകളും വാർത്തകളും സൗജന്യമായി ഏവർക്കും ലഭ്യമാക്കാനുമുള്ള സാധ്യതയാണ് ഈ സംരംഭത്തിലൂടെ പരിശുദ്ധ സിംഹാസനം മുന്നോട്ടുവയ്ക്കുന്നത്.
തങ്ങളുടെ രൂപതാ, ഇടവക വെബ്സൈറ്റുകൾ കമ്പ്യൂട്ടറുകളിലൂടെയോ മൊബൈൽ വഴിയോ സന്ദർശിക്കുന്ന ആളുകൾക്ക്, സഭയുടെ ഔദ്യോഗിക ഉദ്ബോധനങ്ങളും, റോം രൂപതാദ്ധ്യക്ഷന്റെ പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള പുതിയ വിവരങ്ങൾ തങ്ങളുടെ ഭാഷയിൽ ലഭ്യമാക്കുന്ന ഈ വിജറ്റിലെ ലേഖനങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങൾ വഴി മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള അവസരം കൂടിയാണ് ആളുകൾക്ക് ഇതുവഴി ലഭിക്കുക.
കത്തോലിക്കാ പ്രസ്ഥാനങ്ങൾ കഴിയുന്നിടത്തോളം വെബ്സൈറ്റുകളിൽ ഈ വീഡിയോ വിജറ്റ് കൂട്ടിച്ചേർക്കുന്നത്, റോമിന്റെ മെത്രാനുമായുള്ള ബന്ധം ഊന്നിപ്പറയാനുള്ള ഒരു വഴി കൂടിയാണെന്ന്, പാപ്പായുടെ സന്ദേശത്തിന്റെ കൂടെ അയച്ച തന്റെ ഒരു കത്തിൽ, വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള ഡികാസ്റ്ററിയുടെ അദ്ധ്യക്ഷൻ പൗളോ റുഫീനി എഴുതി.
കപട, വ്യാജ വാർത്തകൾ ധാരാളമായി സൃഷ്ടിക്കപ്പെടുന്ന ഇക്കാലത്ത്, അവയെ നേരിടാനുള്ള ഒരു മാർഗ്ഗം കൂടിയാണ്, പ്രാഥമിക ഉറവിടത്തിൽനിന്ന് നേരിട്ട് ലഭിക്കുന്ന വാർത്തകൾ പങ്കുവയ്ക്കുന്ന ഈ വീഡിയോ വിജറ്റെന്ന് ഡികാസ്റ്ററിയുടെ എഡിറ്റോറിയൽ ഡയറക്ടർ അന്ത്രെയാ തൊർണിയെല്ലി അഭിപ്രായപ്പെട്ടു.
https://www.vaticannews.va/widget/embed.html എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന കോഡുപയോഗിച്ച്, വെബ്സൈറ്റുകളിൽ വത്തിക്കാൻ ന്യൂസിന്റെ വീഡിയോ വിജറ്റ് കൂട്ടിച്ചേർക്കാൻ സാധിക്കും. ഒസ്സെർവ്വത്തോറെ റൊമാനൊ എന്ന പത്രത്തിലേക്കും വത്തിക്കാൻ റേഡിയോയിലേക്കും എത്തിച്ചേരാനും ഈ വിജറ്റിലൂടെ സാധിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
