സമ്മേളനത്തിൽ സംബന്ധിച്ചവർക്കൊപ്പം പാപ്പാ സമ്മേളനത്തിൽ സംബന്ധിച്ചവർക്കൊപ്പം പാപ്പാ   (@Vatican Media)

സഭയിൽ ക്രൈസ്തവ സാക്ഷ്യം പങ്കുവയ്ക്കുവാൻ ഏവരും ക്ഷണിക്കപ്പെട്ടിരിക്കുന്നു: പാപ്പാ

അത്മായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ പൂർണ്ണ സഭയിൽ (PLENARY SESSION) സംബന്ധിക്കുന്നവരുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തുകയും, സന്ദേശം നൽകുകയും ചെയ്തു. ക്രൈസ്തവ സാക്ഷ്യം നൽകുവാനുള്ള ഏവരുടെയും ഉത്തരവാദിത്വം പാപ്പാ ഓർമ്മപ്പെടുത്തി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സുവിശേഷവൽക്കരണപ്രവർത്തനത്തിൽ, ക്രൈസ്തവ രൂപീകരണത്തിന്റെയും, സഭ സംവിധാനങ്ങളുടെയും പ്രാധാന്യത്തെ ആധാരമാക്കിയുള്ള  അത്മായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ പൂർണ്ണ സഭയിൽ (PLENARY SESSION) സംബന്ധിക്കുന്നവരുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തുകയും, സന്ദേശം നൽകുകയും ചെയ്തു. സന്ദേശത്തിൽ, ക്രൈസ്തവ രൂപീകരണം  സഭാജീവിതത്തിൽ വഹിക്കുന്ന അപങ്കിനെ അനുസ്മരിച്ച പാപ്പാ, ഗലാത്തിയായിലെ സഭയ്ക്ക് പൗലോസ് ശ്ലീഹ തന്റെ ലേഖനത്തിൽ എഴുതിയ വാക്കുകൾ അടിവരയിട്ടു, " എന്റെ കുഞ്ഞുമക്കളേ, ക്രിസ്തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ വീണ്ടും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവ് അനുഭവിക്കുന്നു." (ഗലാ 4,19).  വേദനയോടെ ആണെങ്കിലും, ക്രിസ്തുവിനെ സ്വീകരിക്കുവാൻ ഗലാത്തിയയിലെ സഭയെ നയിക്കുന്ന അപ്പസ്തോലൻ, "ക്രിസ്തുവിന്റെ ജീവൻ" ആക്കി മാറ്റാൻ ഈ ഐക്യം നമ്മെ പ്രാപ്തമാക്കുന്നുവെന്നു റോമയിലെ സഭയെയും ഉദ്ബോധിപ്പിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.

ക്രൈസ്തവ രൂപീകരണം എല്ലാവർക്കും സംലഭ്യമാകുന്നതിനു വേണ്ടി, രൂപകർത്താക്കളാകുവാനുള്ള ദൗത്യം ഏവർക്കും ഉണ്ടെന്നും എന്നാൽ ഇത് കൽപ്പിക്കുന്നതിലോ, ഉപദേശിക്കുന്നതിലോ അല്ല, മറിച്ച്, നാം ജീവിക്കുന്നത് പങ്കുവയ്ക്കുവാനുള്ള  വിളിയാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി.  ആത്മാക്കളോടുള്ള ആത്മാർത്ഥമായ സ്നേഹത്തോടെയും, മറ്റുള്ളവർക്കായി കഷ്ടപ്പെടാനുള്ള സന്നദ്ധതയോടെയും, അനിയന്ത്രിതമായ സമർപ്പണത്തിലൂടെയും, തങ്ങളുടെ കുട്ടികളുടെ നന്മയ്ക്കായി സ്വയം ത്യാഗം ചെയ്യുന്ന മാതാപിതാക്കൾ എന്ന നിലയിലും ഈ ദൗത്യം ജീവിതത്തിൽ പാലിക്കുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു.

മനുഷ്യജീവിതം ഒരു പുരുഷന്റെയും സ്ത്രീയുടെയും സ്നേഹത്താൽ കൈമാറുന്നതുപോലെ, ക്രിസ്തീയ ജീവിതം ഒരു സമൂഹത്തിന്റെ സ്നേഹത്താൽ കൈമാറപ്പെടുന്നുവെന്നു പറഞ്ഞ പാപ്പാ, ഇത് രൂപീകരണത്തിന്റെ സാമുദായിക മാനം എടുത്തുകാണിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ഏകീകൃത സഭയിൽ ഏവരും, തങ്ങൾ ജീവിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന സന്തോഷവും പൂർണ്ണതയും അടുത്ത തലമുറയിലേക്കും, പരസ്പരവും കൈമാറുന്നതിലാണ് രൂപീകരണത്തിന്റെ അടിസ്ഥാനമെന്നും പാപ്പാ എടുത്തു പറഞ്ഞു.

"സകല ജനതകളെയും ശിഷ്യപ്പെടുത്തുവാനും" "അവരെ സ്നാനം ചെയ്യുവാനും" "അവിടുത്തെ കല്പനകൾ  അനുസരിക്കാൻ  അവരെ പഠിപ്പിക്കുവാനും" യേശു ശിഷ്യരെ ദൗത്യം ഏൽപ്പിച്ചതുപോലെ, മാമ്മോദീസയിലേക്കും കൂദാശകളിലേക്കും നയിക്കുന്ന ജീവിത പാതകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത, രൂപീകണത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങൾ ആണെന്നും, അവയില്ലാതെ ക്രിസ്തീയ ജീവിതം സാധ്യമല്ലെന്നും, ബെനെഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകളിൽ, പാപ്പാ ചൂണ്ടിക്കാട്ടി.

അതിനാൽ വിശ്വാസ ജീവിതത്തിൽ ഏവരെയും സഹായിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ അടിവരയിട്ടു. കൂടാതെ, ഓരോ ഘട്ടത്തിലും മനുഷ്യ ജീവിതത്തെ ബഹുമാനിക്കാനും, പ്രായപൂർത്തിയാകാത്തവരുടെയും ദുർബലരായ വ്യക്തികളുടെയും എല്ലാത്തരം ദുരുപയോഗങ്ങളും തടയുവാനും, ഇരകളായവരെ അനുഗമിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും, സമൂഹങ്ങളിൽ  ശ്രദ്ധ പുലർത്തണമെന്നും പാപ്പാ ഓർമ്മപ്പെടുത്തി.

സമൂഹത്തിലെ വിവിധ പ്രശ്നങ്ങൾ പ്രതിഫലിപ്പിക്കുന്നതിന്  ഡികാസ്റ്ററിക്ക് നൽകുന്ന  സഹായങ്ങൾക്ക് പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചു. അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ചിലപ്പോൾ നമ്മുടെ  ശക്തികൾക്കും വിഭവങ്ങൾക്കും അതീതമായി തോന്നാമെങ്കിലും, വിശ്വാസത്തിന്റെ വെളിച്ചത്തിൽ മുൻപോട്ടു പോകുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 ഫെബ്രുവരി 2026, 12:04