കൂടിക്കാഴ്ച്ചയുടെ വേളയിൽ പാപ്പാ കൂടിക്കാഴ്ച്ചയുടെ വേളയിൽ പാപ്പാ   (ANSA)

വേദനിക്കുന്നവർക്ക് ദൈവത്തിൽ യഥാർത്ഥ സമാധാനം കണ്ടെത്തുവാൻ സാധിക്കട്ടെ: പാപ്പാ

ഫെബ്രുവരി 11-ന് പെറുവിലെ ചിക്ലായോയിലുള്ള സമാധാന മാതാവിന്റെ (ഔവർ ലേഡി ഓഫ് പീസ്) ദേവാലയത്തിൽ നടക്കുന്ന 34-ാമത് ലോക രോഗീ ദിനാചരണത്തിൽ, തന്റെ പ്രതിനിധിയായ, കർദിനാൾ മൈക്കൽ ചേർനിക് ലിയോ പതിനാലാമൻ പാപ്പാ തന്റെ സന്ദേശം കൈമാറി

വത്തിക്കാൻ ന്യൂസ്

പലതരം രോഗങ്ങളാൽ വേദനയനുഭവിക്കുന്ന എല്ലാ വിശ്വാസികൾക്കും വേണ്ടി,  ലോകമെമ്പാടുമുള്ള സഭയുമായുള്ള ഐക്യത്തിൽ തന്റെ പ്രാർത്ഥനകളും അറിയിച്ചുകൊണ്ടാണ്, ഫെബ്രുവരി 11-ന് പെറുവിലെ ചിക്ലായോയിലുള്ള സമാധാന മാതാവിന്റെ  ദേവാലയത്തിൽ നടക്കുന്ന 34-ാമത് ലോക രോഗീ ദിനാചരണത്തിൽ, തന്റെ പ്രതിനിധിയായ, കർദിനാൾ മൈക്കൽ ചേർനിക് ലിയോ പതിനാലാമൻ പാപ്പാ തന്റെ സന്ദേശം നൽകിയത്. പരിശുദ്ധ അമ്മയുടെ മാതൃതുല്യമായ മധ്യസ്ഥത്തിന് ഏവരെയും സമർപ്പിച്ചു പ്രാർത്ഥിച്ച പാപ്പാ, "മനുഷ്യാത്മാവ് അസ്വസ്ഥമാണ്, ദൈവത്തിന്റെ അവാച്യമായ ദാനത്തിലൂടെയും ദൈനംദിന, ആത്മീയ ജീവിതത്തിൽ അതിന്റെ പ്രയോഗത്തിലൂടെയും മാത്രമേ അതിന് യഥാർത്ഥവും ശാശ്വതവുമായ സമാധാനം കണ്ടെത്താൻ കഴിയൂ" എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും അനുസ്മരിച്ചു.

വിശ്വാസം, പ്രത്യാശ, ഉപവി  എന്നീ ദൈവീക പുണ്യങ്ങൾക്കും,  ആവശ്യസമയത്ത് മാനുഷികവും ക്രിസ്തീയവുമായ അടുപ്പം കാണിക്കുന്നതിനും,  സാക്ഷ്യം വഹിക്കാനും, പരസ്പരം ഭാരങ്ങൾ വഹിക്കാനും, അങ്ങനെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് ക്രിസ്തുവിന്റെ നിയമം പ്രാവർത്തികമാക്കുവാനും രോഗികളെയും അവരെ പരിപാലിക്കുന്നവരെയും പാപ്പാ സന്ദേശത്തിൽ ഉദ്‌ബോധിപ്പിച്ചു.

സന്ദേശത്തിൽ, പാപ്പാ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പെറു ദേശത്തെയും, ചിക്ളായോ രൂപതയെയും ഹൃദയത്തിന്റെയും മനസ്സിന്റെയും പൂർണ്ണ വാത്സല്യത്തോടെ അനുസ്മരിച്ചു. ദൈവിക പരിപാലനയാൽ 34-ാമത് ലോക രോഗീദിനം പെറുവിലെ ഈ നാട്ടിൽ കൃത്യമായി ആഘോഷിക്കപ്പെടണമെന്നും, വിവിധ കഷ്ടപ്പാടുകളാലും രോഗങ്ങളാലും വലയുന്ന എല്ലാവരോടും പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃപരമായ ആർദ്രത എടുത്തുകാട്ടണമെന്നുമുള്ള, ഫ്രാൻസിസ് പാപ്പായുടെ ആഗ്രഹവും പാപ്പാ എടുത്തുപറഞ്ഞു.

"ലോകാവസാനം വരെ എല്ലാ സാഹചര്യങ്ങളിലും എല്ലാ ദിവസവും നമ്മോടൊപ്പമുണ്ടാകുമെന്ന് വാഗ്ദാനം ചെയ്ത ക്രിസ്തുവുമായുള്ള അവാച്യമായ കൂട്ടായ്മയിൽ നിന്ന് വരുന്ന സുവിശേഷത്തിന്റെ ആശ്വാസവും പ്രോത്സാഹനവും" മാത്രമാണ് രോഗികളായ സഹോദരങ്ങൾക്ക് ആശ്വാസം പകരുന്നതെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഫെബ്രുവരി 2026, 11:21