അപരനുമായുള്ള ബന്ധം ആരംഭിക്കുന്നത്, ശ്രവിക്കുവാനുള്ള ആഗ്രഹത്തിൽ നിന്നാണ്: പാപ്പായുടെ നോമ്പുകാല സന്ദേശം
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
നോമ്പുകാലം മാനസാന്തരത്തിനുള്ള സമയമാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടും, തിരുവചനത്തിനു ചെവികൊടുത്തുകൊണ്ടും, ആത്മാവിന്റെ പ്രചോദനങ്ങളെ സ്വീകരിച്ചുകൊണ്ടും, ഈ സമയം ഫലപ്രദമാക്കണമെന്നു ഉദ്ബോധിപ്പിച്ചുകൊണ്ടുമുള്ള, ലിയോ പതിനാലാമൻ പാപ്പായുടെ നോമ്പുകാല സന്ദേശം പ്രസിദ്ധീകരിച്ചു. ശ്രവിക്കുക, ഉപവാസമനുഷ്ഠിക്കുക, കൂട്ടായ്മയിൽ ജീവിക്കുക, എന്നിങ്ങനെയുള്ള നോമ്പുകാല ചൈതന്യങ്ങളെ പാപ്പാ സന്ദേശത്തിൽ പ്രത്യേകം ചൂണ്ടിക്കാണിച്ചു.
ഇത്തവണ നോമ്പുകാലത്ത്, തിരുവചനം വായിക്കുവാനും, ശ്രവിക്കുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. മറ്റൊരാളെ ശ്രവിക്കുവാനുള്ള ആഗ്രഹമാണ്, ആ വ്യക്തിയുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭമെന്നു പാപ്പാ എടുത്തുപറഞ്ഞു. യാഥാർഥ്യങ്ങളെ തിരിച്ചറിയുവാനും, വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ, നമ്മെ കടന്നുപോകുന്ന നിരവധി ശബ്ദങ്ങളിൽ, തിരുവെഴുത്തുകൾ ചൂണ്ടിക്കാണിക്കുന്ന സ്വരം തിരിച്ചറിയുവാൻ ഈ ശ്രവണം നമ്മെ സഹായിക്കുമെന്നും പാപ്പാ പറഞ്ഞു.
നോമ്പ് ശ്രവിക്കുവാനുള്ള സമയമാണെങ്കിൽ, ദൈവവചനത്തെ സ്വാഗതം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു മൂർത്തമായ പ്രവർത്തനമാണ് ഉപവാസമെന്നു പാപ്പാ ഓർമ്മപ്പെടുത്തി. പുരാതനവും പകരം വയ്ക്കാനാവാത്തതുമായ ആത്‌മീയ വ്യായാമമാണ് ഇതെന്നും, നമ്മുടെ ഉപജീവനത്തിന് അത്യന്താപേക്ഷിതമെന്നു നാം കരുതുന്ന കാര്യങ്ങളെക്കുറിച്ചു കൂടുതൽ ബോധ്യമുള്ളവരാകുവാൻ ഇത് നമ്മെ സഹായിക്കുമെന്നും പാപ്പാ സന്ദേശത്തിൽ കൂട്ടിച്ചേർത്തു. എന്നാൽ ഉപവാസം ഭക്ഷണസാധങ്ങൾ ഉപേക്ഷിക്കുന്നതു മാത്രമല്ലെന്ന് ഓർമ്മപ്പെടുത്തിയ പാപ്പാ, അയൽക്കാരനെ ആക്രമിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന വാക്കുകൾ ഉപേക്ഷിക്കുവാനും, കുടുംബത്തിൽ, സുഹൃത്തുക്കൾക്കിടയിൽ, ജോലിസ്ഥലത്ത്, സമൂഹ മാധ്യമങ്ങളിൽ , രാഷ്ട്രീയ സംവാദങ്ങളിൽ, മാധ്യമങ്ങളിൽ, ക്രിസ്തീയ സമൂഹങ്ങളിൽ അപവാദങ്ങൾക്കു പകരം, വാക്കുകൾ അളന്നു ഉപയോഗിക്കുവാനും, ദയാപൂർവ്വമായ പെരുമാറ്റം വളർത്തിയെടുക്കുവാനും ഏവരെയും ക്ഷണിച്ചു.
നോമ്പുകാലം കൂട്ടായ്മയുടെ ചൈതന്യം നമ്മുടെ ജീവിതങ്ങളിൽ പ്രതിഫലിപ്പിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, ഇടവകകൾ, കുടുംബങ്ങൾ, സഭാ കൂട്ടായ്മകൾ , മതസമൂഹങ്ങൾ എന്നിവ നോമ്പുകാലത്ത് പങ്കുവയ്ക്കലിന്റെ യാത്ര നടത്തണമെന്നും ഓർമ്മിപ്പിച്ചു. കഷ്ടപ്പെടുന്നവരുടെ നിലവിളി സ്വാഗതം ചെയ്യപ്പെടുകയും കേൾക്കുകയും ചെയ്യുന്ന സ്ഥലങ്ങളായി നമ്മുടെ സമൂഹങ്ങൾ മാറാൻ ഏവരും പ്രതിജ്ഞാബദ്ധരാകണമെന്നും പാപ്പാ, സന്ദേശത്തിൽ ഏവരെയും ആഹ്വാനം ചെയ്തു. നോമ്പുകാല തീർത്ഥാടനത്തിന് ദൈവാനുഗ്രഹങ്ങളും പാപ്പാ ഏവർക്കും നേർന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
