പാപ്പാ പൊതുകൂടികാഴ്ചാവേളയിൽ പാപ്പാ പൊതുകൂടികാഴ്ചാവേളയിൽ   (@Vatican Media)

ആധിപത്യത്തിന്റെയും മനുഷ്യജീവനോടുള്ള അവഹേളനത്തിന്റെയും യുക്തി മനുഷ്യക്കടത്തിനെ പോഷിപ്പിക്കുന്നു: പാപ്പാ

മനുഷ്യക്കടത്തിനെതിരെയുള്ള, പ്രാർത്ഥനയുടെയും, പ്രതിഫലനത്തിന്റെയും പന്ത്രണ്ടാമത് ദിനം ഫെബ്രുവരി 8 നു ആഘോഷിക്കുന്നു. 'സമാധാനം അന്തസ്സിൽ നിന്നാണ് ആരംഭിക്കുന്നത്: മനുഷ്യക്കടത്ത് അവസാനിപ്പിക്കാനുള്ള ആഗോള ആഹ്വാനം' എന്നതാണ് പാപ്പായുടെ സന്ദേശത്തിന്റെ പ്രമേയം.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മനുഷ്യക്കടത്തിനെതിരെയുള്ള, പന്ത്രണ്ടാമത്, പ്രാർത്ഥനയുടെയും, പ്രതിഫലനത്തിന്റെയും ദിനത്തോടനുബന്ധിച്ച്, മനുഷ്യരാശിക്കെതിരായ ഈ ഗുരുതരമായ കുറ്റകൃത്യത്തെ ചെറുക്കാനും അവസാനിപ്പിക്കാനുമുള്ള സഭയുടെ അഭ്യർത്ഥന, ലിയോ പതിനാലാമൻ പാപ്പാ വീണ്ടും ഓർമ്മപ്പെടുത്തി. നിങ്ങൾക്ക് സമാധാനം എന്ന ഉത്ഥിതനായ ക്രിസ്തുവിന്റെ അഭിവാദ്യം ഉദ്ധരിച്ചുകൊണ്ട്, ആ വാക്കുകൾ, പുതുക്കിയ മാനവികതയിലേക്കുള്ള വഴി ചൂണ്ടിക്കാണിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.

യഥാർഥ സമാധാനം ആരംഭിക്കുന്നത് ഓരോ വ്യക്തിയുടെയും ദൈവദത്തമായ അന്തസ്സിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെയാണെന്നും, എന്നാൽ, അക്രമങ്ങൾ വർധിക്കുന്ന ഒരു സാഹചര്യത്തിൽ, "സ്വന്തം ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ഒരു വ്യവസ്ഥയായി ആയുധങ്ങളിലൂടെ" സമാധാനം തേടാൻ പലരും പ്രലോഭിപ്പിക്കപ്പെടുന്നുവെന്ന വസ്തുത പാപ്പാ എടുത്തുകാണിച്ചു.

നിർഭാഗ്യവശാൽ, ആധിപത്യത്തിന്റെയും മനുഷ്യജീവനോടുള്ള അവഹേളനത്തിന്റെയും അതേ യുക്തി മനുഷ്യക്കടത്തിന്റെ വിപത്തിനെ പോഷിപ്പിക്കുന്നുവെന്നും, ഭൗമരാഷ്ട്രീയ അസ്ഥിരതയും സായുധ സംഘർഷങ്ങളും ഏറ്റവും ദുർബലരായവരെ, പ്രത്യേകിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവർ, കുടിയേറ്റക്കാർ, അഭയാർഥികൾ എന്നിവരെ ചൂഷണം ചെയ്യുന്ന കള്ളക്കടത്തുകാരുടെ ഒരു പ്രജനന കേന്ദ്രം സൃഷ്ടിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

ഇത് സ്ത്രീകളെയും കുട്ടികളെയുമാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന കാര്യവും പാപ്പാ ചൂണ്ടിക്കാണിച്ചു. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർദ്ധിക്കുന്നത് പലരെയും അപകടകരമായ അവസ്ഥയിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും, ഇത് മനുഷ്യക്കടത്ത് നടത്തുന്നവരുടെ വഞ്ചനയിൽ ഉൾപ്പെടുവാൻ അവരെ ഇടയാക്കുന്നുവെന്നുമുള്ള യാഥാർഥ്യവും പാപ്പാ പങ്കുവച്ചു.

ഓൺലൈൻ തട്ടിപ്പ്, മയക്കുമരുന്ന് കടത്ത് തുടങ്ങിയ വഞ്ചനാപരമായ കാര്യങ്ങളിലേക്കും,  ക്രിമിനൽ പ്രവർത്തനങ്ങളിലേക്കും ആളുകളെ ആകർഷിക്കുന്ന സൈബർ അടിമത്തത്തിന്റെ പശ്ചാത്തലത്തിൽ, മനുഷ്യക്കടത്തു ഏറെ ആശങ്കാജനകമാണെന്നും പാപ്പാ എടുത്തു പറഞ്ഞു. ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ, ഇരകൾ, കുറ്റവാളികളായി മുദ്രകുത്തപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

അതിനാൽ ഇത്തരം സന്ദർഭങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോൾ, പ്രാർത്ഥനയിലേക്കും, പ്രതിഫലനങ്ങളിലേക്കും ആശ്രയിക്കണമെന്നും, കൊടുങ്കാറ്റിന്റെ നടുവിൽ നാം കാത്തുസൂക്ഷിക്കേണ്ട "ചെറിയ ജ്വാല"യാണ് പ്രാർത്ഥനയെന്നും, അനീതിയോടുള്ള നിസ്സംഗതയെ ചെറുത്തുനിൽക്കാനുള്ള ശക്തി അത് നമുക്കു നൽകുന്നുവെന്നും പാപ്പാ പറഞ്ഞു.

ആത്യന്തികമായി, ഓരോ വ്യക്തിയെയും ദൈവത്തിന്റെ പ്രിയപ്പെട്ട മകനോ, മകളോ ആയി  കാണുന്ന ഒരു നവമായ  ദർശനത്തിലൂടെ മാത്രമേ മനുഷ്യക്കടത്തിന്റെ അക്രമത്തെ മറികടക്കാൻ കഴിയൂവെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുകയും, സഹായിക്കുകയും ചെയ്യുന്നവർക്ക് നന്ദിയർപ്പിച്ചതോടൊപ്പം, വരുടെ ധൈര്യം, വിശ്വസ്തത, അശ്രാന്ത പ്രതിബദ്ധത എന്നിവയ്ക്ക് കർത്താവ് അവരെ അനുഗ്രഹിക്കട്ടെയെന്നു ആശംസിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 ഫെബ്രുവരി 2026, 14:02