സമർപ്പിതർ തങ്ങളുടെ സമൂഹത്തിൽ കുടുംബാന്തരീക്ഷം ഊട്ടിയുറപ്പിക്കുന്നവരാകണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഓരോ സന്യസസഭകളുടെയും ചരിത്രം വിഭിന്നങ്ങളാണെങ്കിലും, മിഷനറി ദൗത്യത്തിൽ അവയ്ക്കുള്ള സമാനതകൾ എടുത്തു പറഞ്ഞുകൊണ്ടാണ്, മിഷനറി ഒബ്‌ളെറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (Missionary Oblates of Mary Immaculate) സഭയുടെ, നിയമങ്ങളും ഭരണഘടനകളും അംഗീകരിച്ചതിന്റെ 200-ാം വാർഷികത്തോടനുബന്ധിച്ചും, സിസ്റ്റേഴ്സ് ഓഫ് ഔവർ ലേഡി ഓഫ് അപ്പോസൽസ് (Sisters of Our Lady of Apostles) സഭയുടെ 150 മത് സ്ഥാപക വാർഷികത്തോടനുബന്ധിച്ചും ലിയോ പതിനാലാമൻ പാപ്പാ അനുവദിച്ച കൂടിക്കാഴ്ച്ചയിൽ സന്ദേശം നൽകിയത്.
സങ്കീർണ്ണവും നാടകീയവുമായ സംഭവങ്ങളാൽ യൂറോപ്പ് കലുഷിതമായ അവസരത്തിൽ, എല്ലാവരാലും അവഗണിക്കപ്പെട്ട് കേവലം അധ്വാനസ്രോതസ്സായി മാത്രം കണ്ടുകൊണ്ട് ചൂഷണത്തിന് വിധേയരായ ദരിദ്രരുടെയും, തൊഴിലാളികളുടെയും, കർഷകരുടെയും അന്തസ്സ് സംരക്ഷിക്കുന്നതിനായി ഒബ്‌ളെറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭയുടെ സ്ഥാപകനായിരുന്ന വിശുദ്ധ എവുജിൻ ദേ മസേനോദ് നടത്തിയ പരിശ്രമങ്ങളെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളോടുള്ള അനുസരണയും, കാരുണ്യപ്രവർത്തനങ്ങളുടെ ആവശ്യങ്ങളോടുള്ള ശ്രദ്ധയും എല്ലാ സഭകളുടെയും വളർച്ചയ്ക്ക് ഏറെ ആവശ്യമാണെന്നുള്ള വിശുദ്ധന്റെ വാക്കുകളും പാപ്പാ എടുത്തു പറഞ്ഞു.
ഒരു അമ്മയെന്ന നിലയിൽ സഭയെ സ്നേഹിക്കണമെന്നും, സമർപ്പിതരുടെ മിഷനറി തീക്ഷ്ണതയും ജീവിത സമർപ്പണവും ആരും ഇതുവരെ എത്തിച്ചേരാത്ത അതിർത്തികൾക്കപ്പുറം ദരിദ്രരായവർക്കുവേണ്ടിയുള്ള സേവനത്തിലേക്ക് നയിക്കണമെന്നും, ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിൽ പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.
തുടർന്ന്, സിസ്റ്റേഴ്സ് ഓഫ് ഔവർ ലേഡി ഓഫ് അപ്പോസൽസ് സഭയുടെ ആഫ്രിക്കൻ മിഷനുകളിലുള്ള സേവനം പാപ്പാ എടുത്തു പറഞ്ഞു. പ്രയാസകരമായ സാഹചര്യങ്ങളിൽ എപ്പോഴും സന്നിഹിതരായ, സഹോദരിമാരുടെ തീക്ഷ്ണതയെ അനുസ്മരിപ്പിച്ച പാപ്പാ, സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും കൂടുതൽ ആധികാരിക സാക്ഷികളായി മാറുവാൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകളിൽ ചൂണ്ടികാണിച്ചു.
ഇരുസഭകളുടെയും സ്ഥാപകരുടെ പ്രചോദനത്തെ ഒന്നിപ്പിക്കുന്ന വസ്തുത കുടുംബാത്മകമായ അന്തരീക്ഷം സഭയിൽ വളർത്തുക എന്നതാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. ദൈവവുമായുള്ള കണ്ടുമുട്ടലുകളിൽ നിന്നും, വിശുദ്ധ കുർബാനയിൽ നിന്നും, പ്രാർത്ഥനയിൽ നിന്നും, ആരാധനയിൽ നിന്നും, വചനം കേൾക്കുന്നതിൽ നിന്നും, കൂദാശകളുടെ ആഘോഷത്തിൽ നിന്നും ഈ കുടുംബ അന്തരീക്ഷം ഊട്ടിയുറപ്പിക്കണമെന്നും പാപ്പാ സഭാംഗങ്ങളെ ആഹ്വാനം ചെയ്തു. കൂട്ടായ്മയുടെയും വാത്സല്യത്തിന്റെയും ശ്രദ്ധയുടെയും ക്ഷമയുടെയും അടുപ്പത്തിന്റെയും വികാരങ്ങൾ കുടുബത്തിനുള്ളിൽ എപ്പോഴും നിലനിർത്തുവാൻ അംഗങ്ങൾ പരിശ്രമിക്കണമെന്നും പാപ്പാ ഓർമ്മപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
