ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള സംഭാഷണത്തിന്റെ അടിസ്ഥാനം സ്നേഹമാണ്: പാപ്പാ
വിവർത്തനം: ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പ്രിയ സഹോദരങ്ങളെ, സഹോദരിമാരെ, സുപ്രഭാതം, സുസ്വാഗതം!
സമീപ ആഴ്ചകളായി നാം ചിന്തിച്ചുകൊണ്ടിരിക്കുന്ന കൗൺസിൽ പ്രമാണരേഖയായ 'ദേയി വെർബും', സഭയുടെ ജീവിക്കുന്ന പാരമ്പര്യത്തിൽ നാം വായിക്കുന്ന വിശുദ്ധ ഗ്രന്ഥത്തിൽ, ദൈവം ഓരോ കാലഘട്ടത്തിലുമുള്ള പുരുഷന്മാരോടും സ്ത്രീകളോടും സംസാരിക്കുന്നതിനെ ചൂണ്ടിക്കാട്ടുന്നു. അപ്രകാരം, തിരുവചനം ശ്രവിക്കുന്നതിലൂടെ, കൂടുതൽ അറിയുവാനും സ്നേഹിക്കുവാനും സാധിക്കുന്നു. ബൈബിൾ ഗ്രന്ഥങ്ങൾ സ്വർഗ്ഗീയമോ അമാനുഷികമോ ആയ ഭാഷയിൽ എഴുതപ്പെട്ടതല്ല. ദൈനംദിന യാഥാർത്ഥ്യങ്ങൾ നമ്മെ പഠിപ്പിക്കുന്നതുപോലെ, വാസ്തവത്തിൽ, വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന രണ്ട് ആളുകൾക്ക് പരസ്പരം മനസിലാക്കുക അസാധ്യമാണ്. അവർക്ക് സംഭാഷണത്തിൽ പ്രവേശിക്കാൻ കഴിയില്ല, അവർക്ക് ഒരു ബന്ധം സ്ഥാപിക്കാൻ കഴിയില്ല.
ചില സന്ദർഭങ്ങളിൽ, മറ്റൊരാൾ സ്വയം മനസ്സിലാക്കുന്നത് സ്നേഹത്തിന്റെ ആദ്യ പ്രവൃത്തിയാണ്. അതുകൊണ്ടാണ് ദൈവം മനുഷ്യ ഭാഷകൾ ഉപയോഗിച്ച് സംസാരിക്കാൻ തീരുമാനിക്കുന്നത്.അപ്രകാരം, പരിശുദ്ധാത്മാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിവിധ എഴുത്തുകാർ വിശുദ്ധ തിരുവെഴുത്തുകളുടെ വാചകങ്ങൾ തയ്യാറാക്കിയിരിക്കുന്നു. കൗൺസിൽ രേഖ നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ,"നിത്യപിതാവിന്റെ വചനം മനുഷ്യപ്രകൃതിയുടെ ദൗർബല്യങ്ങൾ ഏറ്റെടുത്ത് സ്വയം മനുഷ്യനെപ്പോലെയാക്കിയതുപോലെ, മനുഷ്യഭാഷകളിൽ പ്രകടിപ്പിക്കുന്ന ദൈവവചനങ്ങൾ മനുഷ്യന്റെ സംസാരം പോലെയായിത്തീർന്നു" (ദേയി വേർബും 13). അങ്ങനെ, അതിന്റെ ഉള്ളടക്കത്തിൽ മാത്രമല്ല, അതിന്റെ ഭാഷയിലും, തിരുവെഴുത്ത് മനുഷ്യരോടുള്ള ദൈവത്തിന്റെ കരുണാപൂർണമായ അനുകമ്പയും അവരോട് അടുത്തുനിൽക്കാനുള്ള അവന്റെ ആഗ്രഹവും വെളിപ്പെടുത്തുന്നു.
സഭയുടെ ചരിത്രത്തിനിടയിൽ, ദൈവിക രചയിതാവും, വിശുദ്ധ ഗ്രന്ഥങ്ങളുടെ മനുഷ്യ രചയിതാക്കളും തമ്മിലുള്ള ബന്ധം പഠനം നടത്തിയിട്ടുണ്ട്. നിരവധി നൂറ്റാണ്ടുകൾ, പല ദൈവശാസ്ത്രജ്ഞരും വിശുദ്ധ തിരുവെഴുത്തിന്റെ ദിവ്യ പ്രചോദനത്തെ പ്രതിരോധിക്കുന്നതിൽ ശ്രദ്ധാലുക്കളായിരുന്നു, മനുഷ്യരായ രചയിതാകകളെ പരിശുദ്ധാത്മാവിന്റെ നിഷ്ക്രിയ ഉപകരണങ്ങളായി മാത്രമേ കണക്കാക്കിയിരുന്നുള്ളൂ. എന്നാൽ, സമീപകാലത്ത്, വിശുദ്ധ ഗ്രന്ഥങ്ങളുടെ കരട് തയ്യാറാക്കുന്നതിൽ മനുഷ്യരചയിതാക്കളുടെ സംഭാവനയെ പുനർമൂല്യനിർണ്ണയം ചെയ്തിട്ടുണ്ട്, വിശുദ്ധ തിരുവെഴുത്തുകളുടെ പ്രധാന "രചയിതാവ്" ആയി ദൈവത്തെ എടുത്തു പറയുന്നതോടൊപ്പം, മനുഷ്യരചയിതാക്കളെ വിശുദ്ധ ഗ്രന്ഥങ്ങളുടെ "യഥാർത്ഥ രചയിതാക്കൾ" എന്നും വിളിക്കുന്നു.
കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു തീവ്രവ്യാഖ്യാതാവ് നിരീക്ഷിച്ചതുപോലെ, "മാനുഷിക പ്രവർത്തനത്തെ ഒരു സാധാരണ എഴുത്തുകാരന്റെ പ്രവർത്തനത്തിലേക്കു താഴ്ത്തുന്നത് ദൈവിക പ്രവർത്തനത്തെ മഹത്ത്വപ്പെടുത്തലല്ല". ദൈവം ഒരിക്കലും മനുഷ്യനെയും അവന്റെ കഴിവുകളെയുംഅവഹേളിക്കുന്നില്ല!
അതിനാൽ, തിരുവെഴുത്ത് മനുഷ്യന്റെ വാക്കുകളിൽ രചിക്കപ്പെട്ട ദൈവത്തിന്റെ വചനമാണെങ്കിൽ, ഈ രണ്ട് മാനങ്ങളിൽ ഒന്നിനെപോലും അവഗണിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്ന ഏതൊരു സമീപനവും ഭാഗികമാണ്. വിശുദ്ധ ഗ്രന്ഥങ്ങളുടെ ശരിയായ വ്യാഖ്യാനത്തിന്, അവ പക്വത പ്രാപിച്ച ചരിത്രപരമായ അന്തരീക്ഷത്തെയും, ഉപയോഗിച്ച സാഹിത്യരൂപങ്ങളെയും അവഗണിക്കാൻ കഴിയില്ല. വാസ്തവത്തിൽ, ദൈവം ഉപയോഗിച്ച മാനുഷിക വാക്കുകളുടെ പഠനം ഉപേക്ഷിക്കുന്നത് അതിന്റെ അർത്ഥത്തെ ഒറ്റിക്കൊടുക്കുന്ന തിരുവെഴുത്തുകളുടെ മൗലികവാദത്തിലേക്കോ അല്ലെങ്കിൽ പൊരുളിനെ ഒറ്റുകൊടുക്കുന്ന ആത്മീയ വായനയുടെ അപകടത്തിലേക്കോ നയിക്കുന്നു.
ഈ തത്ത്വം ദൈവവചനത്തിന്റെ പ്രഘോഷണത്തിനും ബാധകമാണ്: മനുഷ്യരുടെ പ്രതീക്ഷകളുമായും കഷ്ടപ്പാടുകളുമായുമുള്ള യാഥാർത്ഥ്യത്തിലൂന്നിയ ബന്ധം നഷ്ടപ്പെടുകയാണെങ്കിലോ, മനസ്സിലാക്കാൻ കഴിയാത്തതോ ആശയവിനിമയം നടത്താത്തതോ കാലഹരണപ്പെട്ടതോ ആയ ഭാഷ ഉപയോഗിക്കുകയാണെങ്കിലോ, അത് ഫലപ്രദമാവുകയില്ല. ഓരോ യുഗത്തിലും ചരിത്രത്തിൽ പുനർജനിക്കുവാനും, ഹൃദയങ്ങളിലേക്ക് എത്തിച്ചേരാനും കഴിവുള്ള ഒരു ഭാഷയോടെ ദൈവവചനം പുനർനിർദ്ദേശിക്കാനാണ് സഭ വിളിക്കപ്പെടുന്നത്. ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചതുപോലെ, ഓരോ തവണയും നാം ഉറവിടത്തിലേക്ക് മടങ്ങാനും സുവിശേഷത്തിന്റെ യഥാർത്ഥ പുതുമ വീണ്ടെടുക്കാനും ശ്രമിക്കുമ്പോഴും, പുതിയ പാതകൾ, സർഗ്ഗാത്മക രീതികൾ, മറ്റ് ആവിഷ്കാര രൂപങ്ങൾ, കൂടുതൽ വാചാലമായ അടയാളങ്ങൾ, ഇന്നത്തെ ലോകത്തിന് പുതിയ അർത്ഥം നൽകുന്ന വാക്കുകൾ എന്നിവ ഉടലെടുക്കുന്നു.
എന്നാൽ മറുവശത്ത്, തിരുവെഴുത്തുകളുടെ വായന, അതിന്റെ ദിവ്യ ഉത്ഭവത്തെ അവഗണിക്കുകയും അതിനെ കേവലം ഒരു മനുഷ്യ പഠിപ്പിക്കലായി മാത്രം മനസ്സിലാക്കുകയും ചെയ്യുന്ന ഒരു രീതിയുമുണ്ട്. സാങ്കേതിക വീക്ഷണകോണിൽ നിന്ന് കേവലം പഠിക്കേണ്ട ഒന്നായി അല്ലെങ്കിൽ "ഭൂതകാലത്തിന്റെ മാത്രം ഒരു വാചകം" ആയി തിരുവചനത്തെ മനസ്സിലാക്കുന്നു. എന്നാൽ, ആരാധനാക്രമത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും, തിരുവചനം ഇന്നത്തെ വിശ്വാസികളോട് സംസാരിക്കാനുള്ളതാണ്. അവരുടെ ഇപ്പോഴത്തെ ജീവിതത്തെ, അതിന്റെ പ്രശ്നങ്ങളിൽ സ്പർശിക്കുകയും, സ്വീകരിക്കേണ്ട നടപടികളെയും കൈക്കൊള്ളേണ്ട തീരുമാനങ്ങളെയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു. വിശുദ്ധ ഗ്രന്ഥങ്ങളെ പ്രചോദിപ്പിച്ച അതേ ആത്മാവിന്റെ മാർഗനിർദേശപ്രകാരം, ഒരു വിശ്വാസി, വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ.
ഈ അർത്ഥത്തിൽ, വിശുദ്ധ അഗസ്റ്റിൻ നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, വിശ്വാസികളുടെ ജീവിതത്തെയും, സന്മനോഭാവത്തെയും ദാനധർമ്മത്തെയും പരിപോഷിപ്പിക്കാൻ തിരുവെഴുത്ത് സഹായിക്കുന്നു. " ദിവ്യതിരുവെഴുത്തുകൾ മനസ്സിലാക്കിയെന്ന് കരുതുന്നവൻ [...], ഈ ധാരണയിലൂടെ ദൈവത്തിന്റെയും അയൽക്കാരന്റെയും ദ്വിമുഖ സ്നേഹത്തിന്റെ സൗധം ഉയർത്താൻ കഴിയുന്നില്ലെങ്കിൽ, അവ ഇതുവരെ മനസ്സിലാക്കിയിട്ടില്ല". തിരുവെഴുത്തുകളുടെ ദിവ്യ ഉത്ഭവം നമ്മെ ഓർമ്മിപ്പിക്കുന്നതു ഇതാണ്, ജ്ഞാനസ്നാനം സ്വീകരിച്ചവരുടെ സാക്ഷ്യത്തിനായി നൽകപ്പെട്ട വിശുദ്ധ സുവിശേഷം, ജീവിതത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും എല്ലാ മാനങ്ങളെയും ഉൾക്കൊള്ളുമ്പോൾ, അത്യുത്കൃഷ്ടമാകുന്നു. ഇത് കേവലം ജീവകാരുണ്യ അല്ലെങ്കിൽ സാമൂഹിക സന്ദേശമായി ചുരുക്കാൻ കഴിയില്ല, മറിച്ച് യേശുവിൽ ദൈവം നമുക്ക് നൽകിയിരിക്കുന്ന പൂർണ്ണവും നിത്യവുമായ ജീവിതത്തിന്റെ സന്തോഷകരമായ പ്രഖ്യാപനമാണ്.
പ്രിയ സഹോദരീ സഹോദരന്മാരേ, നമുക്ക് കർത്താവിനു നന്ദി പറയാം, കാരണം അവിടുത്തെ നന്മയാൽ അവിടുന്ന് നമ്മുടെ ജീവിതത്തിൽ അവിടുത്തെ വചനത്തിന്റെ അനിവാര്യമായ പോഷണത്തിന്റെ അഭാവം അനുവദിക്കുന്നില്ല, നമ്മുടെ വാക്കുകൾ അതിലുപരിയായി നമ്മുടെ ജീവിതത്തിൽ പ്രകടമാകുന്ന ദൈവസ്നേഹത്തെ അവ്യക്തമാക്കാതിരിക്കാൻ നമുക്കു പ്രാർത്ഥിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
