തിരയുക

ജീവിതത്തിന്റെ രുചി നഷ്ടപ്പെടുകയും, സന്തോഷം ഇല്ലാതാവുകയും ചെയ്താലും ദൈവം നമ്മെ തള്ളിക്കളയുകയില്ല: പാപ്പാ

ഫെബ്രുവരി മാസം എട്ടാം തീയതി ലിയോ പതിനാലാമൻ പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥന വേളയിൽ നൽകിയ സന്ദേശത്തിന്റെ മലയാള പരിഭാഷ. ലത്തീൻ ആരാധന ക്രമമനുസരിച്ച് ഞായറാഴ്ച്ച വായിക്കപ്പെട്ട സുവിശേഷഭാഗത്തെ ആധാരമാക്കിയുള്ളതായിരുന്നു പാപ്പായുടെ സന്ദേശം.
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രിയ സഹോദരീ സഹോദരന്മാരേ, സന്തോഷകരമായ ഞായറാഴ്ച!

സുവിശേഷഭാഗ്യങ്ങളെക്കുറിച്ചുള്ള പ്രഭാഷണത്തിന് ശേഷം, യേശു അവ ജീവിക്കുന്നവരിലേക്ക് തിരിയുന്നു. അവരുടെ ജീവിതം  വഴിയായി, ഭൂമി ഇനി പഴയതുപോലെയല്ലെന്നും ലോകം ഇനി ഇരുട്ടിലല്ലെന്നും യേശു പറയുന്നു. "നിങ്ങൾ ഭൂമിയുടെ ഉപ്പാണ്. […] നിങ്ങൾ ലോകത്തിന്റെ വെളിച്ചമാണ്" ( മത്തായി 5:13-14). വാസ്തവത്തിൽ, ജീവിതത്തിന് രുചി നൽകുകയും മുമ്പ് പ്രകാശപൂരിതമല്ലാതിരുന്നതിനെ  വെളിച്ചത്തു കൊണ്ടുവരികയും ചെയ്യുന്നത് യഥാർത്ഥ സന്തോഷമാണ്. ഈ സന്തോഷം ഒരു ജീവിതശൈലിയിൽ നിന്നാണ് ഉടലെടുക്കുന്നത്, ഭൂമിയിൽ വസിക്കുന്നതും ഒരുമിച്ച് ജീവിക്കുന്നതുമായ ഒരു രീതിയിൽ നിന്നാണ് അത്  ഉത്ഭവിക്കുന്നത്, അത് നാം ആഗ്രഹിക്കുകയും തിരഞ്ഞെടുക്കുകയും വേണം. യേശുവിൽ തിളങ്ങുന്ന ജീവിതമാണ് അത്, അവന്റെ ആംഗ്യങ്ങളുടെയും വാക്കുകളുടെയും പുതിയ രുചിയാണത്.

 ഈ രുചി കണ്ടെത്തിയതിനു ശേഷം, അവ്യക്തവും അതാര്യവുമായിരിക്കുകയും, ആത്മാവിന്റെ ദാരിദ്ര്യത്തിൽ നിന്നും, അവന്റെ സൗമ്യതയിൽ നിന്നും, ഹൃദയത്തിന്റെ ലാളിത്യത്തിൽ നിന്നും, നീതിക്കുവേണ്ടിയുള്ള വിശപ്പിൽ നിന്നും ദാഹത്തിൽ നിന്നും അകന്നു നിന്നിരുന്നതെല്ലാം, പരിവർത്തനത്തിന്റെയും അനുരഞ്ജനത്തിന്റെയും ചലനാത്മകതയായി, കരുണയും സമാധാനവും സജീവമാക്കുന്നു.

അനീതിക്ക് അറുതി വരുത്തുന്ന മൂർത്തമായ പ്രവൃത്തികളെ പ്രവാചകനായ ഏശയ്യാ എടുത്തുകാണിക്കുന്നു. വിശക്കുന്നവരുമായി അപ്പം പങ്കിടുക, ദരിദ്രരെയും ഭവനരഹിതരെയും നമ്മുടെ വീടുകളിലേക്ക് കൊണ്ടുവരിക, നഗ്നരെ വസ്ത്രം ധരിപ്പിക്കുക, നമ്മുടെ അയൽക്കാരെയും കുടുംബത്തെയും അവഗണിക്കാതിരിക്കുക (ഏശയ്യാ 58:7). അപ്പോൾ, പ്രവാചകൻ തുടരുന്നു, "നിങ്ങളുടെ വെളിച്ചം പ്രഭാതം പോലെ പ്രകാശിക്കും, നിങ്ങളുടെ മുറിവ് വേഗത്തിൽ ഉണങ്ങും" (വാക്യം 8).

ഒരു വശത്ത്, മറയ്ക്കാൻ കഴിയാത്ത വെളിച്ചം:  കാരണം അത് എല്ലാ പ്രഭാതത്തിലും ഇരുട്ടിനെ തുരത്തുന്ന സൂര്യനെപ്പോലെ വലുതാണ്. മറുവശത്ത് ഒരിക്കൽ വേദനിപ്പിച്ചിരുന്നു ഒരു മുറിവ് ഇപ്പോൾ സൗഖ്യം അനുഭവിക്കുന്നു.

വാസ്തവത്തിൽ, രുചി നഷ്ടപ്പെടുകയും സന്തോഷം ഉപേക്ഷിക്കുകയും ചെയ്യുന്നത് വേദനാജനകമാണ്; എന്നിരുന്നാലും, നമ്മുടെ ഹൃദയങ്ങളിൽ ഈ മുറിവ് ഉണ്ടാകാൻ സാധ്യതയുണ്ട്. തന്നെ ശ്രവിക്കുന്നവരോട് സന്തോഷം ഉപേക്ഷിക്കരുതെന്ന് യേശു മുന്നറിയിപ്പ് നൽകുന്നു. രുചി നഷ്ടപ്പെട്ട ഉപ്പ്, "പുറത്തെടുക്കപ്പെടുകയും കാൽക്കീഴിൽ ചവിട്ടപ്പെടുകയും ചെയ്യാനല്ലാതെ മറ്റൊന്നിനും ഉപകരിക്കുകയില്ല എന്ന് കർത്താവ് പറയുന്നു. എത്ര പേർക്ക് - ഒരുപക്ഷേ നമ്മൾ അത് അനുഭവിച്ചിട്ടുണ്ടാകാം - തങ്ങൾ വലിച്ചെറിയപ്പെടുന്നുവെന്നും എല്ലാം തെറ്റിപ്പോയെന്നും തോന്നിയേക്കാം.  അവരുടെ വെളിച്ചം മറഞ്ഞിരിക്കുന്നതുപോലെയാണ്.

എന്നിരുന്നാലും, നമ്മെ ഒരിക്കലും തള്ളിക്കളയാത്ത ഒരു ദൈവത്തെയും, നമ്മുടെ നാമത്തെയും, നമ്മുടെ അതുല്യതയെയും കാത്തുസൂക്ഷിക്കുന്ന ഒരു പിതാവിനെയും യേശു നമ്മോട്  പ്രഖ്യാപിക്കുന്നു. എല്ലാ മുറിവുകളും, എത്ര ആഴത്തിലുള്ളതാണെങ്കിലും, സുവിശേഷ ഭാഗ്യങ്ങളുടെ  വചനത്തെ സ്വാഗതം ചെയ്തുകൊണ്ട് നമ്മെ സുവിശേഷത്തിന്റെ പാതയിലേക്ക് തിരികെ കൊണ്ടുവരുന്നതിലൂടെ സുഖപ്പെടുത്തും. തീർച്ചയായും, അവ മറ്റുള്ളവരോടുള്ള തുറന്ന മനസ്സിന്റെയും,  സന്തോഷം പുനരുജ്ജീവിപ്പിക്കുന്ന ശ്രദ്ധയുടെയും അടയാളങ്ങളാണ്. തീർച്ചയായും, അവയുടെ ലാളിത്യത്തിൽ, നമ്മെ ഒഴുക്കിനെതിരെ നീന്തുവാൻ ശീലിപ്പിക്കുന്നു. മരുഭൂമിയിൽ, മറ്റ് വഴികളിലൂടെ യേശു തന്നെ പരീക്ഷിക്കപ്പെട്ടു: അവിടെ തന്റെ വ്യക്തിത്വത്തിന്റെ പ്രഭാവം വെളിപ്പെടുത്തുകയും, തന്റെ കാൽക്കീഴിൽ ലോകത്തെ നിർത്തുകയും ചെയ്തു. എന്നിരുന്നാലും, തന്റെ യഥാർത്ഥ അർത്ഥം നഷ്ടപ്പെടുമായിരുന്ന പാതകളെ, നാം ഓരോ ഞായറാഴ്ച്ചകളിലും അനുഭവിക്കുന്ന, തന്റെ ജീവനും, നിശബ്ദമായി തുടരുന്ന സ്നേഹവും, വെളിവാക്കപ്പെട്ട  മുറിയപ്പെടുന്ന അപ്പം വഴിയായി അവൻ ഒഴിവാക്കി. 

സഹോദരീ സഹോദരന്മാരേ, യേശുവുമായുള്ള കൂട്ടായ്മയാൽ പോഷിപ്പിക്കപ്പെടുകയും പ്രബുദ്ധരാകുകയും ചെയ്യാൻ നമുക്ക് നമ്മെത്തന്നെ അനുവദിക്കാം. പ്രകടനങ്ങൾ ഒന്നും കൂടാതെ മലമുകളിൽ പണിതുയർത്തപ്പെട്ട ഒരു നഗരമായി അപ്രകാരം നാം ആയിത്തീരും; ദൃശ്യമാകുക മാത്രമല്ല, ക്ഷണിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഒരു നഗരം. എല്ലാവരും വസിക്കാനും, അപ്രകാരം സമാധാനം കണ്ടെത്തുവാനും സാധിക്കുന്ന ദൈവത്തിന്റെ നഗരം. തന്റെ തിരുക്കുമാരന്റെ ശിഷ്യന്മാരാകുവാനും, നിലനിൽകുവാനും വേണ്ടി സ്വർഗ്ഗകവാടമായ പരിശുദ്ധ മറിയത്തിലേക്ക് ഇപ്പോൾ നമുക്ക് നമ്മുടെ ദൃഷ്ടിയും, പ്രാർത്ഥനയും തിരിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഫെബ്രുവരി 2026, 08:54