തിരയുക

പാപ്പാ  സന്ദേശം നൽകുന്നു  പാപ്പാ സന്ദേശം നൽകുന്നു   (ANSA)

നോമ്പുകാലത്ത് നമുക്ക് അപരനെ ശ്രവിക്കാം: പാപ്പാ

ഫെബ്രുവരി മാസം ഇരുപത്തിരണ്ടാം തീയതി ലിയോ പതിനാലാമൻ പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥന വേളയിൽ നൽകിയ സന്ദേശത്തിന്റെ മലയാള പരിഭാഷ. ലത്തീൻ ആരാധന ക്രമമനുസരിച്ച് ഞായറാഴ്ച്ച വായിക്കപ്പെട്ട സുവിശേഷഭാഗത്തെ ആധാരമാക്കിയുള്ളതായിരുന്നു പാപ്പായുടെ സന്ദേശം.
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രിയ സഹോദരങ്ങളെ, സഹോദരിമാരെ , ശുഭ ഞായറാഴ്ച്ച!

നോമ്പുകാലത്തിന്റെ ഒന്നാം ഞായറാഴ്ച്ചയായ ഇന്ന്, ആത്മാവിനാൽ മരുഭൂമിയിലേക്ക് നയിക്കപ്പെട്ടു പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടുന്ന യേശുവിനെ കുറിച്ചാണ് നമ്മോട് സംസാരിക്കുന്നത്. നാൽപ്പത് ദിവസം ഉപവസിച്ച ശേഷം, തന്റെ മാനുഷികമായ  ഭാരം അദ്ദേഹത്തിന് അനുഭവപ്പെടുന്നു: ശാരീരിക തലത്തിൽ വിശപ്പും ധാർമ്മിക തലത്തിൽ പിശാചിന്റെ പ്രലോഭനങ്ങളും. നമ്മുടെ യാത്രയിൽ നാമെല്ലാവരും അനുഭവിക്കുന്ന അതേ ക്ഷീണം അവനും  അനുഭവിക്കുന്നു, പിശാചിനെ ചെറുത്തുനിൽക്കുന്നതിലൂടെ, അവന്റെ വഞ്ചനകളെയും കെണികളെയും എങ്ങനെ മറികടക്കാമെന്ന് അവൻ നമുക്ക് കാണിച്ചുതരുന്നു.

പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നിവയിലൂടെ നമ്മുടെ ജീവിതത്തിലെ അതുല്യമായ പദ്ധതി സാക്ഷാത്കരിക്കുന്നതിൽ കർത്താവുമായുള്ള സഹകരണം പുതുക്കാൻ കഴിയുന്ന, ഒരു തിളക്കമാർന്ന യാത്രാവിവരണമായി നോമ്പിനെ ദർശിക്കുവാൻ  ആരാധനാക്രമം, ജീവനുള്ള ഈ വചനത്തിലൂടെ  നമ്മെ ക്ഷണിക്കുന്നു. കറകൾ നീക്കം ചെയ്യാനും,  അതിൽ പാപം ഉളവാക്കിയേക്കാവുന്ന മുറിവുകൾ സുഖപ്പെടുത്താനും യഥാർത്ഥ സന്തോഷത്തിന്റെ ഏക ഉറവിടമായ സ്നേഹത്തിന്റെ പൂർണ്ണതയിലേക്ക് അതിന്റെ എല്ലാ സൗന്ദര്യത്തിലും തഴച്ചുവളരാൻ ശ്രമിക്കുന്നതിനും അവനെ അനുവദിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

തീർച്ചയായും ഇത് ഏറെ ആവശ്യമായ ഒരു യാത്രയാണ്. എന്നാൽ ഇവിടെയുള്ള അപകടസാധ്യത, നമ്മുടെ നിരുത്സാഹവും, അല്ലെങ്കിൽ സമ്പത്ത്, പ്രശസ്തി, അധികാരം എന്നിവ പോലുള്ള സംതൃപ്തിയിലേക്കുള്ള എളുപ്പ പാതകളിലേക്ക് നാം ആകർഷിക്കപെടുന്നു എന്നുള്ളതാണ്.

 യേശുവിന്റെ പ്രലോഭനങ്ങൾ കൂടിയായ ഇവ  നാം സൃഷ്ടിക്കപ്പെട്ട സന്തോഷത്തിനു പകരം വയ്ക്കലുകൾ മാത്രമാണ്.  ആത്യന്തികമായി, അവ നമ്മെ അസംതൃപ്തരും അസ്വസ്ഥരും ശൂന്യരുമാക്കുന്നു.

അതുകൊണ്ടാണ് വിശുദ്ധ പോൾ ആറാമൻ പാപ്പാ പഠിപ്പിച്ചത്, പ്രായശ്ചിത്തം - നമ്മുടെ മാനവികതയെ ദാരിദ്ര്യത്തിലാക്കുന്നതിനുപകരം - സ്നേഹത്തിലേക്കും, കർത്താവിലുള്ള സമർപ്പണത്തിലേക്കും നമ്മെ നയിച്ചുകൊണ്ട് അതിനെ സമ്പന്നമാക്കുകയും ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പ്രായശ്ചിത്തം, വാസ്തവത്തിൽ, നമ്മുടെ പരിമിതികളെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുമ്പോൾത്തന്നെ, അവയെ മറികടക്കാനും ദൈവത്തിന്റെ സഹായത്തോടെ, അവനുമായും, നമുക്കിടയിലും തീവ്രമായ കൂട്ടായ്മയിൽ ജീവിക്കാനുമുള്ള ശക്തിയും നൽകുന്നു.

അതിനാൽ കൃപയുടെ ഈ കാലത്ത്,  പ്രാർത്ഥനയോടും,  കാരുണ്യപ്രവർത്തനങ്ങളോടും ചേർന്ന്  നമുക്ക് ഉദാരമായി പ്രായശ്ചിത്തം ചെയ്യാം. ടെലിവിഷനുകളും റേഡിയോകളും സെൽഫോണുകളും കുറച്ചുനേരം ഓഫ് ചെയ്ത് നമുക്ക് നിശബ്ദതയ്ക്ക് ഇടം സൃഷ്ടിക്കാം. നമുക്ക് ദൈവവചനത്തെക്കുറിച്ച് ധ്യാനിക്കാം, കൂദാശകളെ സമീപിക്കാം, നമ്മുടെ ഹൃദയത്തിൽ നമ്മോട് സംസാരിക്കുന്ന പരിശുദ്ധാത്മാവിന്റെ ശബ്ദം കേൾക്കാം. നമ്മുടെ കുടുംബങ്ങളിലും തൊഴിലിടങ്ങളിലും സമൂഹങ്ങളിലും നമുക്ക് പരസ്പരം ശ്രവിക്കാം. ഒറ്റയ്ക്കുള്ളവർക്ക്, പ്രത്യേകിച്ച് പ്രായമായവർ, ദരിദ്രർ, രോഗികൾ എന്നിവർക്കായി നമുക്ക് സമയം നീക്കിവയ്ക്കാം. അനാവശ്യമായത് ഉപേക്ഷിക്കുന്നതിനാൽ നാം ലാഭിക്കുന്നത് ആവശ്യമുള്ളവരുമായി പങ്കുവെക്കാൻ നമുക്കു കഴിയും.

വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നതുപോലെ  "വിനയത്തിലും,  ദാനധർമ്മത്തിലും,  ഉപവാസത്തിലും,  കാരുണ്യപ്രവൃത്തിയിലും,  സംയമനത്തിലും, ക്ഷമയിലും നല്ല കാര്യങ്ങൾ  നൽകുകയും,  തിന്മയെ തിരികെ നൽകാതിരിക്കുകയും,  തിന്മയിൽ  നിന്ന് പിന്തിരിയുകയും നന്മ പ്രവർത്തിക്കുകയും ചെയ്യുന്ന നമ്മുടെ പ്രാർത്ഥന, സ്വർഗത്തിൽ എത്തുകയും, നമുക്ക് സമാധാനം നൽകുകയും ചെയ്യും."

പരീക്ഷണ സമയങ്ങളിൽ എല്ലായ്പ്പോഴും മക്കളെ സഹായിക്കുന്ന നമ്മുടെ  അമ്മയായ കന്യകാമറിയത്തിനു നമ്മുടെ ഈ നോമ്പുകാല യാത്രയെ ഭരമേല്പിക്കാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഫെബ്രുവരി 2026, 14:00