തിരയുക

പാപ്പാ അഭിവാദ്യം ചെയ്യുന്നു പാപ്പാ അഭിവാദ്യം ചെയ്യുന്നു   (@VATICAN MEDIA)

സഭകളിലെ ചരിത്രപരവും സാംസ്കാരികവുമായ വ്യത്യാസങ്ങൾ ക്രൈസ്തവ പൈതൃകത്തിന്റെ പങ്കുവയ്ക്കലിനെ പ്രതിനിധീകരിക്കുന്നു: പാപ്പാ

പൗരസ്ത്യ ഓർത്തഡോക്സ് സഭകളിൽ നിന്നും, റോമിൽ പഠന സന്ദർശനത്തിനായി എത്തിയ യുവ പുരോഹിതന്മാരുമായും, സന്യാസിമാരുമായും, ഫെബ്രുവരി മാസം അഞ്ചാം തീയതി, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തുകയും, സന്ദേശം നൽകുകയും ചെയ്തു.

ഫാ.ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

"ക്രിസ്തുവിലായിരിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം" എന്ന വിശുദ്ധ പത്രോസ് ശ്ലീഹായുടെ ലേഖനത്തിലെ വചനം ഉദ്ധരിച്ചുകൊണ്ടാണ്, പൗരസ്ത്യ ഓർത്തഡോക്സ് സഭകളിൽ നിന്നും, റോമിൽ പഠന സന്ദർശനത്തിനായി എത്തിയ യുവ പുരോഹിതന്മാരെയും,  സന്യാസിമാരെയും പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ഫെബ്രുവരി മാസം അഞ്ചാം തീയതി, വത്തിക്കാനിൽ സ്വീകരിക്കുകയും, കൂടിക്കാഴ്ച്ച നടത്തി സന്ദേശം നൽകുകയും ചെയ്തത്.

അർമേനിയൻ, കോപ്റ്റിക്, എത്യോപ്യൻ, എറിത്രിയൻ, മലങ്കര, സുറിയാനി ഓർത്തഡോക്സ് സഭകളിൽ നിന്നുള്ള അംഗങ്ങളാണ് എത്തിച്ചേർന്നത്. ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള  ഡികാസ്റ്ററി സംഘടിപ്പിക്കുന്ന ഈ പഠന സന്ദർശനത്തിൽ സംബന്ധിക്കുന്നതിനായി,  അംഗങ്ങളെ അയച്ച വിവിധ സഭകളുടെ തലവന്മാർക്ക് പാപ്പാ നന്ദിയറിയിച്ചു.

കത്തോലിക്കാ സഭയെക്കുറിച്ചും, പ്രത്യേകിച്ച് റോമൻ ക്യൂരിയ, റോമൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചും  കൂടുതലറിയാൻ  അവസരം നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ഈ സന്ദർശനം ഏവർക്കും ആസ്വാദ്യകരമായി എന്ന് താൻ കരുതുന്നതായും പാപ്പാ പറഞ്ഞു. അംഗങ്ങളുടെ സന്ദർശനം ഒരു വലിയ അനുഗ്രഹമാണെന്നും, അതുവഴി വിവിധ സഭകളെക്കുറിച്ച് കൂടുതൽ അറിയുവാൻ ഏവരെയും പ്രാപ്തരാക്കിയെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ക്രൈസ്തവ ഐക്യവാരത്തിന്റെ പ്രമേയമായ, വിശുദ്ധ പൗലോസിന്റെ,  "ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്" എന്ന വാക്കുകൾ എടുത്തുപറഞ്ഞ പാപ്പാ, ഇസ്രായേൽ, ഏഷ്യാമൈനർ, സിറിയ, അറേബ്യ, യൂറോപ്പ് എന്നിവിടങ്ങളിലുടനീളം വ്യാപകമായി സഞ്ചരിച്ച ഒരു വ്യക്തിയാണ് വിശുദ്ധനെന്നും, ഓരോ സഭയുടെയും പ്രത്യേകതകളെക്കുറിച്ച്, അതായത് അവരുടെ വംശീയത, ആചാരങ്ങൾ, വെല്ലുവിളികൾ, ആശങ്കകൾ എന്നിവയെക്കുറിച്ച് അദ്ദേഹം ഏറെ ബോധവാനായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

തൽഫലമായി, തന്റെ കത്തുകളിലുടനീളം, അവർ ക്രിസ്തുവിന്റെ ഒരു നിഗൂഢ ശരീരത്തിന്റെ ഭാഗമാണെന്ന് അവരെ ഓർമ്മിപ്പിക്കാൻ പൗലോസ് ശ്ലീഹ നടത്തിയ പരിശ്രമങ്ങളേയും പാപ്പാ അനുസ്മരിച്ചു. പരസ്പരം പിന്തുണയ്ക്കാനും, ദൈവത്തിന്റെ അതീന്ദ്രിയ സ്വഭാവത്തെയും ഏകത്വത്തെയും പ്രതിഫലിപ്പിക്കുന്ന വിശ്വാസത്തിന്റെയും പഠിപ്പിക്കലുകളുടെയും ഐക്യം നിലനിർത്താനും ശ്ലീഹ നൽകിയ പ്രോത്സാഹനവും പാപ്പാ ചൂണ്ടിക്കാട്ടി.

സഭകളിലെ ചരിത്രപരവും സാംസ്കാരികവുമായ വ്യത്യാസങ്ങൾ ക്രൈസ്തവ പൈതൃകത്തിന്റെ പങ്കുവയ്ക്കലിനെ പ്രതിനിധീകരിക്കുന്നുവെന്നും, അതിനാൽ,  സമാധാനത്തിന്റെ ആത്യന്തിക ഉറവിടമായ ക്രിസ്തുവിലുള്ള നമ്മുടെ പങ്കുവയ്ക്കുന്ന  വിശ്വാസത്തിൽ വളരാൻ പരസ്പരം പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

മുൻവിധികൾ നീക്കം ചെയ്യുകയും നമ്മുടെ ഹൃദയങ്ങളെ നിരായുധരാക്കുകയും ചെയ്യുമ്പോൾ മാത്രമാണ്, നാം സ്നേഹത്തിൽ വളരുകയും, കൂടുതൽ അടുത്ത് പ്രവർത്തിക്കുകയും, ക്രിസ്തുവിൽ നമ്മുടെ ഐക്യത്തിന്റെ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.  ഈ വിധത്തിൽ, ക്രിസ്തീയ ഐക്യം ഭൂമിയിലെ സമാധാനത്തിനും എല്ലാവരുടെയും അനുരഞ്ജനത്തിനും വേണ്ടിയുള്ള ഒരു പുളിപ്പായി മാറുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ഫെബ്രുവരി 2026, 14:10