ലിയോ പതിനാലാമൻ  പാപ്പാ അംഗങ്ങളുമൊത്ത് ലിയോ പതിനാലാമൻ പാപ്പാ അംഗങ്ങളുമൊത്ത്   (@VATICAN MEDIA )

വത്തിക്കാൻ സേവനത്തിൽ പ്രവർത്തകരുടെ പ്രതിജ്ഞാബദ്ധതയ്ക്ക് പാപ്പാ നന്ദിയർപ്പിച്ചു

വത്തിക്കാൻ ബസിലിക്കയിലും, മറ്റു ആരാധനാഭവനങ്ങളിലും, പാപ്പാ പങ്കെടുക്കുന്ന പരിപാടികളിലും, പുഷ്പാലങ്കാരം നടത്തുന്നവരും, കെട്ടിട പരിപാലന ജീവനക്കാരും, അവരുടെ കുടുംബാംഗങ്ങളും, മേൽനോട്ടക്കാരുമായി, ലിയോ പതിനാലാമൻ പാപ്പാ, ഫെബ്രുവരി മാസം എട്ടാം തീയതി കൂടിക്കാഴ്ച്ച നടത്തുകയും, അവർക്ക് നന്ദിയർപ്പിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഫെബ്രുവരി മാസം എട്ടാം തീയതി ഞായറാഴ്ച്ച , ത്രികാല പ്രാർത്ഥനയ്ക്ക്  മുന്നോടിയായി, വത്തിക്കാനിൽ വിവിധ പരിപാടികളിൽ, പുഷ്പാലങ്കാരം നടത്തുന്നവരും, കെട്ടിട പരിപാലന ജീവനക്കാരും, അവരുടെ കുടുംബാംഗങ്ങളും,  മേൽനോട്ടക്കാരുമായി, ലിയോ പതിനാലാമൻ  പാപ്പാ, കൂടിക്കാഴ്ച്ച നടത്തി.

അവരുടെ സേവനങ്ങളിൽ, കാണിക്കുന്ന അർപ്പണബോധത്തെയും, പ്രതിബദ്ധതയെയും പ്രത്യേകം  അനുസ്മരിച്ച പാപ്പാ, അവർക്ക് നന്ദിയർപ്പിക്കുകയും ചെയ്തു. ജൂബിലി വർഷത്തിൽ, ഇവർ ചെയ്ത സേവനങ്ങൾ മൂലം, തീർത്ഥാടകർക്ക്, അവരുടെ യാത്ര സുഗമമായി നടത്തുവാനും,  ക്രമത്തോടും ശാന്തതയോടും കൂടി വിശുദ്ധ വാതിൽ കടക്കുന്നതിനും, തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനും സാധിച്ചുവെന്നതും പാപ്പാ എടുത്തു പറഞ്ഞു.

ഭാവിയിലും, ഈ തീക്ഷ്ണതയോടെ സേവനങ്ങളെ മുൻപോട്ടു കൊണ്ടുപോകുവാനും പാപ്പാ ആഹ്വാനം ചെയ്തു. വത്തിക്കാൻ പരിതസ്ഥിതികളുടെ ശ്രദ്ധാപൂർവ്വമായ പരിചരണവും,  പ്രത്യേകിച്ച് പ്രാർത്ഥനയ്ക്കും പാപ്പായുമായുള്ള  കൂടിക്കാഴ്ചകൾക്കുമായി സമർപ്പിച്ചിരിക്കുന്ന ഇടങ്ങളുടെ പരിപാലനയും പ്രഥമ പരിഗണനയാകണമെന്നു ഉദ്‌ബോധിപ്പിച്ച പാപ്പാ,   വിശ്വാസികളുടെ ഭക്തിക്കും സഭയുടെ അജപാലന പ്രവർത്തനങ്ങൾക്കും നൽകുന്ന പിന്തുണയിലാണ് പ്രദേശങ്ങളുടെ ഔചിത്യവും ഘടനകളുടെ സുരക്ഷയും ഉൾക്കൊള്ളുന്നതെന്നും കൂട്ടിച്ചേർത്തു.

വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെയും, അതിന്റെ ചത്വരത്തിൽ സ്ഥിതി ചെയ്യുന്ന സ്തൂപങ്ങളെയും പരാമർശിച്ച പാപ്പാ, ഏവരെയും ദേവാലയത്തിനകത്തേക്ക് സ്വാഗതം ചെയ്യുന്ന മാതൃക, ലോകത്തിനു അതിശയകരമാണെന്നും ചൂണ്ടിക്കാണിച്ചു. അതിനാൽ ദൈനദിനമുള്ള സേവനങ്ങൾ കാഴ്ചവയ്ക്കുമ്പോൾ, ഈ സ്ഥലങ്ങളിലൂടെ കടന്നുപോകുന്നവരെക്കുറിച്ച് ചിന്തിക്കാനും, അവർക്കുവേണ്ടി പ്രാർത്ഥിക്കാനും പാപ്പാ പ്രത്യേകം ക്ഷണിച്ചു.

വിശ്വാസവും, പ്രാർത്ഥനയുമാണ് സേവനങ്ങളെ അർത്ഥപൂർണ്ണമാക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു. സുവിശേഷത്തിനു  സാക്ഷ്യം വഹിക്കുന്ന സഭാകൂട്ടായ്‍മയിലെ അംഗങ്ങളാണ് ഏവരുമെന്നും പാപ്പാ സന്ദേശത്തിൽ എടുത്തുപറഞ്ഞു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഫെബ്രുവരി 2026, 10:08