അംഗങ്ങളെ പാപ്പാ അഭിവാദ്യം ചെയ്യുന്നു അംഗങ്ങളെ പാപ്പാ അഭിവാദ്യം ചെയ്യുന്നു   (@Vatican Media)

റോമൻ പ്രവിശ്യയിലെ സൈനിക വിഭാഗമായ കരബിനിയേരി അംഗങ്ങളുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തി

സമൂഹത്തിൽ, ക്രമസമാധാനവും, പൊതുസമാധാനവും ഊട്ടിയുറപ്പിക്കുന്നതിനു രൂപം കൊണ്ട ഇറ്റലിയിലെ സൈനിക വിഭാഗമായ കരബിനിയേരിയുടെ റോമൻ പ്രവിശ്യയിലെ അംഗങ്ങളുമായി പാപ്പാ, ഫെബ്രുവരി മാസം പതിമൂന്നാം തീയതി കൂടിക്കാഴ്ച്ച നടത്തി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ക്രമസമാധാനവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ റോമിലെ മെട്രോപൊളിറ്റൻ പ്രദേശത്തും, പ്രവിശ്യയിലും സേവനമനുഷ്ഠിക്കുന്ന ഇറ്റലിയിലെ സൈനിക വിഭാഗമായ കരബിനിയേരി (Carabinieri) അംഗങ്ങളുമായി പാപ്പാ കൂടിക്കാഴ്ച്ച  നടത്തി. ഫെബ്രുവരി മാസം പതിമൂന്നാം തീയതി വത്തിക്കാനിൽ വച്ചാണ് കൂടിക്കാഴ്ച്ച നടത്തിയത്. ഏവരെയും സ്വാഗതം ചെയ്യുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം പാപ്പാ ആമുഖമായി പറഞ്ഞു.

ജൂബിലി വർഷം, നിരവധി  വെല്ലുവിളികൾക്കിടയിലും, സേവനത്തിൽ  സമ്പന്നമായ ഒരു അനുഭവം പ്രദാനം ചെയ്തു എന്നറിയുന്നതിൽ തന്റെ സന്തോഷവും പാപ്പാ എടുത്തു പറഞ്ഞു. നിരവധി തീർത്ഥാടകരുടെ സാക്ഷ്യം ഏവർക്കും നൽകിയ ബോധ്യങ്ങൾക്ക് ദൈവത്തിനു നന്ദി പറയുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

യേശുവിന്റെ സുവിശേഷം വിവിധ വൃത്തങ്ങളിൽ , സൈനിക മേഖലയിൽ പോലും പ്രചരിക്കപ്പെട്ടതിനെക്കുറിച്ച് താൻ ചിന്തിക്കുന്നുവെന്നും,  സ്നേഹം, കരുണ, ക്ഷമ എന്നീ പുണ്യങ്ങളുടെ ഒരു ദൈവവും, എല്ലാ സാമൂഹികവും വംശീയവുമായ വ്യത്യാസങ്ങളെയും മറികടക്കുന്ന സാഹോദര്യവും,  പുതിയ ജീവിതരീതിയും ചിന്താഗതിയും കൊണ്ടുവന്നുവെന്നും പാപ്പാ പറഞ്ഞു.

സുവിശേഷത്തിന്റെ പുതുമയാൽ രൂപാന്തരപ്പെട്ട സഭയിലും വിവിധ അധികാര ശ്രേണികളുടെ വാക്കുകൾ  സൈനികമേഖലയിൽ എന്നതുപോലെ ഉണ്ടെന്നും, എന്നാൽ സുവിശേഷം  അക്രമാസക്തമായ ഒരു വിപ്ലവത്തിലൂടെയല്ല, മറിച്ച് സമാധാനപരമായ പരിവർത്തനത്തോടെ, ദൈവത്തെയും മനുഷ്യനെയും കുറിച്ചുള്ള ബോധ്യം എല്ലായിടത്തും എത്തിച്ചുവെന്നും പാപ്പാ പറഞ്ഞു.

 ഇത് ഒരുപക്ഷേ എല്ലാ കാലഘട്ടത്തിലും, ലോകത്തും, റോമിലും സംഭവിക്കാവുന്നതും സംഭവിക്കേണ്ടതുമല്ലേ? എന്ന ചോദ്യവും പാപ്പാ ഉന്നയിച്ചു. ക്രിസ്തീയ സന്ദേശത്തിന്റെ അനിവാര്യതയും നവജാത സഭയുടെ ശൈലിയും വീണ്ടും കണ്ടെത്താൻ ഏവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

 എല്ലായ്പ്പോഴും സത്യസന്ധമായ മനസ്സാക്ഷിയോടും, കരബിനിയേരി സൈനിക വിഭാഗത്തിന്റെ തത്ത്വങ്ങളോടും നിയമങ്ങളോടും വിശ്വസ്തതയോടും, ക്രിസ്ത്യാനികളെന്ന നിലയിൽ, ക്രിസ്തുവിന്റെ കാരുണ്യത്താൽ എല്ലാ ഉദ്ദേശ്യങ്ങളും ഓരോ പ്രവർത്തനവും നിറയ്ക്കുന്ന സുവിശേഷത്തോട് വിശ്വസ്തതയോടും  പ്രവർത്തിക്കുമെന്ന്  താൻ പ്രതീക്ഷിക്കുന്നതായും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ഫെബ്രുവരി 2026, 13:07