പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ  പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ   (ANSA)

കായികരംഗത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള ലിയോ പതിനാലാമൻ പാപ്പായുടെ ലേഖനം പ്രസിദ്ധീകരിച്ചു.

എപ്പോഴും മനുഷ്യജീവിതത്തെ കേന്ദ്രസ്ഥാനത്ത് നിർത്തിക്കൊണ്ട്, അവനെ പരിപാലിക്കുകയും, അവരുടെ ജീവിത പൂർണ്ണത ആഗ്രഹിക്കുകയും ചെയ്ത ക്രിസ്തുവിന്റെ മാതൃക പിഞ്ചെന്നു കൊണ്ട്, വ്യക്തി എല്ലായ്പ്പോഴും അവന്റെ എല്ലാ ആവിഷ്കാരങ്ങളിലും, കായിക രംഗത്തും തുടരണം എന്നുള്ളതാണ് ക്രിസ്തീയ കാഴ്ചപ്പാടെന്നു പാപ്പാ ഓർമ്മപെടുത്തി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഇറ്റലിയിൽ, നടക്കുന്ന മിലാൻ - കോർട്ടിന 2026 ശീതകാല ഒളിമ്പിക്സ്, പാരാ-ഒളിമ്പിക്സ് മത്സരങ്ങളോടനുബന്ധിച്ച്, കായിക രംഗം സമൂഹത്തിനു നൽകുന്ന നന്മകളെയും, സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനെയും എടുത്തു കാണിച്ചുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പായുടെ ലേഖനം പ്രസിദ്ധീകരിച്ചു. കായികരംഗത്തിന്റെ മൂല്യങ്ങളെ എടുത്തു പറഞ്ഞ തന്റെ മുൻഗാമികളെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു. മെച്ചപ്പെട്ടതും സമാധാനപരവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന്  പരസ്പര ധാരണയുടെയും സൗഹൃദത്തിന്റെയും,ഘടകങ്ങൾ  ഉൾക്കൊള്ളുന്നതാണ് കായികരംഗമെന്നു പാപ്പാ എടുത്തു പറഞ്ഞു. നേരെ മറിച്ച്, വിയോജിപ്പിൽ നിന്നും, പരസ്പരം സഹകരിക്കാൻ വിസമ്മതിക്കുന്നതിൽ നിന്നും യുദ്ധം ഉടലെടുക്കുന്നുവെന്നും, അക്രമവും യുദ്ധവും എല്ലായ്പ്പോഴും മനുഷ്യരാശിയുടെ പരാജയമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

തുടർന്ന് കായിക രംഗത്തിന്റെ വിദ്യാഭ്യാസ മൂല്യത്തെക്കുറിച്ചും പാപ്പാ ചൂണ്ടിക്കാണിക്കുന്നു. എപ്പോഴും മനുഷ്യജീവിതത്തെ കേന്ദ്രസ്ഥാനത്ത് നിർത്തിക്കൊണ്ട്, അവനെ പരിപാലിക്കുകയും, അവരുടെ ജീവിത പൂർണ്ണത ആഗ്രഹിക്കുകയും ചെയ്ത ക്രിസ്തുവിന്റെ മാതൃക പിഞ്ചെന്നു കൊണ്ട്, വ്യക്തി എല്ലായ്പ്പോഴും അവന്റെ  എല്ലാ ആവിഷ്കാരങ്ങളിലും, കായിക രംഗത്തും തുടരണം എന്നുള്ളതാണ് ക്രിസ്തീയ കാഴ്ചപ്പാടെന്നു പാപ്പാ ഓർമ്മപെടുത്തി, ഇതാണ് പൗലോസ് ശ്ളീഹായുടെ ലേഖനത്തിൽ വിവരിക്കപ്പെടുന്ന കായിക പ്രതിബിംബങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു. 

തൊഴിലിന്റെ പിരിമുറുക്കങ്ങൾ  കുറക്കുവാൻ, കായിക രംഗം ഏറെ സഹായിക്കുമെന്നും, എന്നാൽ മത്സരങ്ങൾ, സന്തോഷകരമോ ഉന്മേഷദായകമോ ആയതിനാൽ,  ബാഹ്യലക്ഷ്യത്തിലേക്കല്ല, മറിച്ച് കളിക്കാരന്റെ നന്മയ്ക്കായി ഉപകരിക്കുമെന്നും, വിശുദ്ധരുടെ വാക്കുകൾ ഓർമ്മപ്പെടുത്തി പാപ്പാ ലേഖനത്തിൽ അടിവരയിട്ടു.

ആത്മാവിനെയും, ശരീരത്തെയും ഒന്നിപ്പിച്ചുള്ള മനുഷ്യവ്യക്തിയുടെ സമഗ്രമായ വളർച്ചയിൽ കായിക രംഗം വഹിക്കുന്ന പ്രാധാന്യത്തെയും പാപ്പാ എടുത്തു പറഞ്ഞു. കത്തോലിക്കാ സഭ, പാപ്പാമാരുടെ  ശബ്ദത്തിലൂടെ, മനുഷ്യന്റെ അന്തസ്സ്, അവന്റെ അവിഭാജ്യ വികസനം, വിദ്യാഭ്യാസം, മറ്റുള്ളവരുമായുള്ള ബന്ധം എന്നിവയെ കേന്ദ്രീകരിച്ചുള്ള ഒരു കായിക കാഴ്ചപ്പാട് വ്യക്തമാക്കുകയും, സാഹോദര്യം, ഐക്യദാർഢ്യം, സമാധാനം തുടങ്ങിയ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമെന്ന നിലയിൽ അതിന്റെ സാർവത്രിക മൂല്യം ഉയർത്തിക്കാട്ടുകയും ചെയ്തത് പാപ്പാ ചൂണ്ടിക്കാണിച്ചു.

വ്യായാമങ്ങളും, കായിക പരിപാടികളും, ആത്മാവിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നുവെന്നും, കൂടാതെ എല്ലാ സാഹചര്യങ്ങളിലും, വ്യത്യസ്ത രാജ്യങ്ങളിലെയോ വംശങ്ങളിലോ ഉള്ള ആളുകൾക്കിടയിൽ സാഹോദര്യ ബന്ധം സ്ഥാപിക്കാൻ കായികരംഗം സഹായിക്കുന്നുവെന്നുമുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വീക്ഷണവും പാപ്പാ അടിവരയിട്ടു.

കായികരംഗത്ത്, ഒരു ടീമിന്റെ അംഗം എന്ന നിലയിൽ പരിപോഷിപ്പിക്കപ്പെടുന്ന, സൗഹൃദവും സഹവർത്തിത്വവും എടുത്തു പറഞ്ഞ പാപ്പാ, മറ്റുള്ളവരെ കണ്ടുമുട്ടാനും മറ്റുള്ളവരോടൊപ്പമായിരിക്കാനും പരസ്പരം സഹായിക്കാനും പരസ്പരം ബഹുമാനത്തോടെ അഭിമുഖീകരിക്കാനും സാഹോദര്യത്തിൽ വളരാനുമുള്ള അവസരവും കായികരംഗം നൽകുന്നുവെന്ന് പങ്കുവച്ചു.

എന്നാൽ കായിക രംഗം അഭിമുഖീകരിക്കുന്ന അഴിമതിയെ എടുത്തു പറഞ്ഞ പാപ്പാ, ഇത് കായിക മൂല്യങ്ങളെ അപകടത്തിലാക്കുന്ന അപകടസാധ്യതകളാണെന്ന് ചൂണ്ടിക്കാണിച്ചു.  ലാഭം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുമ്പോൾ, പാലപ്പഴും മാനുഷിക മൂല്യങ്ങൾ വിസ്മരിക്കപ്പെടുന്നുവെന്നു അടിവരയിട്ടു. നേടിയ ഫലങ്ങളിലും വിജയത്തിൽ നിന്ന് സമ്പാദിക്കാൻ കഴിയുന്ന തുകകളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ കായികരംഗത്തിന്റെ ചൈതന്യം നഷ്ടപ്പെടുന്നുവെന്നും എടുത്തു പറഞ്ഞു.

മത്സരം എന്ന വാക്കിന്റെ ലത്തീൻ മൂലാർത്ഥം എടുത്തുപറഞ്ഞു  കൊണ്ട്,  ഒരു മത്സരത്തിൽ, രണ്ട് ആളുകൾ അല്ലെങ്കിൽ രണ്ട് ടീമുകൾ ഒരുമിച്ച് മികവ് തേടുന്നുവെന്നും, അവർ പരസ്പരം ശത്രുക്കളല്ല, മറിച്ച്, കൂട്ടായ്മയിൽ അടുത്തുവരുന്നവരാണെന്നും ചൂണ്ടിക്കാണിച്ചു. ഈ അർത്ഥത്തിൽ, മത്സര മേഖലയ്ക്കപ്പുറം,  അഗാധമായ മാനുഷികവും സാമുദായികവുമായ ഒരു മാനം കായികരംഗം നമുക്ക് പ്രദാനം ചെയ്യുന്നുവെന്നും പറഞ്ഞു. പ്രധാന കായിക മത്സരങ്ങൾ കൂടിക്കാഴ്ചയുടെയും പരസ്പര ആരാധനയുടെയും സ്ഥലങ്ങളായിരിക്കണം, രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ താൽപ്പര്യങ്ങൾ സ്ഥിരീകരിക്കുന്നതിനുള്ള വേദികൾ ആകരുതെന്നും പാപ്പാ ഓർമ്മപ്പെടുത്തി.

അതിനാൽ കായിക വിനോദത്തിന്റെ ഒരു അജപാലന പരിചരണവും പാപ്പാ മുൻപോട്ടു വയ്ക്കുന്നു. ഭാവനകൾ രൂപപ്പെടുകയും ജീവിതശൈലികൾ രൂപപ്പെടുത്തുകയും യുവതലമുറയെ വിദ്യാഭ്യാസം നേടുകയും ചെയ്യുന്ന സ്ഥലങ്ങളിൽ ഒന്നാണ് കായികരംഗം  എന്ന അവബോധത്തിൽ നിന്നാണ് കായികരംഗത്തെ സാധുവായ അജപാലന പരിചരണം ഉണ്ടാകുന്നതെന്നു പാപ്പാ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ പ്രാദേശിക മെത്രാൻ സമിതിയിൽ കായികരംഗത്തിനുള്ള പ്രത്യേകമായ കമ്മീഷൻ രൂപീകരിക്കുവാനും പാപ്പാ ക്ഷണിക്കുന്നു. ശാരീരികവും ആത്മീയവുമായ വികാസം തമ്മിലുള്ള പൊരുത്തം, മനുഷ്യന്റെ അവിഭാജ്യ ദർശനത്തിന്റെ ഘടനാപരമായ മാനമായി കണക്കാക്കണമെന്നും, കായികരംഗത്തെ നല്ല അജപാലന പരിചരണം  ധാർമ്മികതയെ പ്രതിഫലിപ്പിക്കുന്നതിന് ഗണ്യമായ സംഭാവന നൽകുമെന്നും പാപ്പാ എടുത്തു കാണിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ഫെബ്രുവരി 2026, 11:36