ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

നോമ്പുകാലത്ത് ദൈവകൃപകൾ സ്വീകരിക്കാനും ഹൃദയപരിവർത്തനത്തിന് തയ്യാറാകാനും ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ

ലത്തീൻ സഭാക്രമപ്രകാരം 2026-ലെ വലിയ നോമ്പുകാലം ആരംഭിക്കുന്ന വിഭൂതിദിനം കൂടിയായ ഫെബ്രുവരി 18-ന് വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ, ഈ നോമ്പുകാലത്ത് ഹൃദയപരിവർത്തനത്തിനായുള്ള കൃപ നൽകാനായി ദൈവത്തോട് പ്രാർത്ഥിക്കാമെന്നും ദൈവം നമുക്ക് നൽകാനാഗ്രഹിക്കുന്ന കൃപകൾ സ്വീകരിച്ച് ഫലങ്ങൾ പുറപ്പെടുവിക്കാമെന്നും ലിയോ പതിനാലാമൻ പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഹൃദയപരിവർത്തനത്തിന് തയ്യാറാകാനും, ദൈവസ്നേഹം ജീവിക്കാനും അത് മറ്റുള്ളവരുമായി പങ്കിടാനും ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ. 2026-ലെ നോമ്പുകാലം ആരംഭിക്കുന്ന വിഭൂതിബുധൻ കൂടിയായ ഫെബ്രുവരി 18-ന് വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയുടെ അവസരത്തിൽ, വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മുന്നിലെ ചത്വരത്തിൽ എത്തിച്ചേർന്ന ആയിരക്കണക്കിന് വിശ്വാസികളോടും സന്ദർശകരോടും സംസാരിക്കവെയാണ് നോമ്പുകാലം ഫലപ്രദമായ വിധത്തിൽ ജീവിക്കാൻ പാപ്പാ ആഹ്വാനം ചെയ്തത്.

ഹൃദയത്തിന്റെ യഥാർത്ഥ പരിവർത്തനം സാധ്യമാക്കുന്നതിലൂടെ ദൈവത്തിന് നമ്മോടുള്ള സ്നേഹത്തോട് ശരിയായ രീതിയിൽ പ്രതികരിക്കാൻ നമുക്ക് സാധിക്കുമെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, നാമനുഭവിക്കുന്ന ദൈവസ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനും ഹൃദയപരിവർത്തനം സഹായിക്കുമെന്ന് കൂട്ടിച്ചേർത്തു.

ഈ നോമ്പുകാലത്ത് ദൈവം നമ്മിലേക്ക് ചൊരിയാൻ ആഗ്രഹിക്കുന്ന കൃപകളെ തുറന്ന ഹൃദയത്തോടെ സ്വീകരിക്കാൻ തയ്യാറാകാൻ ക്ഷണിച്ച പാപ്പാ, അതുവഴി നമുക്കും നമ്മുടെ സഹോദരങ്ങൾക്കും വേണ്ടിയുള്ള രക്ഷാകരഫലങ്ങൾ ഉണ്ടാകട്ടെയെന്നും ആശംസിച്ചു.

ദൈവത്തിന്റെ കരുണാമയമായ സ്നേഹത്തിന്റെ വെളിപ്പെടുത്തലായ ക്രിസ്തുവിന്റെ പെസഹാരഹസ്യം ആഘോഷിക്കുന്നതിന്, ആത്മീയമായി നവീകരിക്കപ്പെട്ട്, പ്രാർത്ഥനയുടെ അരൂപിയിൽ ഈ നോമ്പുകാലം ജീവിക്കാനും പരിശുദ്ധ പിതാവ് ഏവരെയും ക്ഷണിച്ചു.

ക്രിസ്തുവിലൂടെ നടക്കുന്ന രക്ഷാകരപ്രവർത്തനത്തിന്റെ അടയാളവും ഉപകരണവുമായ സഭ എന്ന വിഷയത്തെ ആധാരമാക്കി, രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയായ ലൂമൻ ജെൻസിയുമിനെക്കുറിച്ച് ഉദ്‌ബോധനം നടത്തിയതിന് പിന്നാലെയാണ്, നോമ്പുകാലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അത് എപ്രകാരം ജീവിക്കണമെന്നതിനെക്കുറിച്ചും പരിശുദ്ധ പിതാവ് സംസാരിച്ചത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ഫെബ്രുവരി 2026, 15:05