പാപ്പാ സന്ദേശം നൽകുന്നു പാപ്പാ സന്ദേശം നൽകുന്നു   (ANSA)

ദൈവഹൃദയത്തിന്റെ മിടിപ്പ് സഭയുടെ ഹൃദയത്തിലൂടെയാണ് വെളിപ്പെടേണ്ടത്: പാപ്പാ

റോമൻ രൂപതയിലെ തന്റെ അജപാലന സന്ദർശനത്തിന്റെ ഭാഗമായി, ലിയോ പതിനാലാമൻ പാപ്പാ, ഓസ്തിയായിലെ സമാധാന രാജ്ഞി ഇടവക ദേവാലയത്തിൽ വിശ്വാസികളുമായി കൂടിക്കാഴ്ച്ച നടത്തുകയും, വിശുദ്ധ ബലിയർപ്പിച്ച് വചനസന്ദേശം നൽകുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഫെബ്രുവരി മാസം പതിനഞ്ചാം തീയതി ഞായറാഴ്ച്ച, റോമൻ രൂപതയിലെ തന്റെ അജപാലന സന്ദർശനത്തിന്റെ ഭാഗമായി, ലിയോ പതിനാലാമൻ പാപ്പാ, ഓസ്തിയായിലെ സമാധാന രാജ്ഞി ഇടവക  ദേവാലയത്തിൽ വിശ്വാസികളുമായി കൂടിക്കാഴ്ച്ച നടത്തുകയും, വിശുദ്ധ ബലിയർപ്പിച്ച് വചനസന്ദേശം നൽകുകയും ചെയ്തു. ജീവിതക്രമീകരണത്തിനായി നൽകപ്പെട്ട ദൈവകല്പനകളുടെ പ്രാധാന്യം ഓർമ്മപെടുത്തിക്കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.

മരുഭൂമിയിലൂടെയുള്ള ഇസ്രായേൽ ജനത്തിന് ജീവിതത്തിൽ വെളിച്ചം നല്കിയവയാണ് പത്തുകല്പനകളെന്നു പാപ്പാ പറഞ്ഞു.  അവരുടെ അനുസരണം പ്രമാണങ്ങളുടെ ഔപചാരിക പൂർത്തീകരണം മാത്രമല്ല, മറിച്ച്  കർത്താവിനോടുള്ള സ്നേഹത്തിന്റെയും നന്ദിയുടെയും വിശ്വസനീയമായ പ്രവൃത്തിയാണെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.

കർത്താവിന്റെ കല്പനകൾ മനുഷ്യകുലത്തെ അടിച്ചമർത്തുന്ന നിയമമല്ല, മറിച്ച് ജീവിതത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പൂർണ്ണത തേടുന്ന മനുഷ്യരാശിക്ക് വേണ്ടിയുള്ള പാഠങ്ങളാണെന്നു പാപ്പാ പറഞ്ഞു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഏറ്റവും മനോഹരമായ ഒരു പ്രബോധനവും പാപ്പാ അടിവരയിട്ടു: ദൈവത്തിന്റെ ഹൃദയം സഭയുടെ ഹൃദയത്തിലൂടെയാണ്  മിടിക്കുന്നത്, അതാണ് ഏവർക്കും അനുഭവവേദ്യമാകുന്നത്. ജനതയുടെ, പ്രത്യേകിച്ചും ദരിദ്രരുടെയും കഷ്ടപ്പെടുന്നവരുടെയും സന്തോഷങ്ങളും പ്രത്യാശകളും ദുഃഖങ്ങളും ഉത്കണ്ഠകളും, ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ സന്തോഷങ്ങളും പ്രത്യാശകളും ദുഃഖങ്ങളും ഉത്കണ്ഠകളുമാണ്.

ദൈവനിയമത്തിന്റെ ആധികാരികവും പൂർണ്ണവുമായ അർത്ഥം യേശു തന്നെ മലയിലെ പ്രസംഗത്തിൽ വെളിപ്പെടുത്തുന്നുവെന്നത് പാപ്പാ അടിവരയിട്ടു. സഹോദരസ്നേഹത്തെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകൾ, അപരനോടുള്ള ആദരവിലും പരിചരണത്തിലും അധിഷ്ഠിതമായ ദൈവത്തോടുള്ള വിശ്വസ്തതയെയാണ് എടുത്തുകാണിക്കുന്നതെന്നു പാപ്പാ പറഞ്ഞു. അടച്ചുപൂട്ടൽ, അസൂയ, സഹോദരനെക്കുറിച്ചുള്ള മോശമായ ചിന്ത, മോശപ്പെട്ട വികാരങ്ങൾ എന്നിവയെല്ലാം വളർത്തുന്നവർ യഥാർത്ഥത്തിൽ കൊലപാതകികളാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ഇടവകാതിർത്തിയിൽ, ലഹരിവസ്തുക്കളുടെ ഉപയോഗം, അക്രമം, കുറ്റകൃത്യങ്ങൾ, നിയമവിരുദ്ധവും അധാർമ്മികവുമായ രീതികളിലൂടെ അന്യായമായ താൽപ്പര്യങ്ങളുടെ പ്രോത്സാഹനം എന്നിവ പെരുകുമ്പോൾ, സുവിശേഷത്തിന്റെ നല്ല വിത്ത് വിതയ്ക്കാൻ  വിശ്വാസികൾ തയാറാകണെമന്നു പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ഹൃദയത്തെ സ്വതന്ത്രമാക്കുകയും ഒരുവനെ യഥാർത്ഥത്തിൽ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ദൈവസ്നേഹത്തിന്റെ പ്രചാരകരാകുവാൻ ഏവർക്കും സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. സുവിശേഷത്തിന് വിരുദ്ധമായ യുക്തികളുടെ വ്യാപനം, ഏറ്റവും ശക്തരുടെ ആധിപത്യത്തെ ഉയർത്തുകയും അഹങ്കാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞ പാപ്പാ, സൗമ്യതയുടെ നിരായുധീകരണ ശക്തിയാൽ സമാധാനത്തിനായി പ്രാർത്ഥിക്കുവാനും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഫെബ്രുവരി 2026, 14:04