തെറ്റുകൾ തിരിച്ചറിയാനും അനുരഞ്ജനപ്പെടാനുമുള്ള സമയമാണ് വലിയനോമ്പ്: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നോമ്പുകാലം വ്യക്തിപരമായ രീതിയിൽ മാത്രമല്ല, ഒരു സമൂഹമെന്ന നിലയിലും തങ്ങളുടെ പാപങ്ങൾ തിരിച്ചറിയാനും, അനുരഞ്ജനപ്പെടാനുമുള്ള സമയമാണെന്ന് ലിയോ പതിനാലാമൻ പാപ്പാ. 2026-ലെ വലിയനോമ്പിന് തുടക്കം കുറിച്ചുകൊണ്ട് ഫെബ്രുവരി 18 ബുധനാഴ്ച വൈകുന്നേരം റോമിലെ വിശുദ്ധ സബീനയുടെ നാമത്തിലുള്ള ബസലിക്ക ദേവാലയത്തിൽ വിഭൂതി ബുധന്റെ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ച അവസരത്തിൽ നടത്തിയ പ്രഭാഷണത്തിലാണ് പെസഹായ്ക്ക് ഒരുക്കമായുള്ള നോമ്പുകാലത്തിന്റെ പ്രാധാന്യത്തെയും അർത്ഥത്തേയും കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.
വചനവായനയുടെ ഭാഗമായുണ്ടായിരുന്ന ജോയേൽ പ്രവാചകന്റെ വാക്കുകൾ പരാമർശിച്ചുകൊണ്ട്, ഒരു സമൂഹമെന്ന നിലയിൽ ഐക്യത്തിന്റെ ചിന്ത മുന്നോട്ട് വച്ച പാപ്പാ, കത്തോലിക്കാസഭയും, തങ്ങളുടെ തെറ്റുകൾ തിരിച്ചറിയുന്ന പ്രവാചക സ്വരമുള്ള ഒരു സമൂഹമായാണ് നിലനിൽക്കുന്നതെന്ന് പ്രസ്‌താവിച്ചു. പാപത്തിന്റെ വ്യക്തിപരമായ സ്വഭാവം നിലനിൽക്കെത്തന്നെ, സമൂഹമെന്ന നിലയിൽ പാപത്തിന്റെ ഘടനകൾ സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിൽ മാത്രമല്ല, മതത്തിൽ പോലും നിലനിൽക്കുന്നുണ്ടെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.
തളർന്നിരിക്കാനോ സ്വന്തം സ്ഥാനങ്ങളിൽ സ്വസ്ഥമായി ഇരിക്കാനോ എന്നതിനേക്കാൾ, വ്യക്തികളെന്ന നിലയിലും, സ്ഥാപനങ്ങളെന്ന നിലയിലും സമൂഹമെന്ന നിലയിലും തങ്ങൾക്ക് തെറ്റുകൾ സംഭവിച്ചിട്ടുണ്ട് എന്ന് ഏറ്റുപറയുകയും, അനുതാപത്തിലൂടെ അനുരഞ്ജനത്തിലേക്ക് കടന്നുവരികയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു.
നോമ്പുകാലം വിചിന്തനത്തിനും ആധികാരികമായ ജീവിത നവീകരണത്തിനുമുള്ള ഒരു അനുകൂല സമയമാണെന്ന് പ്രസ്താവിച്ച പാപ്പാ, ഇത് നമ്മുടെ ക്രൈസ്തവ സാക്ഷ്യത്തെയും പ്രഘോഷണത്തെയും കൂടുതൽ വിശ്വസനീയമാക്കാനുള്ള അനുരഞ്ജനത്തിന്റെ അവസരമാണ് നൽകുന്നതെന്ന് ആവർത്തിച്ചു.
അറുപതോളം വർഷങ്ങൾക്ക് മുൻപ് വിശുദ്ധ പോൾ ആറാമൻ പാപ്പാ വിഭൂതിബുധന്റെ ചടങ്ങുകൾ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ ഒരു പൊതുകൂടിക്കാഴ്ചാവേളയിൽ പരസ്യമായി നടത്തിയത് പരാമർശിച്ച പരിശുദ്ധ പിതാവ്, ഇതിന് ഉദ്ബോധനപരമായ ഒരു അർത്ഥമുണ്ടെന്ന് ഓർമ്മിപ്പിച്ചു.
നോമ്പുകാലത്തിന്റെയും ക്രൈസ്തവവിശ്വാസത്തിന്റെയും സാമൂഹികമാനവുമായി ബന്ധപ്പെട്ട്, നെറ്റിയിൽ പൂശുന്ന ചാരത്തെ പരാമർശിച്ചുകൊണ്ട്, അതിൽ സഹനത്തിലൂടെയും യുദ്ധങ്ങളിലൂടെയും കടന്നുപോകുന്ന ഒരു ലോകത്തിന്റെ പ്രാതിനിധ്യവും ഭാരവും കൂടിയുണ്ടെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
തങ്ങളുടെ പാപങ്ങൾ തിരിച്ചറിഞ്ഞ് അനുരഞ്ജനപ്പെടുന്നത് പുനരുത്ഥാനത്തിന്റെ മുന്നാസ്വാദനവും സാക്ഷ്യവുമാണെന്ന് പറഞ്ഞ പാപ്പാ, ചാരത്തിൽ തുടരാനല്ല, അതിൽനിന്ന് ഉയർന്നെഴുന്നേൽക്കാനും പുനരുദ്ധരിക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
