തിരയുക

അംഗങ്ങൾക്കൊപ്പം പാപ്പാ അംഗങ്ങൾക്കൊപ്പം പാപ്പാ   (@Vatican Media)

കുട്ടികളുടെ പരിചരണം നിഷേധിക്കപ്പെടുന്നത് ആശങ്കാജനകമാണ്: പാപ്പാ

"പ്രതിസന്ധിയിൽ നിന്ന് പരിചരണത്തിലേക്ക്" എന്ന സംരംഭത്തിന്റെ സംഘാടക സമിതി അംഗങ്ങളുമായി, ഫെബ്രുവരി മാസം അഞ്ചാം തീയതി, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തി. ഒരു കുട്ടിയുടെ അവിഭാജ്യവും, സമഗ്രവുമായ വികാസത്തിന്, അമ്മയിൽ നിന്നും അപ്പനിൽ നിന്നും സ്നേഹം സ്വീകരിക്കാനുള്ള കുട്ടിയുടെ അവകാശം നിഷേധിക്കരുതെന്ന ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം, ലിയോ പതിനാലാമൻ പാപ്പാ, സന്ദേശത്തിൽ വീണ്ടും അനുസ്മരിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ആഗോള പ്രതിസന്ധികൾ, കുട്ടികളിൽ ചെലുത്തുന്ന സ്വാധീനവുമായി ബന്ധപ്പെട്ട്, കാലത്തിന്റെ അടയാളങ്ങളെ തിരിച്ചറിഞ്ഞു അവരെ സഹായിക്കണമെന്നു പറഞ്ഞുകൊണ്ട് , "പ്രതിസന്ധിയിൽ നിന്ന് പരിചരണത്തിലേക്ക്: കുട്ടികൾക്കായുള്ള കത്തോലിക്കാ പ്രായോഗികനടപടി" എന്ന പ്രവർത്തന പദ്ധതി സംഘാടക സമിതി അംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച അനുവദിച്ചു, സന്ദേശം നൽകി.

യേശു തന്റെ അടുക്കൽ വരാൻ ആഗ്രഹിച്ച നമ്മുടെ ലോകത്തിലെ കുട്ടികൾക്കും, യുവജനങ്ങൾക്കും  പലപ്പോഴും ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിലേക്കുള്ള പരിചരണവും പ്രവേശനവും നിഷേധിക്കപ്പെടുന്നുവെന്നത് ഏറെ ദുരിതപൂർണ്ണമാണെന്നു പാപ്പാ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ  കുട്ടികളുടെ അവസ്ഥ മെച്ചപ്പെട്ടിട്ടില്ലെന്ന ഖേദകരമായ അവസ്ഥ പാപ്പാ പങ്കുവയ്ക്കുകയും, കുട്ടികളെ അപകടത്തിൽ നിന്ന് സംരക്ഷിക്കുന്നതിലുള്ള വീഴ്ച്ച ആശങ്കാജനകമെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തു.

നിരവധി കുട്ടികൾ ഇപ്പോഴും കടുത്ത ദാരിദ്ര്യത്തിൽ ജീവിക്കുന്നുണ്ടെന്നും,  പീഡനം അനുഭവിക്കുന്നുവെന്നും, നിർബന്ധിതമായി കുടിയൊഴിപ്പിക്കപ്പെടുന്നുവെന്നും,  ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും,  ഒറ്റപ്പെടുകയോ കുടുംബങ്ങളിൽ നിന്ന് വേർപിരിഞ്ഞിരിക്കുകയോ ചെയ്യുന്നുവെന്നുമുള്ള വേദനാജനകമായ അവസ്ഥകളും പാപ്പാ പങ്കുവച്ചു. ഒരു കുട്ടിയുടെ അവിഭാജ്യവും, സമഗ്രവുമായ  വികാസത്തിന്, അമ്മയിൽ നിന്നും അപ്പനിൽ   നിന്നും സ്നേഹം സ്വീകരിക്കാനുള്ള കുട്ടിയുടെ അവകാശം നിഷേധിക്കരുതെന്ന ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം, ലിയോ പതിനാലാമൻ പാപ്പാ, സന്ദേശത്തിൽ അനുസ്മരിച്ചു.

അമ്മമാരെയും കുടുംബങ്ങളെയും പിന്തുണയ്ക്കാൻ നിക്ഷേപിക്കുന്നതിനുപകരം, ജീവിതത്തെ അടിച്ചമർത്തുന്നതിനായി നിക്ഷേപങ്ങൾ നടത്തുന്നത് അപലപനീയമാണെന്നും, മനുഷ്യജീവനെയും, കുടുംബങ്ങളെയും സംരക്ഷിക്കേണ്ടത് ഏവരുടെയും ഉത്തരവാദിത്വമാണെന്നും പാപ്പാ പറഞ്ഞു.

അതിനാൽ  കുട്ടികളുടെ അവകാശങ്ങൾ  സംബന്ധിച്ച ഉച്ചകോടിയിൽ  ഉന്നയിക്കപ്പെട്ട ആശങ്കകൾ  പരിഹരിക്കുന്നതിന് ഫലപ്രദമായ മാർഗ്ഗങ്ങൾ വികസിപ്പിക്കാനുള്ള സമിതിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയറിയിച്ച പാപ്പാ, അവർ ഏറ്റെടുക്കുന്ന പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ശബ്ദമില്ലാത്തവർക്കുവേണ്ടിയാണ് അംഗങ്ങൾ  സംസാരിക്കുന്നത് എന്ന് ഓർമ്മപ്പെടുത്തിയ പാപ്പാ, നിരുത്സാഹപ്പെടുത്താനുള്ള പ്രലോഭനം ഉണ്ടാകുമ്പോൾ പോലും നന്മയിലേക്കുള്ള പ്രയാണം തുടരണമെന്ന് ആഹ്വാനം ചെയ്തു.

മറ്റൊന്ന് കുട്ടികളുടെ വിവിധങ്ങളായ ആവശ്യങ്ങൾ നിറവേറ്റുന്നതിനും, ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമം കണക്കിലെടുത്ത് സന്തുലിതമായ പരിചരണം ലഭിക്കുന്നതിന് കൂടുതൽ യോജിച്ചുള്ള പ്രവർത്തനങ്ങൾക്കും പാപ്പാ ആഹ്വാനം ചെയ്തു.

"മോശം കാര്യങ്ങളിൽ നിന്ന് ലോകത്തെ ശുദ്ധീകരിക്കാനും, സൗഹൃദവും ബഹുമാനവും കൊണ്ട് നിറം നൽകാനും, എല്ലാവർക്കും മനോഹരമായ ഭാവി കെട്ടിപ്പടുക്കാൻ നിങ്ങളെ സഹായിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു!" എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളോടെയാണ് പാപ്പാ തൻറെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ഫെബ്രുവരി 2026, 14:15