റോം രൂപതയ്ക്കായി പുതിയ നാല് സഹായമെത്രാന്മാരെ നിയമിച്ച് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
റോം രൂപതയ്ക്ക് നാല് പുതിയ സഹായമെത്രാന്മാരെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. രൂപതയുടെ വിവിധ മേഖലകളിൽ വികാരിമാരായി സേവനമനുഷ്ഠിച്ചുവന്നിരുന്ന സ്തേഫനോ സ്പരപാനി, അലെസാന്ദ്രോ ത്സെനോബ്ബി, ആന്ദ്രെയ കാർലെവാലെ മാർക്കോ വലേന്തി എന്നീ വൈദികരെ ഫെബ്രുവരി 25 ബുധനാഴ്ച, സഹായമെത്രാന്മാരായി രൂപതാ മെത്രാൻ കൂടിയായ പാപ്പാ നിയമിച്ചതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് തങ്ങളുടെ ഔദ്യോഗിക ബുള്ളറ്റിനിലൂടെ അറിയിച്ചു. ഇതേസമയം, രൂപതയിൽ പാപ്പായുടെ വികാരിയായി സേവനമനുഷ്ഠിക്കുന്ന കർദ്ദിനാൾ ബാൾദൊ റെയ്‌നയും പുതിയ നിയമനങ്ങൾ സംബന്ധിച്ച പ്രഖ്യാപനം നടത്തി.
ഏറെ നാളുകളായി തങ്ങൾ കാത്തിരുന്ന ഒരു വാർത്തയാണ്, രൂപതയിലെ വൈദികരും വിശ്വാസികളും ഏറെ ബഹുമാനിച്ചിരുന്ന ഈ വൈദികരുടെ പുതിയ നിയമനമെന്ന്, സേവനമനോഭാവത്തോടെ സഭയെ തുടർന്നും ശുശ്രൂഷിക്കാനുള്ള പുതിയ നാല് സഹായമെത്രാന്മാരുടെയും സന്നദ്ധതയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് കർദ്ദിനാൾ റെയ്‌ന പ്രസ്താവിച്ചു.
റോം നഗരത്തിന്റെ വടക്കൻ ഭാഗത്തിന് വേണ്ടിയുള്ള വികാരി ജനറലും, സെന്റ് ബേസിൽ ഇടവക വികാരിയുമായിരുന്നു പുതിയ സഹായമെത്രാന്മാരിൽ ഒരാളായ അഭി. സ്തേഫനോ സ്പരപാനി. ബിസെൻസിയോ സ്ഥാനികമെത്രാനായാണ് അദ്ദേഹത്തെ പാപ്പാ നിയമിച്ചത്.
റോം നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾക്ക് വേണ്ടിയുള്ള വികാരി ജനറലും, സെന്റ് ലൂസി ഇടവക വികാരിയുമായിരുന്നു പുതിയ സഹായമെത്രാന്മാരിൽ രണ്ടാമത്തെയളായ അഭി. അലെസാന്ദ്രോ ത്സെനോബ്ബി. ബിക്കാറി സ്ഥാനികമെത്രാനായാണ് അദ്ദേഹത്തെ പാപ്പാ നിയമിച്ചത്.
സ്ഥാപകയോഹന്നാന്റെ നാമത്തിലുള്ള ഇടവകവികാരിയായിരുന്ന അഭി. ആന്ദ്രെയ കാർലെവാലെയെ അതെല്ലാ സ്ഥാനികമെത്രാനായും, ക്രിസ്തുവിന്റെ രൂപാന്തരീകരണത്തിന് സമർപ്പിക്കപ്പെട്ടിരുന്ന ഇടവകവികാരിയായിരുന്ന അഭി. മാർക്കോ വലേന്തിയെ ആർപി സ്ഥാനികമെത്രാനയുമാണ് പരിശുദ്ധ പിതാവ് നിയമിച്ചത്.
വിശുദ്ധ ജോൺ ലാറ്ററൻ ബസലിക്കയിൽ വച്ച് ലിയോ പതിനാലാമൻ പാപ്പാ മെയ് രണ്ടാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നാല് സഹായമെത്രാന്മാരുടെയും മെത്രാഭിഷേകച്ചടങ്ങുകൾ നടത്തും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
