പ്രമാണങ്ങളുടെ പൂർത്തീകരണം ശ്രേഷ്ഠമായ നീതി നേടിയെടുക്കുന്നതാണ്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പ്രിയ സഹോദരന്മാരെ, സഹോദരിമാരേ,
ഇന്നത്തെ സുവിശേഷവായനയിലും മലയിലെ പ്രസംഗത്തിന്റെ ഒരു ഭാഗമാണ് നാം ശ്രവിക്കുന്നത്. സുവിശേഷഭാഗ്യങ്ങളെ കുറിച്ചുള്ള പ്രബോധനം നടത്തിയശേഷം, ദൈവരാജ്യത്തിന്റെ നവീനതയിലേക്ക് പ്രവേശിക്കുവാൻ യേശു നമ്മെ ക്ഷണിക്കുന്നു. ഈ യാത്രയിൽ നമ്മെ നയിക്കുന്നതിനുവേണ്ടി, മോശയുടെ ന്യായപ്രമാണത്തിലെ പ്രമാണങ്ങളുടെ യഥാർത്ഥ അർത്ഥം യേശു വെളിപ്പെടുത്തുന്നു. അവ ദൈവത്തിന്റെ മുമ്പിൽ എല്ലാം ശരിയാണെന്നു തോന്നാനുള്ള ഒരു പുറംമോടിയുടെ മതപരമായ ആവശ്യം നിറവേറ്റുന്നതിനല്ല, മറിച്ച് ദൈവവുമായും നമ്മുടെ സഹോദരീസഹോദരന്മാരുമായും സ്നേഹത്തിന്റെ ബന്ധത്തിലേക്ക് നമ്മെ പ്രചോദിപ്പിക്കുന്നതിനാണ്. അതുകൊണ്ടാണ്, "നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്." എന്ന് കർത്താവ് പറഞ്ഞത്.
പ്രമാണങ്ങളുടെ പൂർത്തീകരണം അതിന്റെ അഗാധമായ അർത്ഥവും ആത്യന്തിക ഉദ്ദേശ്യവും സാക്ഷാത്കരിക്കുന്ന സ്നേഹമാണ്. ഇത് ശാസ്ത്രിമാരെയും പ്രീശന്മാരെയും അപേക്ഷിച്ച് ഒരു "ശ്രേഷ്ഠമായ നീതി " നേടിയെടുക്കുന്നതാണ്. ഇത് കല്പനകൾ പാലിക്കുന്നതിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല, മറിച്ച് സ്നേഹത്തിലേക്ക് നമ്മെ വെളിപ്പെടുത്തുകയും, സ്നേഹിക്കാൻ നമ്മെ പ്രതിജ്ഞാബദ്ധരാക്കുകയും ചെയ്യുന്നു. യേശു, വാസ്തവത്തിൽ, ജീവിതത്തിന്റെ മൂർത്തമായ ചില കാര്യങ്ങളെ സൂചിപ്പിക്കുന്ന, ന്യായപ്രമാണത്തിലെ ചില പ്രമാണങ്ങളാണ് പരിശോധിക്കുന്നത്, കൂടാതെ ഒരു ഭാഷാപരമായ പദപ്രയോഗം ഉപയോഗിക്കുന്നു: 'പ്രമാണവൈരുദ്ധ്യം'. ഔപചാരിക മതനീതിയും ദൈവരാജ്യത്തിന്റെ നീതിയും തമ്മിലുള്ള വ്യത്യാസം കൃത്യമായി കാണിക്കുന്നതിനാണ് ഈ പദം യേശു ഉപയോഗിക്കുന്നത്. അതിനാലാണ്, യേശു ഈ രണ്ടു വചനങ്ങൾ എടുത്തു പറയുന്നത്: "പൂര്‍വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.....എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു...."
ഈ സമീപനം വളരെ പ്രധാനമാണ്. ദൈവത്തെയും, നമുക്കും, ചരിത്രത്തിനും വേണ്ടിയുള്ള അവന്റെ പദ്ധതിയെയും, അറിയാൻ തുടങ്ങാനുള്ള ഒരു മാർഗമായാണ് മോശയ്ക്കും പ്രവാചകന്മാർക്കും ന്യായപ്രമാണം നൽകിയതെന്ന് ഇത് നമ്മോട് പറയുന്നു. അല്ലെങ്കിൽ യേശുവിലേക്ക് നമ്മെ നയിക്കുന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ ഒരു പ്രബോധനവും ഇക്കാര്യം എടുത്തുപറയുന്നു. എന്നാൽ ഇപ്പോൾ അവൻ യേശുവെന്ന വ്യക്തിയിൽ നമ്മുടെ ഇടയിൽ വന്നിരിക്കുന്നു അപ്രകാരം അവൻ ന്യായപ്രമാണം നിറവേറ്റി. നമ്മെ ദൈവ പിതാവിന്റെ മക്കളാക്കികൊണ്ടും, മക്കളെന്ന നിലയിലും നമ്മുടെ ഇടയിൽ സഹോദരീസഹോദരന്മാരെന്ന നിലയിലും ദൈവവുമായി ഒരു ബന്ധത്തിൽ ഏർപ്പെടാനുള്ള കൃപയും അവൻ നൽകുന്നു.
സഹോദരീ സഹോദരന്മാരേ, യഥാർത്ഥ നീതി സ്നേഹമാണെന്നും, ന്യായപ്രമാണത്തിന്റെ ഓരോ പ്രമാണത്തിലും നാം സ്നേഹത്തിന്റെ ആവശ്യകത ഗ്രഹിക്കണമെന്നും യേശു നമ്മെ പഠിപ്പിക്കുന്നു. വാസ്തവത്തിൽ, ഒരു വ്യക്തിയെ ശാരീരികമായി കൊല്ലാതിരിക്കുന്നത് മാത്രമല്ല, മറിച്ച് ഒരു വ്യക്തിയെ വാക്കുകൾ കൊണ്ട് കൊല്ലുകയോ, അവന്റെ അന്തസ്സിനെ മാനിക്കാതിരിക്കുകയോ ചെയ്താൽ കൊലപാതകമെന്ന് യേശു പഠിപ്പിക്കുന്നു. ഒരാളുടെ പങ്കാളിയോട് ഔപചാരികമായി വിശ്വസ്തത പുലർത്തുകയും വ്യഭിചാരം ചെയ്യാതിരിക്കുകയും ചെയ്താൽ പോരാ, മറിച്ച് ഈ ബന്ധത്തിൽ പരസ്പര ആർദ്രത, ശ്രവണം, ബഹുമാനം, അവനെ അല്ലെങ്കിൽ അവളെ പരിപാലിക്കൽ, ഒരു പൊതു പദ്ധതിയിൽ ഒരുമിച്ച് നടക്കൽ എന്നിവ ഉൾപ്പെടുത്തണമെന്നും യേശു പഠിപ്പിക്കുന്നു. യേശു തന്നെ നമുക്കു നൽകുന്ന ഈ ദൃഷ്ടാന്തങ്ങൾക്കൊപ്പം നമുക്ക് മറ്റു ചിലതും കൂട്ടിച്ചേർക്കാൻ കഴിയും. സുവിശേഷം നമുക്ക് നൽകുന്ന വലിയ പാഠം ഇതാണ്: നമുക്ക് കുറഞ്ഞ നീതി ആവശ്യമില്ല, മറിച്ച് ദൈവത്തിന്റെ ശക്തിയാൽ മാത്രം സാധ്യമാകുന്ന വലിയ സ്നേഹമാണ് ആവശ്യമായുള്ളത്.
ന്യായപ്രമാണവും, രക്ഷയുടെ പദ്ധതിയും നിറവേറ്റുവാൻ ക്രിസ്തുവിനെ ഈ ലോകത്തിനു നൽകിയ പരിശുദ്ധ മറിയത്തോട് നമുക്ക് ചേർന്ന് അപേക്ഷിക്കാം. അവൾ നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കട്ടെ. ദൈവരാജ്യത്തിന്റെ യുക്തിയിലേക്ക് പ്രവേശിക്കാനും അവന്റെ നീതിയിൽ ജീവിക്കാനും പരിശുദ്ധ അമ്മ നമ്മെ സഹായിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
