സുവിശേഷഭാഗ്യങ്ങൾ നമ്മുടെ ജീവിതത്തെ നവീകരിക്കുന്നു: പാപ്പാ
വിവർത്തനം: ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പ്രിയ സഹോദരങ്ങളെ, സഹോദരിമാരെ, ശുഭ ഞായറാഴ്ച്ച!
ഇന്നത്തെ ആരാധനാക്രമത്തിൽ, യേശു മുഴുവൻ മനുഷ്യരാശിക്കും വേണ്ടി പ്രഘോഷിക്കുന്ന സുവിശേഷത്തിന്റെ ഉജ്ജ്വലമായ ഒരു ഏട് പ്രഖ്യാപിക്കപ്പെടുന്നു: അഷ്ടസൗഭാഗ്യങ്ങളുടെ സുവിശേഷം (മത്തായി 5:1-12). വാസ്തവത്തിൽ, ചരിത്രത്തിന്റെ സന്ധ്യയിൽ കർത്താവ് പ്രകാശിപ്പിക്കുന്ന വിളക്കുകളാണ് ഇവ. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ പിതാവ് പുത്രനിലൂടെ സാക്ഷാത്കരിക്കുന്ന രക്ഷയുടെ പദ്ധതി ഇവിടെ വെളിപ്പെടുത്തുന്നു.
പർവതത്തിൽ, ക്രിസ്തു ശിഷ്യന്മാർക്ക് പുതിയ നിയമം നൽകുന്നു. എന്നാൽ ഇവ കല്ലിന്മേൽ അല്ല , മറിച്ച് ഹൃദയങ്ങളിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ലോകത്തിനു ഒരുപക്ഷെ, പാപ്പരത്തവും ദുരിതകരവുമായി തോന്നുമ്പോഴും, ഇത്, നമ്മുടെ ജീവിതത്തെ പുതുക്കുകയും നന്മയിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു നിയമമാണ്. ദരിദ്രരെയും ദുരിതമനുഭവിക്കുന്നവരെയും യഥാർത്ഥത്തിൽ അനുഗ്രഹീതനെന്ന് വിളിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ. കാരണം അനന്തമായ സ് നേഹത്താൽ എല്ലാവർക്കും വേണ്ടി സ്വയം സമർപ്പിക്കുന്ന പരമോന്നതമായ നന്മ അവിടുന്നാണ്. സമാധാനവും നീതിയും തേടുന്നവരെ തൃപ്തിപ്പെടുത്താൻ ദൈവത്തിന് മാത്രമേ കഴിയൂ. കാരണം അവൻ ലോകത്തിന്റെ നീതിമാനായ ന്യായാധിപനും നിത്യസമാധാനത്തിന്റെ രചയിതാവുമാണ്. സൗമ്യനും, കരുണാനിധിയും, ഹൃദയശുദ്ധിയുള്ളവനും ദൈവത്തിൽ മാത്രമേ സന്തോഷം കണ്ടെത്തുകയുള്ളൂ. കാരണം അവൻ അവരുടെ പ്രതീക്ഷയുടെ പൂർത്തീകരണമാണ്. പീഡനത്തിൽ അവനാണ് മോചനദ്രവ്യം; അസത്യത്തിൽ അവനാണ് സത്യം. അതുകൊണ്ടാണ് യേശു പ്രഖ്യാപിക്കുന്നത്: "നിങ്ങള്‍ ആനന്ദിച്ചാഹ്‌ളാദിക്കുവിന്‍".
ക്രിസ്തു വെളിപ്പെടുത്തുന്ന രീതിയിൽ നിന്ന് ദൈവം വ്യത്യസ്തനാണെന്ന് ചിന്തിക്കുന്നവർക്ക് മാത്രമേ ഈ സുവിശേഷഭാഗ്യങ്ങൾ ഒരു വിരോധാഭാസമായി തീരുകയുള്ളൂ. മറ്റുള്ളവരെ ഭയപ്പെടുത്തി ഭരിക്കാൻ സ്വന്തം ശക്തി ഉപയോഗിക്കുന്നവർ എല്ലായ്പോഴും ഭൂമിയിൽ യജമാനന്മാരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നവർ കർത്താവിന്റെ വാക്കുകൾ കേട്ട് ആശ്ചര്യപ്പെടുന്നു. സന്തോഷം ധനികരുടേതാണെന്ന് മാത്രമെന്നു ചിന്തിക്കാൻ ശീലിക്കുന്നവർ യേശു തെറ്റിദ്ധരിപ്പിക്കുന്നവനാണെന്ന് വിശ്വസിച്ചേക്കാം. എന്നാൽ ഇത്തരത്തിലുള്ള മിഥ്യാധാരണകൾ, ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ അഭാവത്തിലാണ് നിലകൊള്ളുന്നത്. എന്നാൽ ക്രിസ്തു, എല്ലാവരുമായും തന്റെ ജീവിതം പങ്കിടുന്ന ദരിദ്രനും, വേദനയിൽ തളർന്നു പോകാത്ത സൗമ്യനും, കുരിശിൽ മരണം വരെ പീഡിപ്പിക്കപ്പെട്ട സമാധാന സംസ്ഥാപകനുമാണ്.
ചരിത്രത്തിന്റെ അർത്ഥം യേശു പ്രകാശിപ്പിക്കുന്നത് ഇങ്ങനെയാണ്: എന്നാൽ അത് വിജയികൾ എഴുതിയതല്ല, മറിച്ച് അടിച്ചമർത്തപ്പെട്ടവരെ രക്ഷിച്ചുകൊണ്ട് ദൈവം നിറവേറ്റുന്ന ചരിത്രമാണ്. പിതാവിന്റെ സ്നേഹത്തിന്റെ യാഥാർത്ഥ്യബോധത്തോടെയാണ് പുത്രൻ ലോകത്തെ വീക്ഷിക്കുന്നത്. മറുവശത്ത്, ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ, മിഥ്യാധാരണയുടെ നിപുണർ നിലകൊള്ളുന്നു. അവരെ നാം പിൻചെല്ലരുത് കാരണം, അവർ നമുക്ക് പ്രത്യാശ നൽകുവാൻ കഴിവില്ലാത്തവരാണ്. (2019, ഫെബ്രുവരി 19). നേരെമറിച്ച്, ലോകം നിരാശരായി തള്ളിക്കളയുന്നവർക്ക് ദൈവം ഈ പ്രത്യാശ നൽകുന്നു.
അതിനാൽ പ്രിയ സഹോദരീസഹോദരന്മാരേ,
സുവിശേഷഭാഗ്യങ്ങൾ നമുക്ക് സന്തോഷത്തിന്റെ ഒരു പരീക്ഷണമായി മാറുന്നു. അത് നാം നേടുന്ന അല്ലെങ്കിൽ വാങ്ങുന്ന ഒരു വിജയമായിട്ടാണോ, അതോ പങ്കു വയ്ക്കുവാനുള്ള ഒരു ദാനമായിട്ടാണോ നാം കരുതുന്നത് ; നശിച്ചുപോകുന്ന വസ്തുക്കളിലാണോ അതോ നമ്മെ അനുഗമിക്കുന്ന ബന്ധങ്ങളിലാണോ ശേഖരിക്കുന്നത് എന്ന് സ്വയം ചോദിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. വാസ്തവത്തിൽ "ക്രിസ്തു നിമിത്തം" നമ്മുടെ പരീക്ഷണങ്ങളുടെ കയ്പുരസം രക്ഷിക്കപ്പെട്ടവരുടെ സന്തോഷമായി രൂപാന്തരപ്പെടുത്തുന്നതിനു അവനു നന്ദി. യേശു സംസാരിക്കുന്നത് വിദൂരമായ ഒരു ആശ്വാസത്തെക്കുറിച്ചല്ല, മറിച്ച് എപ്പോഴും, പ്രത്യേകിച്ചും കഷ്ടതയുടെ സമയത്ത് നമ്മെ നിലനിർത്തുന്ന ഒരു നിരന്തരമായ കൃപയെക്കുറിച്ചാണ്.
സുവിശേഷഭാഗ്യങ്ങൾ താഴ്മയുള്ളവരെ ഉയർത്തുകയും അഹങ്കാരികളെ അവരുടെ ഹൃദയത്തിന്റെ ചിന്തകളിൽ ചിതറിക്കുകയും ചെയ്യുന്നു (ലൂക്കാ 1: 51-52). അതിനാൽ എല്ലാ തലമുറകളും അനുഗൃഹീതയായി വിളിക്കുന്ന കർത്താവിന്റെ ദാസിയായ കന്യകാമറിയത്തിന്റെ സഹായം നമുക്ക് അഭ്യർത്ഥിക്കാം.
ഈ വാക്കുകളെ തുടർന്ന് “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന പ്രാർത്ഥന നയിച്ച പാപ്പാ തദ്ദനന്തരം ആശീർവ്വാദം നല്കുകയും എല്ലാവരെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
