റോം രൂപതയിൽ ഇടയസന്ദർശനത്തിനൊരുങ്ങി ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
റോം രൂപതയുടെ മെത്രാനായ ലിയോ പതിനാലാമൻ പാപ്പാ, തന്റെ രൂപതയിലെ ഇടവകകളിൽ ഇടയസന്ദർശനം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി, റോം രൂപതയ്ക്ക് കീഴിൽ വരുന്ന ഓസ്തിയ ലീഡോയിലുള്ള സാന്താ മരിയ റെജീന പാച്ചിസ് ഇടവകദേവാലയം വരുന്ന ഞായറാഴ്ച ഫെബ്രുവരി 15-ന് പരിശുദ്ധ പിതാവ് സന്ദർശിക്കുമെന്ന് ഫെബ്രുവരി 12-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ റോം വികാരിയാത്ത് അറിയിച്ചു.. പാപ്പാ തന്റെ പ്രഥമ ഇടയസന്ദർശനം നടത്തുന്ന ഈ ഇടവകയിൽ പല്ലോറ്റിൻ വൈദികരാണ് അജപാലനശുശ്രൂഷ ചെയ്യുന്നത്.
ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ ഇടവകയിലെത്തുന്ന പാപ്പാ, ആദ്യം അവിടെയുള്ള നാനൂറോളം വരുന്ന കുട്ടികളും യുവജനങ്ങളുമായി ദേവാലയത്തിന് പിന്നിലുള്ള മൈതാനത്തുവച്ച് സംവദിക്കും. തുടർന്ന് ദേവാലയത്തോട് ചേർന്നുള്ള ഒരു കെട്ടിടത്തിൽ വയോധികരും രോഗികളും പാവപ്പെട്ടവരും കാരിത്താസ് സംഘടനയുടെ പ്രവർത്തകരുമടങ്ങുന്ന നാനൂറോളം പേരുമായും പാപ്പാ കൂടിക്കാഴ്ച നടത്തും.
ഇടവകയിലെ ജനങ്ങളുമൊത്തുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വൈകുന്നേരം അഞ്ചുമണിക്ക് പരിശുദ്ധ പിതാവ് ഇടവക ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കും. റോം രൂപതയിലേക്കുള്ള പാപ്പായുടെ വികാരി കർദ്ദിനാൾ ബാൾദോ റെയ്‌ന, റോം രൂപതയുടെ തെക്കൻ പ്രദേശത്തേക്കുള്ള മെത്രാൻ ബിഷപ് റെനാത്തോ തറന്തെല്ലി ബക്കാരി, ഇടവക വികാരി ഫാ. ജ്യോവന്നി വിൻചെൻസോ പതനേ എന്നിവർ സഹകാർമ്മികരായിരിക്കും.
വിശുദ്ധ ബലിക്ക് ശേഷം വത്തിക്കാനിലേക്ക് തിരികെ മടങ്ങുന്നതിന് മുൻപായി പാപ്പാ ഇടവകയിലെ അജപാലന ഉപദേശകസമിതി അംഗങ്ങളുമായും, മറ്റു വിശ്വാസികളുമായും കൂടിക്കാഴ്ച നടത്തുമെന്നും റോം വികാരിയാത്ത് വ്യക്തമാക്കി.
സമാധാനത്തിന്റെ രാജ്ഞിയായ മറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലേക്കാണ്, ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്ന പരിശുദ്ധ പിതാവ് എത്തുന്നതെന്നത് തീർച്ചയായും സവിശേഷമായ ശ്രദ്ധയർഹിക്കുന്നതാണെന്നും, പാപ്പായുടെ ഈ തിരഞ്ഞെടുപ്പിൽ തങ്ങൾ സന്തുഷ്ടരാണെന്നും ഇടവക വികാരി ഫാ. പതനേ പറഞ്ഞു. ഓസ്തിയ, റോം രൂപതയുടെ ഭാഗമാണെങ്കിലും, വിശുദ്ധ അഗസ്റ്റിനാണ് ആ പ്രദേശത്തിന്റെ പ്രത്യേക സ്വർഗ്ഗീയമാദ്ധ്യസ്ഥ്യൻ എന്ന പ്രത്യേകതയും, അഗസ്റ്റീനിയൻ സഭാംഗം കൂടിയായ ലിയോ പതിനാലാമൻ പാപ്പായുടെ ഇടയസന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഇടവക വികാരി അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
