ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള പൂർണ്ണസ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുക: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പ്രൊ പേത്രി സേദേ എന്ന "പതോസിന്റെ സിംഹാസനത്തിനുവേണ്ടിയുള്ള അസോസിയേഷൻ" സംഘടനാംഗങ്ങൾ പാപ്പായ്ക്കും പരിശുദ്ധ സിംഹാസനത്തിന്റെ പ്രവർത്തനങ്ങൾക്കും വേണ്ടി നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ചും, കൂടുതൽ പ്രാർത്ഥനകൾ അഭ്യർത്ഥിച്ചും ലിയോ പതിനാലാമൻ പാപ്പാ. ഈ സംഘടനാംഗങ്ങൾക്ക് ഫെബ്രുവരി 18 ബുധനാഴ്ച രാവിലെ വത്തിക്കാനിലെ പോൾ ആറാമൻ സമുച്ചയത്തോടനുബന്ധിച്ചുള്ള ഒരു ചെറുശാലയിൽ അനുവദിച്ച കൂടിക്കാഴ്ചാവേളയിലാണ്, സംഘടന ദീർഘവർഷങ്ങളായി ചെയ്തുവരുന്ന സേവനങ്ങൾക്ക് പരിശുദ്ധ പിതാവ് നന്ദി പറഞ്ഞത്.
റോമിന്റെ മെത്രാനുവേണ്ടി പോരാടിയിരുന്ന ഈ സംഘടനയോട്, റോം മതിലുകൾക്കടുത്ത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഒൻപതാം പിയൂസ് പാപ്പാ ആവശ്യപ്പെട്ടത് പരാമർശിച്ച പാപ്പാ, യഥാർത്ഥ പോരാട്ടത്തിന്റെ സ്വഭാവം മറ്റൊന്നാണെന്നാണെന്ന പ്രവാചകപരമായ വാക്കുകളായിരുന്നു അവയെന്ന് ഓർമ്മിപ്പിച്ചു.
തന്റെ മുൻ രൂപതയായ ചിക്ലായോയിൽ സംഘടന ഇത്തവണ നടത്തുന്ന പാവപ്പെട്ടവർക്കുവേണ്ടിയുള്ള പരിശീലനകേന്ദ്രത്തിന്റെ നിർമ്മാണപ്രവർത്തങ്ങളെ അനുസ്മരിച്ച പാപ്പാ, അവിടുത്തെ മെത്രാന്റെ കൂടി പേരിൽ ഏവർക്കും നന്ദി പറഞ്ഞു.
സംഘടന നടത്തിവരുന്ന പ്രവർത്തനങ്ങൾ തുടരാനും, സാധിക്കുമെങ്കിൽ കൂടുതൽ വ്യാപിപ്പിക്കാനും ആവശ്യപ്പെട്ട പാപ്പാ, പത്രോസിന്റെ പിൻഗാമികൾ എന്ന നിലയിൽ രക്ഷയുടെ സുവിശേഷം ലോകമെങ്ങും പ്രഘോഷിക്കാനുള്ള പാപ്പാമാരുടെ ചുമതല പ്രത്യേകം പരാമർശിച്ചു.
ലോകത്തിന്റെ വിവിധയിടങ്ങളിൽ സുവിശേഷപ്രഘോഷണം തടസ്സപ്പെടുന്നുണ്ടെന്ന് അപലപിച്ച പാപ്പാ, ഇത്തരം ബുദ്ധിമുട്ടേറിയ കാലത്ത്, പത്രോസിന്റെ പിൻഗാമികൾ, സത്യം വിളിച്ചുപറയുന്നതും, അനീതിക്കെതിരെ സമൂഹമദ്ധ്യത്തിൽ സംസാരിക്കുന്നതും, ദുർബലരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും, സമാധാനം പ്രോത്സാഹിപ്പിക്കുന്നതും, അതിലെല്ലാമുപരി, മരിച്ച് ഉയർത്തെണീറ്റ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതും എത്ര പ്രധാനപ്പെട്ടതാണെന്ന് ഓർമ്മിപ്പിക്കുകയും അതിനായി പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയും ചെയ്തു.
സഭയ്ക്കായുള്ള പ്രാർത്ഥനകളും പ്രവർത്തനങ്ങളും തുടരാൻ ആവശ്യപ്പെട്ട പരിശുദ്ധ പിതാവ് ഏവരെയും പരിശുദ്ധ അമ്മയുടെ പ്രാർത്ഥനകൾക്കും പത്രോസിന്റെ സംരക്ഷണത്തിനും സമർപ്പിക്കുകയും ആശീർവാദം നൽകുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
