യുവജനങ്ങൾക്കും രോഗികൾക്കും നവവധൂവരന്മാർക്കുമായി പ്രാർത്ഥനകളോടെ ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനമായ ഫെബ്രുവരി 11-ന് ലോകമെമ്പാടും രോഗങ്ങളാൽ വലയുന്ന മനുഷ്യർക്കുവേണ്ടി പ്രാർത്ഥനകളോടെ ലിയോ പതിനാലാമൻ പാപ്പാ. രോഗികളുടെ ആഗോളദിനം കൂടിയായ ഈ ദിവസത്തിൽ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ ആളുകളെ അഭിസംബോധന ചെയ്തു സംസാരിക്കവെ, യുവജനങ്ങളെയും രോഗികളെയും നവ വധൂവരന്മാരെയും പരിശുദ്ധ പിതാവ് അനുസ്മരിച്ചു.
ലൂർദ്ദ് മാതാവ്, മാതൃസഹജമായ കരുതലോടെ ഏവരെയും, പ്രത്യേകിച്ച് യുവജനങ്ങളെയും രോഗികളെയും നവവധൂവരന്മാരെയും അനുഗമിക്കട്ടെയെന്നും, ദൈവസമക്ഷം അവർക്കായി പ്രാർത്ഥിക്കട്ടെയെന്നും പരിശുദ്ധ പിതാവ് ആശംസിച്ചു. നിങ്ങളുടെ ജീവിതമാർഗ്ഗത്തിൽ നിങ്ങൾക്ക് കരുത്തേകുന്ന ദൈവകൃപകൾ അവൾ നിങ്ങൾക്കായി വാങ്ങിത്തരട്ടെയെന്ന് പാപ്പാ ആശംസിച്ചു.
പൊതുകൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാനിലെ പൂന്തോട്ടത്തിലുള്ള ലൂർദ്ദ് മാതാവിന്റെ ഗ്രോട്ടോ താൻ സന്ദർശിക്കുമെന്നും, രോഗികൾക്കായുള്ള തൻറെ പ്രാർത്ഥനയുടെ അടയാളമായി ഒരു തിരി തെളിച്ച് പ്രാർത്ഥിക്കുമെന്നും, രോഗികളെ സ്നേഹപൂർവ്വം അനുസ്മരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.
പെറുവിലെ ചിക്ളായോ രൂപതയിൽ ആചരിക്കപ്പെടുന്ന മുപ്പതിനാലാമത് ആഗോള രോഗീദിനത്തിന്റെ ഭാഗമായി, ലിയോ പതിനാലാമൻ പാപ്പാ, സമഗ്രമാനവികവികസനത്തിനായുള്ള ഡികാസ്റ്ററിയുടെ അദ്ധ്യക്ഷൻ, കർദ്ദിനാൾ മൈക്കിൾ ചേർനിയെ തന്റെ പ്രത്യേക പ്രതിനിധിയായി അയച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
