യുവജനത്തിന്റെ ഊർജ്ജവും, പ്രായമായവരുടെ ജ്ഞാനവും ഇന്നത്തെ ലോകത്തിനു ആവശ്യമാണ്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
റോമൻ രൂപതയുടെ മെത്രാൻ എന്ന നിലയിൽ, ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ ഇടവക സന്ദർശനം, ഫെബ്രുവരി മാസം പതിനഞ്ചാം തീയതി, ഓസ്തിയായിലെ സമാധാന രാജ്ഞി ഇടവകയിൽ നടത്തി. സന്ദർശനത്തിന്റെ ഭാഗമായി, ഇടവകയിലെ രോഗികളും, പ്രായമാവരുമായ സഹോദരങ്ങളുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തി. യുവജനങ്ങൾക്കൊപ്പവും പാപ്പാ അല്പസമയം ചിലവഴിക്കുകയും, ഹ്രസ്വസന്ദേശം നൽകുകയും ചെയ്തു.
പാപ്പായെ സ്വാഗതം ചെയ്തുകൊണ്ടുള്ള ആളുകളുടെ പ്രതികരണം ചൂണ്ടിക്കാണിച്ചുകൊണ്ട്, സ്വാഗതം ചെയ്യുന്നതിലെ ക്രൈസ്തവ ചൈതന്യത്തെ അടിവരയിട്ടു പറഞ്ഞു. എന്നാൽ സ്വാഗതമെന്നത് കേവലമൊരു പദപ്രയോഗം മാത്രമല്ലെന്നും, മറിച്ച് ആത്മാർത്ഥമായി അപരന് വേണ്ടി വാതിൽ തുറന്നുകൊടുത്തുകൊണ്ട്, അവനെ സ്വീകരിക്കുന്നതാണെന്നും പാപ്പാ പറഞ്ഞു. കൂടിക്കാഴ്ച്ചയിൽ യുവാക്കളുടെ സാന്നിധ്യത്തെ എടുത്തു പറഞ്ഞ പാപ്പാ, അവർ പ്രതിനിധീകരിക്കുന്ന കായികലോകത്തിന്റെ മൂല്യം എടുത്തുകാണിച്ചു. വ്യത്യാസങ്ങൾ ഉപേക്ഷിച്ച് എല്ലായ്പ്പോഴും ഒരേ ലക്ഷ്യം തേടുന്ന ടീമിൽ അംഗംങ്ങളാകുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.
യുവാക്കളോടൊപ്പം, പ്രായമായവരും, വികലാംഗരും, രോഗികളും കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുന്നതിനെ പരാമർശിച്ച പാപ്പാ, കർത്താവ് എപ്പോഴും വേദനിക്കുന്നവരുടെ കൂടെയുണ്ടെന്നും, ഏവരുടെയും ജീവിതമാതൃക പ്രചോദനമാണെന്നും കൂട്ടിച്ചേർത്തു. "ചെറുപ്പക്കാർക്ക് വളരെയധികം ഊർജ്ജമുണ്ട്, എല്ലാവരേക്കാളും മുന്നിൽ ഓടാൻ ആഗ്രഹിക്കുന്നു.
എന്നാൽ ഒരുപക്ഷേ പ്രായമായവർ, മുത്തശ്ശിമാർ, മുത്തച്ഛന്മാർ ബുദ്ധിമുട്ടുകൾ ഉള്ളവർ എന്നിവർ ഇത്രയധികം ഓടുന്നില്ല, പക്ഷേ അവർക്ക് ജീവിതത്തിന്റെ ജ്ഞാനവും അനുഭവവും ഉണ്ട്" എന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഓർമ്മപ്പെടുത്തിയ പരിശുദ്ധ പിതാവ്, എല്ലാവരും ഈ ഇടവക കുടുംബത്തിന്റെ ഭാഗമാണെന്നും, എല്ലാവർക്കും എന്തെങ്കിലുമൊക്കെ പങ്കുവയ്ക്കുവാൻ സാധിക്കണമെന്നും എടുത്തു പറഞ്ഞു.
മനുഷ്യ ജീവിതം ദൈവത്തിൽ നിന്നുള്ള ഒരു ദാനമെന്ന നിലയിൽ, വലിയ മൂല്യം ഉൾക്കൊള്ളുന്നുവെന്നും, അതിനാൽ നാമെല്ലാവരും എപ്പോഴും നമ്മുടെ ലോകത്തിൽ പ്രത്യാശയുടെ അടയാളങ്ങളായിരിക്കണമെന്നും ഓർമ്മിപ്പിച്ച പാപ്പാ, മുഴുവൻ സഭയുടെയും പ്രാർത്ഥനകളും ഏവർക്കും നേർന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
