സമ്മേളനത്തിനായി പാപ്പാ കടന്നുവരുന്നു സമ്മേളനത്തിനായി പാപ്പാ കടന്നുവരുന്നു   (ANSA)

പൊതുവായ നന്മയാണ് സഭയുടെ സാമൂഹിക പഠനത്തിന്റെ അന്തസത്ത: പാപ്പാ

പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി. "എല്ലാവർക്കും ആരോഗ്യ പരിരക്ഷ. സുസ്ഥിരതയും തുല്യതയും", എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

 ആയുധങ്ങളുടെയും മറ്റ് തരത്തിലുള്ള സൈനിക ഉപകരണങ്ങളുടെയും ഉൽപാദനത്തിൽ വളരെയധികം സാമ്പത്തിക, സാങ്കേതിക, സംഘടനാ വിഭവങ്ങൾ ഉപയോഗിക്കുന്ന സംഘർഷങ്ങളാൽ മുറിവേറ്റ ഒരു ലോകത്ത്, എല്ലാവർക്കും ആരോഗ്യ സംരക്ഷണം. സുസ്ഥിരതയും തുല്യതയും എന്ന പ്രമേയം ഏറെ അർത്ഥവത്താണെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു. പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ നൽകിയ സന്ദേശത്തിലാണ് ഇക്കാര്യം എടുത്തു പറഞ്ഞത്. ജീവിതവും ആരോഗ്യവും സംരക്ഷിക്കുന്നതിന് സമയവും ആളുകളും വൈദഗ്ധ്യവും നീക്കിവയ്ക്കുന്നത് ഒരിക്കലും പ്രാധാന്യവത്ക്കരിച്ചിട്ടില്ലെന്ന യാഥാർഥ്യവും പാപ്പാ പങ്കുവച്ചു.

വാസ്തവത്തിൽ, പരസ്പര ആശ്രയത്വവും പരസ്പരാശ്രിതത്വവും നമ്മുടെ ആരോഗ്യത്തിനും ജീവിതത്തിനും എത്രമാത്രം അടിവരയിടുന്നുവെന്നു കാട്ടിത്തന്ന അവസരമാണ്, മഹാമാരിയുടെ സമയമെന്നു ഓർമ്മിപ്പിച്ച പാപ്പാ,  ഈ പരസ്പരാശ്രിതത്വം പഠിക്കുന്നതിന് വൈദ്യശാസ്ത്രം, രാഷ്ട്രീയം, ധാർമ്മികത, മാനേജ്മെന്റ് തുടങ്ങിയ വിവിധ വിജ്ഞാന മേഖലകൾ തമ്മിലുള്ള സംഭാഷണം ആവശ്യമാണെന്നും എടുത്തു പറഞ്ഞു.

ആരോഗ്യമേഖലയിൽ, ലാഭത്തിനല്ല, മറിച്ച് എല്ലാവർക്കും  മികച്ചത് എന്തായിരിക്കും എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ജീവനും പൊതുജനാരോഗ്യത്തിനും എതിരെ നടത്തുന്ന ആക്രമണങ്ങളെയും പാപ്പാ അപലപിച്ചു. ജീവിതവും ആരോഗ്യവും എല്ലാവർക്കും ഒരുപോലെ അടിസ്ഥാന മൂല്യങ്ങളാണെന്ന് പറയുമ്പോൾ തന്നെ, അവയുടെ കാരണങ്ങളെയും നയങ്ങളെയും നാം അവഗണിക്കുകയാണെങ്കിൽ ഈ പ്രസ്താവന കാപട്യമാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

ആരോഗ്യ പ്രശ്നങ്ങളോടുള്ള ആഗോള, ബഹുമുഖ വിജ്ഞാന, സംയോജിത സമീപനത്തിന്റെ അടിസ്ഥാനമെന്ന നിലയിൽ ഒരു ആരോഗ്യം എന്ന ആശയം നമ്മെ ഏറെ  സഹായിക്കുമെന്നു പാപ്പാ പറഞ്ഞു. നാമേവരും ഒരു സാർവത്രിക കുടുംബത്തിന്റെ അംഗങ്ങൾ ആണെന്നതും പാപ്പാ കൂട്ടിച്ചേർത്തു.

പൊതുനന്മ എന്നത് അമൂർത്തവും അപ്രസക്തവുമായ ആശയമായി മാറരുതെന്നും, മറിച്ച് ഏവരും ചേർന്ന് കൊണ്ട്, ഫലപ്രദവും സുസ്ഥിരവുമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ വികസിപ്പിക്കാൻ മുൻപോട്ടു വരണമെന്നും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. ആളുകൾ തമ്മിലും, സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളും വളർത്തുന്നതിൽ വേരൂന്നിയതാണ് പൊതുനന്മയെന്നതും പാപ്പാ ചൂണ്ടിക്കാണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഫെബ്രുവരി 2026, 14:01