ശീതകാലത്തിന്റെ ദുരിതം പേറുന്ന ഉക്രൈൻ ജനതയ്ക്ക് പാപ്പായുടെ കൈത്താങ്ങ്
വത്തിക്കാൻ ന്യൂസ്
കീവിലും, മറ്റ് ഉക്രേനിയൻ നഗരങ്ങളിലും നടന്ന റഷ്യൻ ബോംബാക്രമണങ്ങൾ, ഖാർഖീവിനെയും അതിന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെയും സാരമായി ബാധിച്ചു. വൈദ്യുതി തടസപ്പെട്ടതോടെ അതിശൈത്യം മനുഷ്യജീവിതത്തെ ഏറെ ദുരിതത്തിൽ ആഴ്ത്തിയിരിക്കുകയാണ്. ഫെബ്രുവരി 3 ന് ഉച്ചകഴിഞ്ഞ് നടന്ന ബോംബാക്രമണത്തിൽ ഒരു താപവൈദ്യുത നിലയത്തിലെയും രണ്ട് സബ്‌സ്റ്റേഷനുകളിലെയും നിർണായക ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും, തത്ഫലമായി, 853 ആൾത്താമസമുള്ള കെട്ടിടങ്ങൾ ഉൾപ്പെടെ 929 കെട്ടിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു.
ഇതേക്കുറിച്ച്, ലിയോ പതിനാലാമൻ പാപ്പായും, ഫെബ്രുവരി മാസം നാലാം തീയതി നടന്ന പൊതുകൂടിക്കാഴ്ചയുടെ അവസരത്തിൽ പരാമർശിച്ചിരുന്നു. ഉക്രൈൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, കാരുണ്യത്തിന്റെ മൂർത്ത പ്രകടനമായി, 80 ജനറേറ്ററുകൾ വഹിക്കുന്ന മൂന്ന് ട്രക്കുകൾ ഉക്രൈനിലേക്ക്, ഉപവി പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം വഴിയായി അയച്ചു. ഇറ്റലിയിലെ ഉക്രേനിയൻ പള്ളിയായ റോമിലെ ഹാഗിയ സോഫിയ ബസിലിക്കയിൽ നിന്നാണ് വാഹനങ്ങൾ പുറപ്പെട്ടത്.
രാത്രിയിലെ താപനില മൈനസ് 15 ഡിഗ്രി സെൽഷ്യസിൽ എത്തുമ്പോൾ, പകൽ താപനില മൈനസ് 10 നും മൈനസ് 12 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. ജനറേറ്ററുകൾക്കൊപ്പം, ആയിരക്കണക്കിന് മരുന്നുകളും, പോഷക മരുന്നുകളും, ഉറങ്ങുവാൻ സഹായിക്കുന്ന മെലതോണിയ മരുന്നുകളും ഉക്രൈനിലേക്ക് അയച്ചിട്ടുണ്ട്. ഭയത്തിന്റെയും നിരന്തരമായ സമ്മർദ്ദത്തിന്റെയും ഈ സമയങ്ങളിൽ ഉറക്കം പ്രോത്സാഹിപ്പിക്കാൻ ഇത് സഹായിക്കുന്നുവെന്നതിനാലാണ്, ഈ മരുന്നുകൾ ഉക്രൈനിലേക്ക് അയക്കുന്നത്.
ആയിരക്കണക്കിന് ആൻറിബയോട്ടിക്കുകൾ, ആന്റി-ഇൻഫ്ലമേറ്ററികൾ, ആന്റിഹൈപ്പർടെൻസീവ് മരുന്നുകൾ, വിവിധ സാധനങ്ങൾ എന്നിവ നിറച്ച ഒരു ട്രക്കും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉക്രൈനിലേക്ക് അയക്കുമെന്നും, പാപ്പായുടെ ഉപവിപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന, കർദിനാൾ കോൺറാഡ് ക്രാജേവ്സ്കി പറഞ്ഞു. സഹായങ്ങൾ നൽകുന്ന ഏവർക്കും അദ്ദേഹം നന്ദിയുമർപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
