മധ്യാഹ്ന പ്രാർത്ഥനാവേളയിൽ പാപ്പാ മധ്യാഹ്ന പ്രാർത്ഥനാവേളയിൽ പാപ്പാ  

സമാധാനസംസ്ഥാപനം അടിയന്തിരാവശ്യമാണ്: പാപ്പാ

നാലു വർഷങ്ങളായി തുടരുന്ന, ഉക്രൈൻ യുദ്ധത്തിന്റെ ഭീകരതയെ എടുത്തു പറഞ്ഞുകൊണ്ടും, അതിന്റെ ഇരകളാകുന്നവർ അനുഭവിക്കുന്ന വേദനയെ ചൂണ്ടിക്കാണിച്ചുകൊണ്ടും, വെടിനിർത്തലിനുള്ള ആഹ്വാനം ലിയോ പതിനാലാമൻ പാപ്പാ നൽകി. ഫെബ്രുവരി മാസം ഇരുപത്തിരണ്ടാം തീയതി വത്തിക്കാനിൽ നയിച്ച മധ്യാഹ്നപ്രാർത്ഥനയ്ക്കു ശേഷമാണ് പാപ്പാ ഇക്കാര്യം എടുത്തുപറഞ്ഞത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഉക്രൈനെതിരായ യുദ്ധം ആരംഭിച്ച് നാല് വർഷങ്ങൾക്ക് ശേഷവും, നാടകീയമായി തുടരുന്ന ജീവിതാവസ്ഥകളെ എടുത്തു പറഞ്ഞുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ സമാധാനത്തിനായുള്ള തന്റെ ആഹ്വാനം പുതുക്കി. "എത്രയോ  ഇരകൾ, എത്രയോ  ജീവിതങ്ങളും കുടുംബങ്ങളും തകർന്നു! എത്രയോ  നാശം! എത്രയോ  പറഞ്ഞറിയിക്കാനാവാത്ത കഷ്ടപ്പാടുകൾ..." ഈ വാക്കുകളോടെയാണ്, ഫെബ്രുവരി മാസം ഇരുപത്തിരണ്ടാം തീയതി വത്തിക്കാനിൽ നയിച്ച മധ്യാഹ്നപ്രാർത്ഥനയ്ക്കു ശേഷം പാപ്പാ യുദ്ധത്തിന്റെ ഭീകരതയെ എടുത്തു കാണിച്ചത്.

"വാസ്തവത്തിൽ, ഓരോ യുദ്ധവും മുഴുവൻ മനുഷ്യ കുടുംബത്തിനും ഏൽപ്പിക്കുന്ന മുറിവാണ്: അത് മരണവും നാശവും തലമുറകളെ അടയാളപ്പെടുത്തുന്ന വേദനയുടെ ഒരു പാത മാത്രമാണ്  അവശേഷിപ്പിക്കുന്നത്", പാപ്പാ പറഞ്ഞു. തുടർന്ന് സമാധാനത്തിനു വേണ്ടിയുള്ള അഭ്യർത്ഥനകളും പാപ്പാ നടത്തി. സമാധാനം ഒരു അടിയന്തിരമായ ആവശ്യമാണെന്നും, അതിനു ഹൃദയങ്ങളിൽ ഇടം കണ്ടെത്തുകയും ഉത്തരവാദിത്തമുള്ള തീരുമാനങ്ങളിലേക്ക് വിവർത്തനം ചെയ്യുകയും വേണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

ആയുധങ്ങളെ നിശബ്ദമാക്കുവാനും, ബോംബ് സ്ഫോടനങ്ങൾ അവസാനിപ്പിക്കുവാനും, കാലതാമസമില്ലാതെ വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്തുവാനും, അപ്രകാരം, സമാധാനത്തിലേക്കുള്ള വഴി തുറക്കുന്നതിന് സംഭാഷണം ശക്തിപ്പെടുത്തുവാനും പാപ്പാ അഭ്യർത്ഥിച്ചു. രക്തസാക്ഷികളായ  ഉക്രൈൻ ജനതയെ പരാമർശിച്ച പാപ്പാ, അവർക്കുവേണ്ടിയും, മറ്റു ഇടങ്ങളിലും യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്നവർക്കുവേണ്ടിയും പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഫെബ്രുവരി 2026, 13:54