തിരയുക

ശീതകാല ഒളിമ്പിക്സ് നടക്കുന്ന സ്ഥലം ശീതകാല ഒളിമ്പിക്സ് നടക്കുന്ന സ്ഥലം   (ANSA)

ശീതകാല ഒളിമ്പിക്സ് കായികരംഗത്തിന്റെ ആധികാരിക മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കട്ടെ: പാപ്പാ

ഇറ്റലിയിൽ, നടക്കുന്ന മിലാൻ - കോർട്ടിന 2026 ശീതകാല ഒളിമ്പിക്സ്, പാരാ-ഒളിമ്പിക്സ് മത്സരങ്ങൾക്ക് മുന്നോടിയായി ലിയോ പാപ്പായുടെ ആശംസാ ടെലിഗ്രാം സന്ദേശം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടു കൂടി അയച്ചു. ബോർമിയോയിലെ ഇടവക പള്ളിയിൽ നടന്ന ദിവ്യബലിക്കിടെ കർദ്ദിനാൾ ഓസ്കാർ കന്തോണി വായിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കായിക വിനോദത്തിന്റെ യഥാർത്ഥ മൂല്യങ്ങളായ വിശ്വസ്തത, ബഹുമാനം, സംഘമനോഭാവം, ത്യാഗം, അതുപോലെ സാമൂഹിക സംയോജനം, കൂട്ടായ്‍മയുടെ സന്തോഷം എന്നിവ വളർത്തിയെടുക്കുന്നതിനു, മിലാൻ - കോർട്ടിന 2026 ശീതകാല ഒളിമ്പിക്സിനു സാധിക്കട്ടെയെന്ന ആശംസയോടെ, ലിയോ പതിനാലാമൻ പാപ്പായുടെ ടെലിഗ്രാം സന്ദേശം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടു കൂടി അയച്ചു.

കോമോ രൂപതയുടെ മെത്രാൻ  കർദ്ദിനാൾ ഓസ്കാർ കന്തോണിയെ അഭിസംബോധന ചെയ്ത് അയച്ച സന്ദേശം, ജനുവരി 30 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ബോർമിയോ ഇടവകയിൽ,  മത്സരങ്ങൾക്ക് മുന്നോടിയായി അർപ്പിച്ച ദിവ്യബലിമധ്യേ കർദിനാൾ വായിച്ചു. ദിവ്യബലിയിൽ, യുവ അത്‌ലറ്റുകൾ, അവരുടെ മാനേജർമാർ, പരിശീലകർ, സംഘാടകർ, അതിഥികൾ എന്നിവർ സംബന്ധിച്ചു.

ഒളിമ്പിക്സിന്റെ തയ്യാറെടുപ്പിലും നടത്തിപ്പിലും ഏർപ്പെട്ടിരിക്കുന്ന ബോർമിയോ വികാരിയേറ്റിലെ ജനങ്ങൾക്ക് പാപ്പാ പ്രത്യേകം അഭിനന്ദനങ്ങളും, ആശംസകളും അറിയിച്ചു.

ആളുകളുടെ ആത്മാർത്ഥമായ  സഹകരണത്തെ ആഴത്തിൽ വിലമതിച്ച പാപ്പാ, ഈ കായികമേളയിൽ  ഇടവക സമൂഹങ്ങൾ  തുറന്ന മനസ്സോടെ പങ്കെടുക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. അപ്രകാരം ഉദാരമായ ഒരു ക്രിസ്തീയ സാക്ഷ്യം നൽകാനും, എല്ലാവരെയും സാഹോദര്യത്തിലേക്ക് വിളിക്കുന്ന ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ തിളങ്ങുന്ന അടയാളമായി മാറുവാനും സാധിക്കുമെന്നും അടിവരയിട്ടു പറഞ്ഞു.

ഫെബ്രുവരി 6 മുതൽ 22 വരെയാണ്  മിലാൻ - കോർട്ടിന 2026 ശീതകാല ഒളിമ്പിക്സ് നടക്കുന്നത്. സന്ദേശത്തിൽ പാപ്പാ തന്റെ അപ്പസ്തോലിക ആശീർവാദവും, പ്രാർത്ഥനാശംസകളും നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 ജനുവരി 2026, 13:35