തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

ദൈവഹിതം കൂടുതലായി തേടുക: യുവജനതയോട് ലിയോ പതിനാലാമൻ പാപ്പാ

അമേരിക്കയിലെ വിവിധ നഗരങ്ങളിൽ യുവജനപങ്കാളിത്തത്തോടെ നടക്കുന്ന സീക്ക്26 കോൺഫറൻസിലേക്ക് ലിയോ പതിനാലാമൻ പാപ്പാ വീഡിയോ സന്ദേശമയച്ചു. സാധാരണമായ ഒരു ജീവിതത്തിനുമപ്പുറം ദൈവത്തെ തേടിയ ശിഷ്യന്മാരെപ്പോലെ, അസ്വസ്ഥതയോടെ ദൈവഹിതം തേടാൻ പാപ്പായുടെ ആഹ്വാനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ക്രിസ്തുവിനൊപ്പം പ്രാർത്ഥനയിൽ സമയം ചെലവിടാനും, ദൈവം നമുക്കായി ഒരുക്കിയിരിക്കുന്നവ അംഗീകരിക്കാനും, തേടാനും അമേരിക്കൻ യുവജനങ്ങളെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. സീക്ക്26 (SEEK26) എന്ന പേരിൽ വടക്കേ അമേരിക്കയിലെ കൊളമ്പസ്, ഡെൻവർ, ഫോർട്ട് വർത്ത് എന്നിവിടങ്ങളിൽ നടക്കുന്ന കോൺഫറൻസിലേക്കായി നൽകിയ വീഡിയോ സന്ദേശത്തിലാണ് ഇത്തരമൊരു സന്ദേശം പാപ്പാ മുന്നോട്ടുവച്ചത്.

ക്രിസ്തുമസ് കാലയളവിൽ വായിക്കപ്പെടുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ, "ഹൃദയത്തിൽ ക്രിയാത്മകമായ അസ്വസ്ഥതയോടെ" ദൈവഹിതം തേടുകയും തങ്ങളുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താനായി ശ്രമിക്കുകയും ചെയ്യുന്ന പ്രഥമ ശിഷ്യന്മാരെക്കുറിച്ച് പ്രതിപാദിച്ച പാപ്പാ, അവരുടെ ഹൃദയങ്ങളെ യേശു അറിഞ്ഞിരുന്നുവെന്ന് പ്രസ്താവിച്ചു.

നിങ്ങൾ എന്താണ് അന്വേഷിക്കുന്നത് എന്ന യേശുവിന്റെ ചോദ്യം ഇന്നും അവർത്തിക്കപ്പെടുന്നുണ്ടെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, യഥാർത്ഥ സമാധാനവും ആനന്ദവും നൽകാൻ കഴിവുള്ളവനും, എല്ലാ ഹൃദയങ്ങളിലെയും ആഴമേറിയ ആഗ്രഹങ്ങളെ നിവർത്തിക്കുന്നവനുമായ യേശുക്രിസ്തുവെന്ന വ്യക്തിയിലാണ് ഇതിന്റെ ഉത്തരം നമുക്ക് കണ്ടെത്താനാകുകയെന്ന് പ്രസ്താവിച്ചു.

യേശുവിനെ വ്യക്തിപരമായി അറിയുന്നതിന്റെയും, അവനൊപ്പം സമയം ചിലവഴിക്കുന്നതിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, സീക്ക്26 കോൺഫറൻസ് യുവജനങ്ങൾക്ക് യേശുവുമൊപ്പമുള്ള സമയമായിത്തീരട്ടെയെന്ന് ആശംസിച്ചു. ദൈവം നമുക്കായി തയ്യാറാക്കി മാറ്റിവച്ചിരിക്കുന്നവയെ സ്വീകരിക്കാനുള്ള തുറന്ന മനസ്സോടെ മുന്നോട്ട് പോകാനും, അവനുമൊത്തുള്ള കണ്ടുമുട്ടലിലൂടെ ജീവിതത്തെ പരിവർത്തനത്തിന് തയ്യാറാക്കാനും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.

യുവജനങ്ങൾ മറ്റുള്ളവരുമായി സുവിശേഷസാക്ഷ്യം പങ്കിടുകയും മിഷനറി അഭിനിവേശം കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യവും, ദൈവത്താൽ നയിക്കപ്പെടുന്നതിനായി തങ്ങളെത്തന്നെ വിട്ടുകൊടുക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ തന്റെ സന്ദേശത്തിലൂടെ എടുത്തുപറഞ്ഞു. പരിശുദ്ധ അമ്മ നമ്മെ തന്റെ മകനായ ക്രിസ്തുവിലേക്ക് നയിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

ഇരുപത്തയ്യായിരത്തിലധികം യുവജനങ്ങളാണ് ജനുവരി ഒന്ന് മുതൽ അഞ്ചുവരെ തീയതികളിലായി, അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സീക്ക്26 കോൺഫറൻസിൽ പങ്കെടുക്കുന്നത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ജനുവരി 2026, 13:41