തനിക്കും തന്റെ സഹകാരികൾക്കും വത്തിക്കാനിലെത്തുന്ന തീർത്ഥാടകർക്കും ഇറ്റലിയിലെ പോലീസ് സേന നൽകുന്ന സുരക്ഷയ്ക്ക് നന്ദി പറഞ്ഞ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കഴിഞ്ഞ വർഷത്തിൽ പ്രത്യാശയുടെ ജൂബിലി വർഷവുമായി ബന്ധപ്പെട്ട് റോമിലെത്തിയ മൂന്ന് കോടി മുപ്പത് ലക്ഷത്തിലധികം തീർത്ഥാടകർക്കുൾപ്പെടെ, തനിക്കും തന്റെ സഹകാരികൾക്കും വത്തിക്കാനിലേക്കുളള ഇറ്റലിയിലെ പോലീസ് സേനയുടെ ഇൻസ്പെക്ടറേറ്റ് നൽകിയ സുരക്ഷയ്ക്കും സേവനങ്ങൾക്കും നന്ദി പറഞ്ഞ് ലിയോ പതിനാലാമൻ പാപ്പാ. എല്ലാ വർഷങ്ങളിലുമുള്ള പതിവ് പോലെ, ഈ ഓഫീസിൽ സേവനമനുഷ്ഠിക്കുന്ന പോലീസ് സേനയുടെ ഡെപ്യൂട്ടി ചീഫ്, പ്രീഫെക്ട്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘത്തിന് ജനുവരി 19 തിങ്കളാഴ്ച രാവിലെ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, പരിശുദ്ധ സിംഹാസനത്തിന് ഇറ്റലിയിലെ പോലീസ് സേന നൽകുന്ന സേവനങ്ങൾ പാപ്പാ അനുസ്മരിച്ചത്.
മൂന്ന് കോടി മുപ്പത് ലക്ഷത്തിലധികം തീർത്ഥാടകർ എത്തിയ 2025-ലെ പ്രത്യാശയുടെ ജൂബിലി, ഫ്രാൻസിസ് പാപ്പായുടെ മരണവും മൃതസംസ്കാരവും, പുതിയ പാപ്പായെ തിരഞ്ഞെടുക്കാനായി നടത്തിയ കോൺക്ലേവ് തുടങ്ങി കഴിഞ്ഞ വർഷം ഏറെ പ്രധാനപ്പെട്ടതും തിരക്കുപിടിച്ചതുമായ സംഭവങ്ങൾ ഉണ്ടായിരുന്നുവെന്നും, അവയ്‌ക്കെല്ലാം ഇറ്റലിയിലെ പോലീസ് സേന സ്തുത്യർഹമായ സേവനമാണ് ചെയ്തതെന്നും പാപ്പാ പ്രസ്താവിച്ചു.
കൂടുതലായ ജോലിയും തിരക്കുകളും മൂലം ഉണ്ടാകുന്ന കടുത്ത മാനസികസംഘർഷത്തിന്റെയും, സമയക്കുറവിന്റെയും ഇടയിൽ നിങ്ങൾ ആയിരുന്നപ്പോൾ, അവയോട് പൊരുത്തപ്പെടുകയും സഹിക്കുകയും ചെയ്ത നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഞാൻ നന്ദി പറയുന്നുവെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.
സുരക്ഷിതത്വവും ശരിയായ ക്രമവും ഉറപ്പുനൽകുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ ത്യാഗവും അദ്ധ്വാനവും ആവശ്യപ്പെടുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, എന്നാൽ അത് പൊതുനന്മയ്ക്ക് ഉപകാരപ്രദമാണെന്ന് പ്രസ്താവിച്ചു. പ്രാർത്ഥനയ്ക്ക് പോലും വലിയൊരു സഹായമാണ് സുരക്ഷിതമായ അന്തരീക്ഷമെന്ന് പാപ്പാ വിശദീകരിച്ചു.
നിങ്ങൾ ഉറപ്പാക്കുന്ന അച്ചടക്കവും ശാന്തതയും, സമാധാനപൂർണമായ സാമൂഹികജീവിതത്തിന്റെ അടിസ്ഥാനമാണെന്ന്, ബെനഡിക്ട് പാപ്പാ പോലീസ് സേനയെ അഭിവാദ്യം ചെയ്തുകൊണ്ട് 2013-ൽ പറഞ്ഞ വാക്കുകൾ ലിയോ പതിനാലാമൻ പാപ്പാ അവർത്തിച്ചു.
വത്തിക്കാനിലെ ക്ലെമന്റൈൻ ശാലയിൽ രാവിലെ പതിനൊന്നേകാലിനായിരുന്നു ലിയോ പതിനാലാമൻ പാപ്പായും വത്തിക്കാനിൽ സേവനമനുഷ്ഠിക്കുന്ന ഇറ്റലിയിലെ പോലീസ് വിഭാഗവും തമ്മിലുള്ള വാർഷിക കൂടിക്കാഴ്ച.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
