സഭയുടെ ജീവിതത്തിൽ ദരിദ്രരെ വിസ്മരിക്കുന്നത് അസാധ്യമാണ്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഗോതിക് ശൈലിയുടെ അദ്വിതീയകൃതിയായി കണക്കാക്കപ്പെടുന്ന, തൊളേദോ കത്തീഡ്രൽ ഉദ്‌ഘാടനത്തിന്റെ 800-ാം വാർഷികത്തോടനുബന്ധിച്ച്, ലിയോ പതിനാലാമൻ പാപ്പാ തന്റെ സന്ദേശം കൈമാറി. ഈ ജൂബിലി വർഷം, കൃപയുടെയും ക്ഷമയുടെയും കാരുണ്യത്തിന്റെയും സമയമാകട്ടെയെന്നു പാപ്പാ പ്രത്യേകം ആശംസിച്ചു. 1226-ലാണ് കത്തീഡ്രലിന്റെ നിർമ്മാണത്തിന്റെ ആരംഭം കുറിച്ചത്. സ്പെയിൻ, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവയുടെ ചരിത്രത്തിന് തൊളേദോ സഭ നൽകിയ സേവനങ്ങൾക്കുള്ള, കൃതജ്ഞതയുടെ വർഷമാണിതെന്നും പാപ്പാ എടുത്തു പറഞ്ഞു.
നൂറ്റാണ്ടുകളായി, കലാചരിത്രത്തിലൂടെ അനശ്വരമാക്കപ്പെട്ട നിരവധി സംഭവങ്ങൾക്ക് കത്തീഡ്രൽ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നു പറഞ്ഞ പാപ്പാ, കത്തീഡ്രലിൽ നടക്കുന്ന ഹിസ്പാനോ-മൊസറാബിക് ആരാധനക്രമത്തിന്റെ മൂല്യം അടിവരയിട്ടു. "ജീവനുള്ള കല്ലുകൾ പോലെ", "നൂറ്റാണ്ടുകളായി പത്രോസിന്റെ സിംഹാസനവുമായുള്ള വിശ്വാസത്തെയും കൂട്ടായ്മയെയും കാത്തുസൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്ത" വിശ്വാസികൾക്കും, "ഇന്ന് നമ്മുടെ സമൂഹത്തിൽ ഉയർന്നുവരുന്ന പുതിയ ദാരിദ്ര്യ രൂപങ്ങളോട് സംവേദനക്ഷമതയോടെ കത്തീഡ്രൽ നടത്തുന്ന "ദാനധർമ്മ-സാമൂഹിക പ്രവർത്തനങ്ങൾക്കും" പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചു.
സഭയുടെ ജീവിതത്തിൽ ദരിദ്രരെ വിസ്മരിക്കുന്നത് അസാധ്യമാണെന്നും, അതിനാൽ കാരുണ്യപ്രവർത്തനങ്ങളുമായി മുൻപോട്ടു പോകുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. കൃപയുടെയും നവീകരണത്തിന്റെയും ഈ സമയത്ത് തൊളേദോയിലെ സഭയ്ക്കുവേണ്ടിയുള്ള തന്റെ പ്രാർത്ഥനകൾ പാപ്പാ ഉറപ്പുനൽകുകയും, പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
