തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ 

വചനം നമ്മുടെ പ്രാർത്ഥനാജീവിതത്തെ നയിക്കാനായി പാപ്പായ്ക്കൊപ്പം പ്രാർത്ഥിക്കാം: ജനുവരി മാസത്തിലേക്കുള്ള പ്രാർത്ഥനാ നിയോഗം

"ദൈവവചനം നമ്മുടെ പ്രാർത്ഥനാജീവിതത്തെ നയിക്കാൻ വേണ്ടിയും, ആഗോളസഭയെന്ന നിലയിൽ, പരിശുദ്ധ പിതാവിന്റെ നിയോഗങ്ങളോട് ചേർന്ന് ഒരുമിച്ച് സഞ്ചരിക്കാൻ നമ്മെ സഹായിക്കാൻ വേണ്ടിയും പ്രാർത്ഥിക്കാം" എന്ന തലക്കെട്ടോടെ, ജനുവരി മാസത്തിലേക്കുള്ള പരിശുദ്ധ പിതാവിന്റെ പ്രാർത്ഥനാ നിയോഗം ജനുവരി ഏഴാം തീയതി പങ്കുവയ്‌ക്കപ്പെട്ടു. ദൈവവചനമുപയോഗിച്ചുള്ള പ്രാർത്ഥനയുടെ പ്രാധാന്യവും ഈ നിയോഗം എടുത്തുപറയുന്നുണ്ട്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പ്രാർത്ഥനാജീവിതത്തിൽ തിരുവചനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടിയും, വചനത്താൽ നയിക്കപ്പെട്ടുള്ള വിശ്വാസജീവിതത്തിനായി പരിശുദ്ധ പിതാവിനൊപ്പം പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌തുമുള്ള, ജനുവരി മാസത്തിലേക്കുള്ള പരിശുദ്ധ പിതാവിന്റെ പ്രാർത്ഥനാ നിയോഗം പങ്കുവയ്ക്കപ്പെട്ടു. ജനുവരി ഏഴാം തീയതിയാണ്, ദൈവവചനമുപയോഗിച്ചുള്ള പ്രാർത്ഥനയ്ക്കായി ക്ഷണിക്കുന്ന ഈ നിയോഗം പരിശുദ്ധ സിംഹാസനം പുറത്തുവിട്ടത്.

കഴിഞ്ഞ മാസങ്ങളിലേക്കുള്ള പ്രാർത്ഥനാനിയോഗങ്ങൾ അവതരിപ്പിക്കപ്പെട്ടതിന് സമാനമായി, പരിശുദ്ധ പിതാവിന്റെ വീഡിയോ ഉൾപ്പെടുത്തി കാവ്യരൂപത്തിലുള്ള ഒരു പ്രാർത്ഥന പങ്കുവച്ചുകൊണ്ടാണ് ലിയോ പതിനാലാമൻ പാപ്പായുടെ ഈ വർഷത്തിന്റെ ആദ്യ മാസത്തിലേക്കുള്ള പ്രാർത്ഥനാനിയോഗവും പങ്കുവയ്ക്കപ്പെട്ടത്.

ഈ പ്രാർത്ഥന ഇപ്രകാരമാണ്.

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ.

 

പിതാവിന്റെ ജീവിക്കുന്ന വചനമായ

കർത്താവായ യേശുവെ,

നിന്നിൽ, ഞങ്ങളുടെ കാൽച്ചുവടുകളെ നയിക്കുന്ന

പ്രകാശം ഞങ്ങൾ കാണുന്നു.

 

അർത്ഥത്തിനായുള്ള ദാഹത്തോടെ

മനുഷ്യഹൃദയം അസ്വസ്ഥത ജീവിക്കുന്നുവെന്ന് ഞങ്ങൾ അറിയുന്നു

നിന്റെ സുവിശേഷത്തിന് മാത്രമേ അതിന്

വിശ്രമവും പൂർണ്ണതയും നൽകാനാവൂ.

 

നിന്റെ ഹൃദയത്തിനരികിലായിരുന്നുകൊണ്ട്,

തിരുവചനത്തിലൂടെ അനുദിനം നിന്നെ ശ്രവിക്കാനും,

നിന്റെ സ്വരത്താൽ പരിശോധിക്കപ്പെടാനും

ഞങ്ങളുടെ തീരുമാനങ്ങളെ വിവേചനം ചെയ്യാനും

ഞങ്ങളെ പഠിപ്പിക്കുക

 

നിന്റെ വചനം ക്ഷീണത്തിൽ പോഷണവും

അന്ധകാരത്തിൽ പ്രത്യാശയും

ഞങ്ങളുടെ സമൂഹങ്ങളിൽ ശക്തിയുമാകട്ടെ.

 

ഞങ്ങളെ മക്കളും സഹോദരങ്ങളും

ശിഷ്യരും നിന്റെ രാജ്യത്തിന്റെ മിഷനറിമാരുമാക്കുന്ന നിന്റെ വചനം

കർത്താവേ ഞങ്ങളുടെ അധരങ്ങളിലും

ഹൃദയത്തിലും നിന്ന് അപ്രത്യക്ഷമാകാതിരിക്കട്ടെ.

 

ഓരോ വ്യക്തിയിലും പുതുലോകത്തെക്കുറിച്ചുള്ള പ്രത്യാശ പുനർജ്ജനിക്കാൻവേണ്ടി

ഞങ്ങളെ, വചനം കൊണ്ട് പ്രാർത്ഥിക്കുകയും, അതിന്മേൽ പണിയപ്പെടുകയും

സന്തോഷത്തോടെ അത് പങ്കുവയ്ക്കുകയും ചെയ്യുന്ന ഒരു സഭയാക്കുക

 

നിന്റെ വചനത്തിലൂടെ നീയുമായുള്ള കണ്ടുമുട്ടലിലൂടെ

മറ്റുള്ളവരെ കണ്ടുമുട്ടാൻ വേണ്ടി യാത്രയാകാനും

കൂടുതൽ ദുർബലരായവരെ ശുശ്രൂഷിക്കാനും,

ക്ഷമിക്കാനും, പാലങ്ങൾ പണിയാനും,

ജീവൻ അറിയിക്കാനും ഹൃദയത്തിൽ ഞങ്ങളെ പ്രേരിപ്പിക്കുന്നതിലൂടെ

ഞങ്ങളുടെ വിശ്വാസം പക്വത പ്രാപിക്കട്ടെ.

 

ആമേൻ.

പാപ്പായ്‌ക്കൊപ്പം പ്രാർത്ഥിക്കുക: പുതിയ പ്രാർത്ഥനാ ക്യാമ്പയിൻ

പൗളോ റുഫീനി
പൗളോ റുഫീനി

ജനുവരി ഏഴാം തീയതി ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിക്ക്, പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസിൽ വച്ച് നടന്ന പ്രത്യേക ഒരു സമ്മേളനത്തിൽ "പാപ്പായുടെ ആഗോള പ്രാർത്ഥനാ ശൃംഖല", പാപ്പായ്‌ക്കൊപ്പം പ്രാർത്ഥിക്കുക എന്ന പേരിൽ ഒരു ക്യാമ്പെയ്ൻ അവതരിപ്പിക്കപ്പെട്ടു. ചടങ്ങിൽ ആശയവിനിമയ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്ടറി അദ്ധ്യക്ഷൻ പൗളോ റുഫീനി, "പരിശുദ്ധ പിതാവിന്റെ ആഗോള പ്രാർത്ഥനാ ശൃംഖലയുടെ അന്താരാഷ്ട്ര ഡയറക്ടർ ഫാ. ക്രിസ്റ്റോബാൾ ഫോണെസ് എന്നിവർ സംസാരിച്ചു.

പത്രസമ്മേളനത്തിൽ ഇന്തോനേഷ്യയിൽനിന്നുള്ള സ്റ്റെല്ല വാനിയയും, ഐവറി കോസ്റ്റിലെ കേദി ഓഗൂ മരിയാൻ ഈനെസും അവതരിപ്പിച്ച രണ്ടു വീഡിയോകളും പ്രദർശിപ്പിക്കപ്പെട്ടു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ജനുവരി 2026, 13:56