പാരമ്പര്യം മാത്രമല്ല, സഭയിലാണെന്ന തിരിച്ചറിവും പ്രധാനപ്പെട്ടത്: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മതബോധനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടിയും, പാരമ്പര്യത്തിന്റെയും ശീലത്തിന്റെയും പേരിൽ മാത്രം ക്രൈസ്തവരാകാതെ, ക്രിസ്തുവിന്റെ ജീവിക്കുന്ന ശരീരമാകുന്ന സഭയിൽ അംഗങ്ങളാണെന്ന തിരിച്ചറിവോടെ ജീവിക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കിയും ലിയോ പതിനാലാമൻ പാപ്പാ. "വിശുദ്ധ പത്രോസിന്റെ ചത്വരം" എന്ന മാസികയിൽ, വായനക്കാരുടെ കത്തുകൾക്കുള്ള മറുപടി നൽകുന്നതിന്റെ ഭാഗമായാണ്, സജീവമായ വിശ്വാസജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിശുദ്ധ പിതാവ് ഉദ്ബോധിപ്പിച്ചത്.
താൻ, വിശ്വാസത്തിന്റെ വിത്തുകൾ വിതയ്ക്കുമ്പോഴും, അതിന്റെ ചെടികൾ വളരാൻ ബുദ്ധിമുട്ടുന്നുവെന്നും, കുട്ടികളും കുടുംബങ്ങളും സ്പോർട്സും ആഘോഷങ്ങളുമാണ് കൂടുതൽ തിരഞ്ഞെടുക്കുന്നതെന്നും എഴുതിയ സ്വിറ്റസർലണ്ടിൽനിന്നുള്ള നൂൺസിയ എന്ന മതബോധാനാദ്ധ്യാപികയുടെ കത്തിന് മറുപടി നൽകിയ പാപ്പാ, വിശ്വാസികളുടെ എണ്ണം അപ്രധാനമല്ലെങ്കിലും, തങ്ങൾ സഭയുടെ ഭാഗമാണെന്ന തിരിച്ചറിവാണ് കൂടുതൽ പ്രധാനപ്പെട്ടതെന്ന് എഴുതി.
നൂൺസിയ എന്ന മതാദ്ധ്യാപിക ഉയർത്തുന്ന ചോദ്യവും സംശയവും, അതിന് പിന്നിലെ യാഥാർത്ഥ്യവും പുരാതനക്രൈസ്തവപരമ്പര്യമുള്ള മറ്റു രാജ്യങ്ങളിലും വ്യത്യസ്തമല്ലെന്നും പാപ്പാ ഓർമ്മപ്പിച്ചു. മതബോധന ക്ലാസുകളിൽ പങ്കെടുക്കുന്നവർ കുറവാണെങ്കിലും, മതാദ്ധ്യാപനത്തിന് വേണ്ടി ചിലവഴിക്കുന്ന മണിക്കൂറുകൾ ഒരിക്കലും പാഴാക്കിക്കളഞ്ഞ സമയമല്ലെന്നും പാപ്പാ പ്രസ്താവിച്ചു.
വിശുദ്ധമായവയുടെയും, കൂദാശകളുടെയും വെറും സ്വീകർത്താക്കൾ എന്ന നിലയിലോ, ശീലം കൊണ്ടോ മാത്രമോ വിശ്വാസികളായി തുടരുന്നതിലെ അപാകത പാപ്പാ പ്രത്യേകം ചൂണ്ടിക്കാട്ടി. ക്രൈസ്തവർ എന്ന നിലയിൽ നമുക്കേവർക്കും പരിവർത്തനത്തിന്റെ ആവശ്യമുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇത് സഭയിലെ അംഗങ്ങളെന്ന നിലയിൽ നാം ഒരുമിച്ച് തേടേണ്ടതുണ്ട്. വിശ്വാസത്തിന്റെ യഥാർത്ഥ വാതിൽ എല്ലായ്‌പ്പോഴും നമുക്കായി തുറന്നിരിക്കുന്ന ക്രിസ്തുവിന്റെ ഹൃദയമാണെന്നും പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു.
വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ ചിന്തകളെ അടിസ്ഥാനമാക്കി, ക്രിസ്തുവിന്റെ സുവിശേഷം നൽകുന്ന ആനന്ദത്തിന്റെയും, പുതുജീവിതത്തിന്റെയും പുനരുത്ഥാനത്തിന്റെയും സാക്ഷ്യമേകാനും ക്ഷണിച്ചുകൊണ്ടാണ് പാപ്പാ തന്റെ മറുപടി അവസാനിപ്പിച്ചത്.
സമാധാനവുമായി ബന്ധപ്പെട്ട ചിന്തകളാണ് ഇത്തവണത്തെ "വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുള്ളത്" ഐക്യരഷ്ട്രസഭാ സെക്രെട്ടറി ജനറൽ അന്തോണിയോ ഗുത്തേരെസ് സമാധാനവുമാണ് ബന്ധപ്പെട്ട് പങ്കുവയ്ക്കുന്ന ചിന്തകൾ, പ്രത്യാശയുടെ ജൂബിലി വർഷത്തിന്റെ അവസാനം, ക്രൈസ്തവികതയുടെ കേന്ദ്രത്തിൽനിന്ന്, വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽനിന്നുയരുന്ന സമാധാനത്തിനായുള്ള നിലവിളി തുടങ്ങിയവയാണ് ജനുവരി മാസത്തിലെ മാസികയിലുള്ളത്. ഫാ. എൻസോ ഫൊർത്തുണാത്തോയാണ് ഈ മാസികയുടെ എഡിറ്റിങ് നിർവ്വഹിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
