മേരി മേജർ ബസലിക്കയിലെ കർദ്ദിനാൾ അർച്ച്പ്രീസ്റ്റിന്റെ വികാരിയായി ബിഷപ് അലി ഹെറേറ നിയമിതനായി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
റോമിലെ മേരി മേജർ ബസലിക്കയിലെ ആർച്ച് പ്രീസ്റ് കർദ്ദിനാൾ റൊളാന്താസ് മക്റിസ്കാസിന്റെ വികാരിയായി ബിഷപ് ലൂയിസ് മാനുവൽ അലീ ഹെറേറ (H.E. Luis Manuel Alí Herrera) നിയമിതനായി. ജനുവരി 15 വ്യാഴാഴ്ചയാണ് ലിയോ പതിനാലാമൻ പാപ്പാ ബിഷപ് അലി ഹെറേറയ്ക്ക് മേരി മേജർ ബസലിക്കയിൽ ഈ പുതിയ നിയമനം കൂടി നൽകിയത്.
പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ സെക്രെട്ടറിയായി സേവനം ചെയ്‌തുവരികയാണ്, തെക്കേ അമേരിക്കയിലെ കൊളംബിയയിൽനിന്നുള്ള ബിഷപ് അലി ഹെറേറ. ആർച്ച്ബിഷപ് തിബോൾട് വെർനിയാണ് ഈ കമ്മീഷന്റെ പ്രസിഡന്റ്.
1967 മെയ് 2-ന് ജനിച്ച്, 1992 നവംബർ 28-ന് പുരോഹിതനായ അദ്ദേഹം 2015 നവംബർ 7-ന് ബൊഗോത്ത രൂപതയുടെ സഹായമെത്രാനായി നിയമിതനാവുകയും, ഡിസംബർ 12-ന് മെത്രാനായി അഭിഷിക്തനാവുകയും ചെയ്തു. 2021 ജൂലൈ 4-ന് കൊളംബിയൻ മെത്രാൻസമിതിയുടെ ജനറൽ സെക്രെട്ടറിയായി ബിഷപ് അലി ഹെറേറ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നും ദൈവശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും ലൈസൻഷ്യേറ്റ് നേടിയിട്ടുണ്ട്.
2024 മാർച്ച് 15-ന് ഫ്രാൻസിസ് പാപ്പായാണ് ബിഷപ് ഹെറേറയെ പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ സെക്രെട്ടറിയായി നിയമിച്ചത്. 2025 ഓഗസ്റ്റ് 28-ന് ലിയോ പതിനാലാമൻ പാപ്പാ അദ്ദേഹത്തെ വൈദികർക്കുവേണ്ടിയുളള ഡികാസ്റ്ററിയുടെ അംഗമായും നിയമിച്ചിരുന്നു.
ഫ്രാൻസിസ് പാപ്പായുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്യപ്പെട്ടിരിക്കുന്നത്, മേരി മേജർ ബസലിക്കയിലാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
